Saturday, April 27, 2013

തണൽ തേടുന്നവൾ

മോർണിംങ് ഷിഫ്റ്റ് കഴിഞ്ഞ് യൂണിഫോം മാറാനായി ഡ്രസ് ചെയ്ഞ്ചിംങ് റൂമിലേക്ക് പോകാനായി ലിഫ്റ്റിൽ നിൽക്കുമ്പോഴാണ് ഫോണിന്റെ വൈബ്രേഷൻ അറിഞ്ഞത്. സൈലന്റ് മോഡിൽ കിടന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ പപ്പയുടെ ഫോണിൽ നിന്ന് നിന്ന് പന്ത്രണ്ട് മിസ്ഡ് കോൾ. എന്തെങ്കിലും ആവശ്യമില്ലാതെ പപ്പ ഇങ്ങനെ വിളിക്കില്ല. ഡ്യൂട്ടി സമയത്ത് ഫോണ് അറ്റൻഡ് ചെയ്യാൻ പെർമിഷൻ ഇല്ലാത്തതുകൊണ്ട് ഫോൺ സൈലന്റ് മോഡിലാക്കി യൂണിഫോമിന്റെ കോട്ടിന്റെ പോക്കറ്റിൽ ഇടുന്നതാണ് പതിവ്. സാധാരണ ഇടയ്ക്കെപ്പോഴെങ്കിലും ചായ കുടിക്കാൻ അല്പം സമയം കിട്ടുമ്പോൾ ഫോൺ എടുത്ത് നോക്കാറുള്ളതാണ്. ഇന്നാണങ്കിൽ ചായ കുടിക്കാനും സമയം കിട്ടിയില്ല.എല്ലാ ബെഡിലും പേഷ്യന്റ് ഉണ്ടായിരുന്നു. അവൾ ലിഫ്റ്റിൽ നിന്നിറങ്ങിയ ഉടനെ തിരിച്ച് ഫോൺ ചെയ്തു. ഫോൺ എടുത്തത് അമ്മ. എടുത്ത ഉടനെ അമ്മയുയ്ടെ ചോദ്യം

"നീ എവിടെ പോയി കിടക്കുകയായിരുന്നു.."

"ഞാൻ ഡ്യൂട്ടിയിലായിരുന്നു അമ്മേ.."

അമ്മയുടെ ശബ്ദ്ദത്തിലെ പതർച്ച അവൾ തിരിച്ചറിഞ്ഞിരുന്നു

"എന്തിനാ അമ്മേ വിളിച്ചത്?"

അപ്പുറത്ത് നിന്ന് നിശബ്ദ്ദത കൂടിയപ്പോൾ അവൾ വീണ്ടും ചോദിച്ചു

"എന്തുപറ്റി?"

"പപ്പയ്ക്ക് അസുഖം കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ. ഐ.സി.യു.വിലാ. നിനക്കൊന്ന് വരാൻ പറ്റുമോ?പപ്പായ്ക്ക് നിന്നെ കാണണമെന്ന് പറഞ്ഞു".

"ലീവ് കിട്ടുമോന്ന് അറിയില്ലാ അമ്മാ...ഇപ്പോ സ്റ്റാഫ് ഷോട്ടേജും ഉണ്ട്..ഞാനൊന്ന് ചോദിക്കട്ട്..ഞാനൊരു അരമണീക്കൂർ കഴിഞ്ഞ് തിരിച്ചു വിളിക്കാം"അവൾ പറഞ്ഞു.

"എങ്ങെനെയെങ്കിലും വരാൻ നോക്ക് മോളേ" അമ്മ ഫോൺ വെച്ചു

അവൾ യൂണീഫോം മാറാതെ വീണ്ടും ലിഫിറ്റിൽ കയറി തന്റെ വാർഡിലേക്ക് പോയി.

വാർഡിലെ ഡ്രഗ് പ്രിപ്പറേഷൻ ടേബളിലെ ടെബിളിൽ നിന്ന് ലീവ് ഫോം എടുത്ത് അവൾ പൂരിപ്പിച്ചു. ലീവ് ഫോം എടുക്കുമ്പോൾ തന്നെ പലരും ശ്രദ്ധിക്കുന്നത് അവൾ അറിഞ്ഞു.  ഈവനിംങ് ഷിഫ്റ്റിലുള്ള ടീം ലീഡറോട് കാര്യം പറഞ്ഞു. വാർഡ് ഇന്‍ചാർജിനോട് ചോദിക്കൂ എന്ന് എന്ന് പറഞ്ഞ് ടീം ലീഡർ മാറി. ഇന്‍ചാർജിനോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരായിരം പരാതികൾ. ഇവിടേ സ്റ്റാഫ് ഷോട്ടേജ് ഉള്ളത് തനിക്കറിഞ്ഞുകൂടേ, എല്ലാവരും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോയാൽ ഞാൻ എങ്ങനെ ഉള്ള സ്റ്റാഫിനെ കൊണ്ട് വാർഡിലെ ഡ്യൂട്ടി ചെയ്യിക്കും. ഇടയ്ക്കിടയ്ക്ക് ലീവ് എടുക്കാനാണങ്കിൽ നാട്ടിൽ തന്നെ നിന്നാൽ പോരേ... എന്നൊക്കെയുള്ള ചോദ്യങ്ങൾ..

"മാം..പപ്പ ഐസിയുവിൽ ആയതുകൊണ്ടാ ലീവ് ചോദിക്കുന്നത്?" അവൾ പറഞ്ഞു.

"നിങ്ങളിങ്ങനെ പെഴ്സണൽ മാറ്റർ പറഞ്ഞ് ലീവ് എടുത്താൽ ഈ ഹോസ്പിറ്റിലിന്റെ കാര്യം എന്താവും... ഏതായാലും എനിക്ക് ലീവ് തരാൻ ബുദ്ധിമുട്ടാ.ഇയാളു സൂപ്രണ്ടിനോട് തന്നെ പോയി ചോദിച്ചോളു..." ഇന്‍ചാർജ് ലീവ് ഫോം തിരികെ കൊടുത്തു.

അവൾ യൂണിഫോം മാറാതെ തന്നെ നെഴ്സിംങ് സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നു. ഇന്‍ചാർജ് സൂപ്രണ്ടിനെ വിളിച്ച് സ്റ്റാഫ് ലീവ് ചോദിച്ചന്നും അങ്ങോട്ടേക്ക് വിട്ടിട്ടൂണ്ടന്നും വിളിച്ചു പറഞ്ഞിട്ടുണ്ടാവും. പതിനഞ്ച് മിനിട്ട് കാത്തിരുന്നിട്ടാണ് സൂപ്രണ്ടിനെ കാണാൻ പറ്റിയത്... സൂപ്രണ്ടിനോട് എല്ലാം പറഞ്ഞ് കഴിഞ്ഞ ഉടനെ അവർ പറഞ്ഞു

"ഉടനെ ലീവ് തരാൻ ബുദ്ധിമുട്ടാ"

"മാഡം, പപ്പ ഐസിയു വിലാ..."

"അത്രവലിയ അസുഖം ഒന്നും ഇല്ലങ്കിലും പേഷ്യന്റിനെ ഐസിയുവിലേക്ക് മാറ്റുമെന്ന് തനിക്കറിയില്ലേ. ഐസിയുവിൽ കിടക്കുന്ന ആളിന്റെ അടുത്തേക്ക് ഇപ്പോൽ ചെന്നിട്ടും കാര്യമില്ലല്ലോ..ഐസിയുവിൽ ആണങ്കിൽ നെഴ്സുമാരും ഡോക്‌ടർമാരും ഉണ്ടല്ലോ. ഔട്ട്സൈഡിൽ നിന്ന് ആരയും അവിടെ നിർത്തത്തും ഇല്ലല്ലോ?"

"പപ്പയും മമ്മിയും മാത്രമേ ഉള്ളൂ വീട്ടിൽ. പപ്പ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ ഒറ്റയ്ക്കാണ്." അവൾ പറഞ്ഞു.

"അമ്മ ഒറ്റയ്ക്കാണങ്കിൽ പിന്നെ എന്തിനാണ് ജോലിക്കെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത്. അവിടെ തന്നെ അപ്പനെയും അമ്മയെയും നോക്കി നിന്നാൽ പോരായിരുന്നോ? ഏതായാലും പതിനഞ്ച് ദിവസം ലീവ് തരാനൊന്നും പറ്റില്ല". സൂപ്രണ്ട് പറഞ്ഞു.

അവൾക്ക് കരച്ചിൽ വന്ന് തുടങ്ങിയിരുന്നു. മനുഷ്യപറ്റില്ലാത്തവർ. അവൾ മനസിൽ പറഞ്ഞു.

"ഒരു കാര്യം ചെയ്യൂ.. പപ്പ ഹോസ്പിറ്റലിൽ അഡ്മിറ്റാണന്ന് പറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് ഒരു ലെറ്റർ വാന്ങി ഫാക്സ് ചെയ്ത് തരാൻ പറയൂ.." സൂപ്രണ്ട് പറഞ്ഞു.

അവൾ ഉടൻ തന്നെ പുറത്തിറങ്ങി അമ്മയെ വിളിച്ച് ആശുപത്രിയിൽ നിന്ന് ഒരു ലെറ്റർ വാന്ങി ഫാക്സ് ചെയ്യാൻ പറഞ്ഞു. ഫാക്സ് അയിച്ചിട്ടുണ്ടന്ന് പറഞ്ഞ് പതിനഞ്ച് മിനിട്ടിനിള്ളിൽ  അമ്മ തിരിച്ചു വിളിച്ചു. അവൾ വീണ്ടും സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. സൂപ്രണ്ട് ഫാക്സ് കൈയ്യിൽ പിടിച്ച് ഇരിക്കുകയാണ്.

"ഡയബ്റ്റിക്സ് കൂടിയതിനല്ലേ ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അതൊക്കെ സാധാരണ അസുഖമല്ലേ. അതിനിങ്ങനെ ലീവ് വാന്ങി പോകേണ്ട കാര്യം ഒന്നും ഇല്ലല്ലോ?" സൂപ്രണ്ട് പറഞ്ഞ്.

അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു.

"മാഡം. എന്റെ പപ്പയാ ഐസിയുവിൽ കിടക്കുന്നത്. എനിക്കേതായാലും പോയാലേ പറ്റൂ.മാഡം ലീവ് തന്നില്ലങ്കിൽ ഞാൻ റിസൈൻ ലെറ്റർ തന്നിട്ട് പൊയ്ക്കോളാം" അവൾ പറഞ്ഞു.

"പത്ത് ദിവസം വേണമെങ്കിൽ ലീവ് തരാം. പത്തു ദിവസത്തിൽ കൂടുതൽ ലീവ് തരാൻ പറ്റില്ല. പത്ത് ദിവസം കഴിഞ്ഞ് തിരിച്ച് ഡ്യൂട്ടിക്ക് കയറിയില്ലങ്കില്‍ പിന്നെ ഇങ്ങോട്ട് വരേണ്ട" സൂപ്രണ്ട് പറഞ്ഞു.

അവൾ സൂപ്രണ്ടിന്റെ മുറിയിൽ നിന്നിറങ്ങി. പത്തു ദിവസത്തെ ലീവ് കിട്ടീയ വിവരം അമ്മയെ വിളിച്ചു പറഞ്ഞു. നാളെ തത്ക്കാൽ കിട്ടൂമെങ്കിൽ മറ്റെന്നാൾ തിരിക്കാമെന്ന് അമ്മയോട് പറഞ്ഞു. മൂന്നു ദിവസം അങ്ങോട്ടൂം മൂന്നു ദിവസം ഇന്ങോട്ടുമായി ആറുദിവസം ട്രയിനിൽ തന്നെ പോകും. നാലു ദിവസം പപ്പയുടെയും മമ്മിയുടെയും കൂടെ നിൽക്കാൻ പറ്റും.

പിറ്റേന്ന് നാലുമണിക്കു തന്നെ എഴുന്നേറ്റ് അവൾ കൂട്ടൂകാരിയെയും കൂട്ടി റയിൽവേ സ്റ്റേഷനിലേക്ക് നടന്നു.അടുത്ത് വന്ന് നിർത്തിയ ഓട്ടോകളിൽ ഒന്നും കയറാതെ മഹാനഗരത്തിലെ തിരക്ക് ഒഴിഞ്ഞ വഴിയിലൂടെ അവർ നടന്നു. സ്റ്റേഷനിലേക്ക് പത്തിരുപത് മിനിട്ട് നടക്കാനുള്ള ദൂരം ഉണ്ടായിരുന്നു. റിസർവേഷൻ സെന്ററിലെ സ്ത്രികൾക്കായുള്ള ക്യുവിൽ നാലാമതായി അവൾ സ്ഥാനം പിടിച്ചു.മിനിട്ടുകൾ കഴിയുന്തോറും ക്യൂവിന്റെ നീളം കൂടി കൂടി വന്നു. ഏഴുമണിയായപ്പോൾ കൂട്ടൂകാരി തിരികെ പോയി. പിന്നയും മൂന്നു മണിക്കൂറിന്റെ കാത്തിരിപ്പ്. അവൾ വെറുതെ ക്യൂവിൽ നിൽക്കൂന്നവരുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു .ക്യൂവിന്റെ ആദ്യ സ്ഥാനങ്ങളിൽ ഉള്ളവരുടെ മുഖത്ത് ആശ്വാസമാണ്. തത്ക്കാൽ ടിക്കറ്റ് കൊടുക്കാൻ തുടങ്ങി അഞ്ച് മിനിട്ടിനുള്ളിൽ അവൾക്ക് ടിക്കറ്റ് കിട്ടി.. അവൾ ടിക്കറ്റും ബാലൻസും ഒക്കെ നോക്കി ഉറപ്പാക്കുമ്പോൾ തന്നെ കേരളത്തിലേക്കൂള്ള ടിക്കറ്റുകൾ വെയ്‌റ്റിംങ് ലിസ്റ്റ് ആയന്ന് പറയുന്നത് കേട്ടു.

ഈവനിംങ് ഷിഫ്റ്റിൽ ജോലിചെയ്യുമ്പോൾ അവളുടെ മനസ് നാട്ടിൽ ആയിരുന്നു. പപ്പയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ടാവും. ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് അമ്മയെ വിളിച്ച് ചോദിച്ചായിരുന്നു. മനസ് പതറാതിരിക്കാൻ അവൾ വളരെ ശ്രദ്ധിച്ചു. പേഷ്യന്റിനു ഇൻഞ്ചക്ഷൻ എടുക്കുമ്പോൾ കൈ വിറയ്ക്കുന്നത് അവൾ അറിഞ്ഞിരുന്നു. വേദന എടുത്ത പേഷ്യന്റ് എന്തക്കയോ പറഞ്ഞു. അയാളോട് ഒന്നും തിരിച്ച് പറയാതെ അവൾ പുഞ്ചിരിച്ചുകൊണ്ട്   കോട്ടണ്‍ എടുത്ത് അമർത്തി തൂത്തു.

വീട്ടിൽ ചെല്ലുമ്പോൾ കുറച്ചെങ്കിലും പണം നൽക്കേണ്ടേ? മകൾക്ക് പതിനാറായിരം രൂപ മാസശമ്പളം  കിട്ടൂമെന്നാണ് അവർ കരുതുന്നത്. പിടിത്തം എല്ലാം കഴിഞ്ഞ് കിട്ടൂന്നത് പന്ത്രണ്ടായിരം രൂപ. അതിൽ നിന്ന് വേണം വാടകയും ഭക്ഷണവും എല്ലാം. വീട്ടിലേക്ക് നാലായിരമോ അയ്യായിരമോ അയച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഉണ്ടാവില്ല ബാക്കി. അതുകൊണ്ട് എഡ്യൂക്കേഷൻ ലോണിന്റെ പലിശയും കുറച്ചു മുതലും തിരിച്ചടയ്ക്കാൻ പറ്റും. എത്രനാൾ ജോലി എടുത്താലാണ് ലോൺ ഒന്നു അടച്ചു തീർക്കാൻ പറ്റുക. തങ്ങളെപ്പോലുള്ളവരുടെ ആ നിസഹായവസ്ഥയാണ് ഹോസ്പിറ്റൽ നടത്തിപ്പുകാർ മുതലെടുക്കുന്നത്. എല്ലാം സഹിക്കുന്നത് കിട്ടൂന്ന ശമ്പളം കൊണ്ട് ലോൺ തിരിച്ചടയ്ക്കാൻ പറ്റുമല്ലോ എന്ന് കരുതിയാണ്. ആശുപത്രിയിൽ ജോയിൻ ചെയ്യാൻ നേരത്ത് തന്ന അപ്പോയിന്റ്‌മെന്റ് ഓർഡറിൽ പതിനാറായിരം രൂപയിൽ നിന്ന് പി.എഫും ,ഇ എസ് ഐയും കുറയ്ക്കുമെന്ന് മാത്രമായിരുന്നു. പക്ഷേ സാലറി സ്ലിപ്പിൽ അതിൽ നിന്ന് വീണ്ടും പി.എഫും ,ഇ എസ് ഐയും കുറയ്ക്കും. എമ്പ്ലോയർ കൊടുക്കേണ്ട പി.എഫും ,ഇ എസ് ഐയും എമ്പ്ലോയുടെ സാലറിയിൽ നിന്നു തന്നെ എടുക്കുന്നു. ചോദിച്ചാൽ പറയും ഇതിവിടിത്തെ നിയമമാ ഇത് അനുസരിക്കാൻ വയ്യങ്കിൽ വിട്ടിട്ട് പൊയ്ക്കോളൂ. ഫിസിക്കൽ ടോർച്ചറിംങും മെന്റൽ ടോർച്ചറിംങും സഹിക്കാനാവാതെ പലരും ഒന്നും പറയാതെ പോകും. ഒരാൾ പോകുമ്പോൾ രണ്ട് പേർ ജോലിക്ക് വരികയും ചെയ്യും. എന്നിട്ടൂം ആവശ്യത്തിനു സ്റ്റാഫില്ല.

തന്റെ കൂടെ ജോയിൻ ചെയ്ത ഒരു പെൺകുട്ടി പോയതവൾ ഓർത്തു. പേഷ്യന്റിനെ റൂമിലേക്ക് കൊണ്ടുവന്നപ്പോൾ ഫിൽ ചെയ്യേണ്ട ഫയൽ താമസിച്ചു പോയി എന്ന് പറഞ്ഞു ആ ബ്ലോക്കിലെ ഇൻചാർജ് ആ കുട്ടിയെ തെറിവിളിക്കുകയും കാലിൽ ഷൂഇട്ട് ചവിട്ടുകയും കൈയ്യൊക്കെ ഞുള്ളി പറിക്കുകയും ചെയ്തത്രെ.രണ്ട് ദിവസം ആ കുട്ടി പേടിച്ച് പനിപിടിച്ച് കിടപ്പിലായിരുന്നു. മൂന്നാം ദിവസം ഹോസ്പിറ്റലിൽ ആരോടും പറയാതെ അവൾ നാട്ടിലേക്ക് പോയി. 

ഷിഫ്റ്റ് കഴിഞ്ഞ് വന്ന് കൂട്ടുകാരോടെല്ലാം ചോദിച്ചിട്ടൂം ആരുടെ കൈയ്യിലും പൈസ ഇല്ല. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്. എക്സ്പീരിയൻസ് ആയി എന്നെങ്കിലും വിദേശത്ത് പോയി രക്ഷപെടാമന്ന് കരുതിയാണ് എല്ലാവരും ദിവസങ്ങൾ കഴിക്കുന്നത്. ആരുടെ കൈയ്യിലും പൈസ കാണാൻ ബുദ്ധിമുട്ട് തന്നെയാണ്. പൈസ ഇല്ലാതെ ഏതായാലും നാട്ടിലേക്ക് പോകാൻ പറ്റില്ല. .ഉറങ്ങാൻ കിടക്കുമ്പോൾ എവിടെനിന്നെങ്കിലും പൈസ അഡ്ജസ്റ്റ് ചെയ്ത് കിട്ടുമോൻ അവൾ ആലോചിച്ചു നോക്കി. ഒരു വഴിയേ ഉള്ളൂ,കഴുത്തിൽ കിടക്കുന്ന ഒന്നരപവന്റെ മാല പണയം വെയ്ക്കുക തന്നെ.ഒന്നരവർഷത്തെ സമ്പാദ്യം എടുത്ത് ഉണ്ടാക്കിയ മാലയാണ്.താൻ ഉണ്ടാക്കിയ ആകെയുള്ള സമ്പാദ്യം!!

രാവിലെ എഴുന്നേറ്റ് കൊണ്ടുപേകാനുള്ള സാധങ്ങൾ എല്ലാം ഒരു ചെറിയ ഷോൾഡർ ബാഗിൽ എടുത്തു വെച്ചു. എന്നിട്ട് പണയം വയ്ക്കാൻ മാലയുമായി ബാങ്കിലേക്ക് ഇറങ്ങി.ആവശ്യത്തിനു വന്നപ്പോൽ സ്വർണ്ണത്തിനു വില കുറയുന്നു. അതുകൊണ്ട് പവന് രണ്ടായിരം രൂപ കുറച്ചാണ്  ബാങ്കുകാർ പണയം എടുത്തത്. പക്ഷേ പലിശയ്ക്ക് കുറവൊന്നും ഇല്ല.പണയം വെച്ച് കിട്ടിയത് ഇരുപത്തിനാലായിരം രൂപ. അത് ബാങ്കിൽ അക്കൗണ്ടിലേക്ക് ഉടൻ തന്നെ ഇട്ടു. വേഗം തിരിച്ച് മുറിയിൽ ചെന്ന് ബാഗുമായി ഇറങ്ങി.

മൂന്നു ദിവസത്തെ മുഷിപ്പിക്കുന്ന ട്രയിൻ യാത്ര. റയിൽവേ സ്റ്റേഷനിൽ ഇറങ്ങി നേരിട്ട് ആശുപത്രിയിലേക്ക് അവൾ പോയി. അവളുടെ പപ്പയെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു.

അവൾ പപ്പയുടെ മുറിയിൽ ചെല്ലുമ്പോൾ പപ്പ തനിച്ചായിരുന്നു. അമ്മ കാന്റീനിൽ ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. അവൾ പപ്പയുടെ അടുത്ത് ചെന്നിരുന്നുപപ്പയുടെ മുഖത്ത് നല്ല ക്ഷീണമുണ്ട്. ഷേവ് ചെയ്യാത്തതുകൊണ്ട് മുഖത്തെ രോമങ്ങൾ വളർന്ന് അധികമായിരിക്കുന്നു. ഇപ്പോൽ പപ്പയെ കണ്ടാൽ പത്ത് വയസ് കൂടുതൽ തോന്നും. ഐവി ക്യാനുള കുത്തിയ കൈ അവൾ തന്റെ കൈയ്യിൽ എടുത്തു വെറുതെ തടവി കൊടുത്തു.

"ഇപ്പോ എങ്ങനെയുണ്ട് പപ്പാ" അവൾ ചോദിച്ചു.

"ഒന്നുമില്ല മോളേ പപ്പയ്ക്ക്...നീ ഇല്ലാത്ത കാശ് കളഞ്ഞ് ഇത്രയും ദൂരം വരേണ്ടിയിരുന്നില്ല..." അയാൾ പറഞ്ഞു.

"പപ്പയെ കാണാൻ ഞാൻ വന്നില്ലങ്കിൽ ഞാൻ ആരയാ കാണാൻ പോകുന്നത്. അല്ലങ്കിൽ ആരാ പപ്പായെ കാണാൻ വരുന്നത്?" അവൾ ചോദിച്ചു .

അയാൾ ഒന്നു ചിരിച്ചെന്നു വരുത്തി അവളുടെ കൈകളിൽ നിന്ന് തന്റെ കൈകൾ എടുത്ത് അവളുടെ തലമുടിയിൽ വെറുതെ തലോടി. അപ്പോൾ അയാളുടെ മനസിൽ തന്റെ കൈകളിൽ പിടിച്ച് കൊണ്ടു നടന്നു തുടങ്ങുന്ന കുഞ്ഞിലെ അവളായിരുന്നു..

"നീ മുടിയിൽ എണ്ണയെന്നും തേക്കാറില്ലേ മോളേ?"

"യാത്ര ചെയ്തതിന്റെ പപ്പാ"

അവൾ വീണ്ടും അയാളുടെ കൈകൾ എടുത്ത് തന്റെ കൈകളിൽ വെച്ചു. അവളുടെ കണ്ണീൽ നിന്നൊരു കണ്ണുനീർ തുള്ളി അയാളുടെ കൈകളിൽ വീണൂ പൊട്ടിച്ചിതറി തെറിച്ചു. അയാൾ അവളുടെ മുഖത്തേക്ക് നോക്കി.

"മോളെന്തിനാ കരയുന്നത്. പപ്പായ്ക്ക് ഒന്നും ഇല്ല. ഇച്ചിരി ഷുഗറുകൂടി ഒന്നു വീണന്നല്ലേ ഉള്ളൂ.ഇനി ഷുഗർ കൂടാതെ നോക്കിയാൽ പോരേ?" അയാൾ പറഞ്ഞു.

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ വന്നു. അവൾ അമ്മയെ നോക്കി. അമ്മയുടെ മുഖത്തും നല്ല ക്ഷീണമുണ്ട്. മൂന്നാലു ദിവസത്തെ ആശുപത്രി ജീവിതവും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും  തിരിച്ചുമുള്ള ദിവസയാത്രകളും അമ്മയെയും പ്രായക്കൂടുതൽ ഉള്ളവൾ  ആക്കിയിരിക്കുന്നു.

ദീർഘ ദൂര യാത്രയുടെ ക്ഷീണം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

"നീ ഒന്നും കഴിച്ചിട്ടൂണ്ടാവില്ലല്ലോ, എന്തെങ്കിലും കഴിച്ചിട്ടു വാ മോളേ." അമ്മ പറഞ്ഞു.

അവൾ മുറിയില് നിന്ന് ഇറങ്ങിയപ്പോൾ അമ്മയും കൂടെ ചെന്നു.
"നിന്റെ മാലയെന്തിയേ മോളേ" അമ്മ ചോദിച്ചു. അവളുടെ കഴുത്തിൽ അപ്പോൾ കൊന്തമാലയായിരുന്നു..

"ട്രയിനിൽ കള്ളന്മാരുടെ ശല്യമുണ്ട്,ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് കൂട്ടുകാരിയുടെ കൈയ്യിൽ കൊടുത്തിട്ടാ വന്നത്"അവൾ മുഖത്ത് ഭാവ വെത്യാസം ഇല്ലാതെ പറഞ്ഞു.താൻ പറഞ്ഞത് അമ്മ വിശ്വസിച്ചിട്ടൂണ്ടാവണം. അമ്മയുടെ കഴുത്തിലും കൊന്തമാലയാണ് കിടക്കൂന്നതെന്ന് അവൾ കണ്ടു.ചോദിച്ചാൽ വീട്ടിൽ ഊരിവെച്ചിരിക്കുകയാണന്നേ ഇപ്പോൾ പറയൂ. കാന്റീനിലേക്ക് നടക്കുമ്പോൾ അവൾ കണക്കു കൂട്ടൂകയായിരുന്നു. മാസം രണ്ടായിത്തഞ്ഞൂറൂ രൂപ വെച്ച് തിരിച്ചടച്ചാൽ ഒരു വർഷം കൊണ്ട് ആ മാല തിരിച്ചെടുക്കാം.....

ക്യാന്റീനിൽ നിന്ന് ആഹാരം കഴിച്ച് അവൾ വരുമ്പോഴേക്കും തലേന്ന് ആശുപത്രിയിൽ ഉപയോഗിച്ച തുണികളും ഫ്ലാസ്കും ഒക്കെ അമ്മ ഒരു കവറിൽ എടൂത്തു വെച്ചിരുന്നു.

"നിനക്ക് കുളിക്കുകയൊക്കെ വേണ്ടേ?നമുക്ക് വീട്ടിൽ പോയിട്ട് വരാം." അമ്മ പറഞ്ഞു.

"പോയിട്ട് വൈകുന്നേരം ആകുമ്പോഴേക്ക് വന്നാൽ മതി.എനിക്കാണങ്കിൽ ഇപ്പം കുഴപ്പം ഒന്നും ഇല്ല. എന്തെങ്കിലും ആവശ്യം വന്നാൽ നേഴ്സുമാർ ഉണ്ടല്ലോ?" പപ്പ പറഞ്ഞു.

അവളും അമ്മയും വീട്ടിലേക്ക് പോകാനായി ഇറങ്ങി. ബസിൽ പതിവില്ലാത്ത തിരക്ക്. നിന്ന് യാത്രചെയ്യേണ്ടിവന്നതുകൊണ്ടായിരിക്കും ബസ് ഇറങ്ങി കഴിഞ്ഞപ്പോൽ അമ്മയ്ക്ക് കവറുമായി നടക്കാൻ ബുദ്ധിമുട്ട്. അവൾ അമ്മയുടെ കൈയ്യിൽ നിന്ന് കവറു വാന്ങി.

വീടിന്റെ മുറ്റത്ത് കരയിലകൾ കൂട്ടം കൂടി കിടപ്പുണ്ട്. "എന്തൊരു കരയിലയാ ദിവസവും വീഴുന്നത്" അങ്ങനെ പറന്ഞു കൊണ്ടാണ് അമ്മ വാതിൽ തുറന്നത്. അമ്മ തുണിമാറി അടുക്കളയിലേക്ക് പോയതും അവൾ കുളിക്കാനായി കയറി. കുളികഴിഞ്ഞ് ഇറങ്ങി. വന്നയുടനെ ആശുപത്ര്യിൽ നിന്ന് പപ്പയുടെ ഫോൺ. ഡോക്ടർ വന്ന് ഡിസ്ചാർജ് എഴുതി. അവൾ തനിയെ പപ്പയെ കൊണ്ടൂവരാൻ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവളുടെ കൂടെ അമ്മയും ചെന്നു. മുറിയിൽ പപ്പയുടെ അടുത്ത് ചെന്നപ്പോൾ അയാൾ പോകാനായി തയ്യാറായി ഇരിക്കുകയായിരുന്നു. ബില്ല് എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ നഴ്സിംങ് സ്റ്റേഷനിൽ ചെന്ന് ബില്ല് തിരക്കി. പത്തിമിനിട്ടിനകം ബില്ല് ശരിയാക്കി കിട്ടൂമെന്ന് അവർ പറഞ്ഞു. പത്ത് മിനിട്ട് അവളവിടെ തന്നെ നിന്നു.നഴ്സ് ബില്ല് തയ്യാറാക്കി നൽകി. അവളത് വാന്ങിയിട്ട് നോക്കി. പതിനെണ്ണായിരം രൂപ.

ആശുപത്രിയിലെ എ.റ്റി.എം കൗണ്ടറിൽ നിന്ന് ഇരുപതിനായിരം രൂപ എടുത്ത് കൗണ്ടറിൽ പണം അടച്ചു. പണം അടച്ച രസീതുമായി നഴ്സിംങ് സ്‌റ്റേഷനിൽ എത്തി ഡിസ്ചാർജ് പേപ്പർ വാന്ങി. അമ്മ റൂമിൽ നിന്ന് അവിടെക്ക് വന്നു.

"നീ എവിടെ പോയതായാരുന്നു. ബില്ല് വന്ന് ചോദിച്ചപ്പോൾ ബില്ല് നീ വാന്ങിച്ചന്ന് പറഞ്ഞു..ബില്ലെവിടെ?" അമ്മ ചോദിച്ചു

"ഞാൻ അടച്ചു. ഇനി വീട്ടിൽ പോയാൽ മതി" അവൾ പറഞ്ഞു.

"നീ ബില്ലടച്ചോ? അത്രയും പൈസ ...."

"എന്റെ കൈയ്യിൽ ഉണ്ടായിരുന്നു.."അമ്മ ചോദ്യം പൂർത്തിയാക്കുന്നതിനു മുമ്പ് അവൾ പറഞ്ഞു.

അമ്മ അവളുടെ മുഖത്തേക്ക് നോക്കി.

"ട്രയിനിൽ കള്ളന്മാരുടെ ശല്യമുള്ളതുകൊണ്ട് നി നിന്റെ മാല കൂട്ടൂകാരിയെ ഏൽപ്പിച്ചിട്ടൂ തന്നെയാണ് വന്നതല്ലേ?" അമ്മയുടെ ചോദ്യത്തിനു അവൾ ഒന്നും പറയാതെ നിന്നപ്പോൾ അവർ വീണ്ടൂം ചോദിച്ചു

"നീ അമ്മയോട് കള്ളം പറയാനും പഠിച്ചല്ലേ?"

"മാല വെറുതെ കഴുത്തിൽ ഇടുന്നതിലും നല്ലത് ആവശ്യത്തിനു ഉപകരിക്കുന്നതല്ലേ?" അവൾ പറഞ്ഞു.

ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ മൂന്നു ദിവസത്തിനുശേഷം മടങ്ങിപ്പോകാൻ ടിക്കറ്റ് എടുക്കുന്നതിനെ ക്കുറിച്ചായിരുന്നു അവൾ ചിന്തിച്ചത്. മൂന്നു ദിവസം മൂന്നു മണിക്കൂറുകൾ പോലെ കടന്നു പോയി. തിരികെ പോകാനായി ട്രയിന്‍ കയറ്റിവിടാനായി അമ്മയും പപ്പയും സ്റ്റേഷനിൽ ചെന്നു. ട്രയിൻ വന്ന് സീറ്റിൽ ഇരുന്നു കഴിഞ്ഞപ്പോൾ അമ്മ ജനാലയുടെ അടുത്ത് വന്നു.

"ഞാൻ നിന്റെ അക്കൗണ്ടിലേക്ക് രണ്ടു ദിവസത്തിനകം കുറച്ച് പൈസ ഇടാം. നീ ആ മാല എടുക്കണം". അമ്മ പറഞ്ഞു. അവളെന്തങ്കിലും പറയുന്നതിനു മുമ്പ് ട്രയിൻ നീന്ങിത്തുടങ്ങി.അവളുടെ കണ്ണിൽ നിറഞ്ഞു കൂടിയ കണ്ണുനീർ പപ്പയും അമ്മയും പ്ലാറ്റ്ഫോമിൽ നിന്ന് കൈവീശുന്ന കാഴ്ച മറച്ചു.
******************************

എഴുതുന്നതിനു എന്തെങ്കിലും തലക്കെട്ട്/പേര് ഇടുക എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. അതുകൊണ്ടാണ് ഈ കഥയ്ക്ക്(?) എന്തെങ്കിലും ഒരു പേരുവേണമല്ലോ എന്ന് കരുതി 'തണൽ തേടുന്നവൾ' എന്ന് പേരിട്ടിരിക്കൂന്നത്

6 comments:

Unknown said...

ഷിബു... ഇത് വെറുമൊരു കഥയായി തള്ളിക്കളയുവാനാകുന്നില്ല.. കാരണം ഡൽഹിയിലെ എന്റെ താമസസ്ഥലത്തിനു ചുറ്റുമുള്ളത് നഴ്സുമാരാണ്... അവരിൽ പലരുടെയും മുഖങ്ങളാണ് ഈ കഥയിലെ നഴ്സിന്റെ സ്ഥാനത്ത് തെളിഞ്ഞുവരുന്നത്... അവരിൽ പലരുടെയും ജീവിതം തന്നെയാണ് ഈ കഥ... അത് നന്നായിത്തന്നെ പറഞ്ഞിരിയ്ക്കുന്നു....

സുല്‍ |Sul said...

Nannaayi parannjirikkunnu thekkeda. aasamsakaL..
-sul

Pheonix said...

Nice work yaar. Really touching.

ഷാജു അത്താണിക്കല്‍ said...

ഇത്തരം ഒരു എഴുത്ത് കുറിച്ചതിന്ന് നന്ദി

അവർക്കും എത്ര വേദനകൾ

ആശംസകൾ

സുധി അറയ്ക്കൽ said...

ഓരോ പോസ്റ്റുകൾക്കിടയിലും എത്ര വലിയ ഇടവേളയാ.

Anil Thomas said...

Shibu, its a mind touching story. Good keep it up.

: :: ::