Friday, February 22, 2013

സുന്ദരൻ 32/170cm,വധുവിനെ ആവശ്യമുണ്ട്

ഉണ്ടിരുന്ന ....ര്‍ക്ക് വെളിപാട് ഉണ്ടായതുപോലെ പെട്ടന്ന് മുപ്പത്തിരണ്ടാം വയസിൽ എനിക്കും ഒരു വെളിപാട് ഉണ്ടായി.(പഴഞ്ചൊല്ല് പറഞ്ഞാലും സൈബർ കേസിനു അകത്താവുമെന്നുള്ള പേടികൊണ്ടാആദ്യം തന്നെ ഡാഷ് ഇടേണ്ടി വന്നത്) നിനക്ക് കല്യാണം പ്രായം ആയി എന്നാരോ മനസിൽ ഇരുന്ന് പറയുന്നു. ഏതായാലും വെളിപാടുണ്ടായ സ്ഥിതിക്ക് പെണ്ണുകെട്ടാൻ തന്നെ തീരുമാനിച്ചു. നമ്മളു തീരുമാനം എടുത്തതുകൊണ്ട് മാത്രം കാര്യം ഇല്ലന്ന് എനിക്ക് പിന്നീടാ മനസിലായത്. മുപ്പതാം വയസിൽ പെണ്ണു കെട്ടണമെന്നുള്ളവൻ ഇരുപത്തഞ്ച് വയസാകുമ്പോഴേ പെണ്ണു നോക്കി തുടങ്ങുന്നതാ നല്ലത്. പെണ്ണു കെട്ടാൻ സമയം ആയന്ന് നമുക്ക് മാത്രം തോന്നിയാൽ പോരാ....

നമുക്ക് കല്യാണ പ്രായം ആയന്ന് വീട്ടുകാർക്ക് തോന്നണം..
ഇവനു പെണ്ണന്വേഷിച്ചു പോയൽ കൈയ്യിൽ എന്തെങ്കിലും തടയുമെന്ന് ബ്രോക്കർക്ക്  തോന്നണം...
ഇവൻ എന്റെ മരുമോനായാൽ കൊള്ളാം എന്ന് പെണ്ണിന്റെ അപ്പനു തോന്നണം..
ഇവനെ കെട്ടിയാൽ നല്ലതാ എന്ന് പെണ്ണിനു തോന്നണം...
നമ്മുടെ പെണ്ണിനെ കെട്ടാൻ ഇവന് യോഗ്യത ഉണ്ടന്ന് പെണ്ണീന്റെ അമ്മാവന്മാർക്കും മാവിമാർക്കും തോന്നണം...
ഇങ്ങനെ പലർക്കും തോന്നിയാൽ മാത്രമേ കല്യാണത്തിനു ഒരു തീരുമാനം ആകൂ..
കോർക്കമ്മറ്റിയിൽ നിന്ന് കേന്ദ്രകമ്മറ്റിയിൽ..അവിടെ നിന്ന് സംസ്ഥാന കമ്മിറ്റി.. പിന്നെ ജില്ലാകമ്മറ്റി..പിന്നെ നിയോജകമണ്ഡലം കമ്മറ്റി... പിന്നെ ബ്ലോക്ക്..പഞ്ചായത്ത്..വാർഡ് കമ്മറ്റി..അവസാനം ബ്രാഞ്ച് കമ്മറ്റിയിലേക്ക് തീരുമാനം വരുമ്പോഴേക്കൂം കല്യാണത്തിനു മുട്ടി നിൽക്കുന്നവൻ കല്യാണമെന്ന തീരുമാനം തന്നെ ഉപേക്ഷിച്ച് ഗൃഹസ്ഥാശ്രമത്തിനു നിൽക്കാതെ നേരിട്ട് വാനപ്രസ്ഥത്തിനു പോയിട്ടൂണ്ടാവും. അല്ലങ്കിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപടണം.

ഞാൻ എന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചു. നിനക്ക് കല്യാണപ്രായം ഒന്നും ആയില്ലടാ മോനെ നീ കുറച്ചു നാളൂടെ വീട്ടിൽ തന്നെ നിൽക്ക് എന്ന് വീട്ടുകാർ പറയും എന്നാണ് കരുതിയത്... നിനക്ക് ഇപ്പോഴെങ്കിലും ഇങ്ങനെ തോന്നിയല്ലോ എന്നു പറഞ്ഞ് കാരണവർ ഡിമാന്റ് ലെറ്ററിൽ ഒപ്പിട്ട് സീലടിച്ചു. സമരത്തിനു കൊടുത്ത നോട്ടീസിൽ നിങ്ങടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു എന്നു പറഞ്ഞ് കമ്പിനി മുതലാളി ഒപ്പിട്ടാൽ യൂണിയൻ നേതവിന്റെ മുഖം എങനെയിരിക്കും? അതുപോലായി എന്റെ മുഖം. ഇനി സമരത്തിനു വഴിയില്ല....

എനിക്ക് കല്യാണം ആലോചിക്കാൻ പോകുവാ എന്നു പറഞ്ഞപ്പോൾ കൂട്ടൂകാർക്കെല്ലാം സന്തോഷം.
"ഭാഗ്യവാൻ" ബാച്ചിലേഴ്സ് പറഞ്ഞു.
അവന്മാർക്ക് അല്ലങ്കിലും എന്തിനും സന്തോഷമാ. കല്യാണത്തിനു ഊണു കിട്ടും. പിന്നെ കൊച്ചുണ്ടായാൽ അതിനും കിട്ടും സദ്യ. ഇരുപത്തെട്ടിനും മാമോദീസായ്ക്കും ഊണുകിട്ടും. കല്യാണത്തിനെക്കാൾ സന്തോഷം മരണത്തിനാ. അടക്കത്തിനു കിറ്റ്,പതിനാറിനു കാപ്പി,നാൽപ്പത്തൊന്നിനു ഊണ്.കാലതാമസം ഇല്ലാതെ രണ്ട് മാസത്തിനുള്ളിൽ കിട്ടാനുള്ളത് കിട്ടൂം.
എക്സ് ബാച്ചിലേഴ്സിന്റെ മുഖത്ത് സന്തോഷം കണ്ടങ്കിലും. അവന്മാർ ഒന്നും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചില്ല..."അനുഭവിച്ചു തന്നെ തീർക്കടാ" എന്നാണോ അവന്മാർ മനസിൽ പറയുന്നതെന്ന് ഞാൻ സംശയിച്ചു..

"ഫേസ് ബുക്കിലെ പ്രൊഫൈൽ പടം മാറ്റിയോ?" ഒരുത്തൻ ചോദിച്ചു
"അതെന്തിനാ..." ഞാൻ ചോദിച്ചു.
"കല്യാണം കഴിക്കാൻ തീരുമാനിച്ചാലുടനെ ഫേസ് ബുക്കിൽ നമ്മുടെ ഫുൾ സൈസ് ഫോട്ടോ അപ്ലോഡ് ചെയ്തോളണം.ആൾക്കാർക്ക് അതു കണ്ടാലുടനെമനസിലായിക്കോളും" അവൻ പറഞ്ഞു.
ഫേസ്ബുക്കിലെ പ്രൊഫൈൽ പടത്തിനു ഇങ്ങനെയൊരു സാധ്യത ഉണ്ടന്നുള്ള കാര്യം എനിക്കന്നേരമാണ് മനസിലായത്.

വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ വാരാന്തയിൽ ഒരു ബ്രോക്കർ ഇരിപ്പുണ്ട്. അങ്ങേർക്ക് എന്റെ കളർ ഫോട്ടോ വേണം. എന്നെ നേരിൽ കണ്ടപ്പോൾ അയാൾക്ക് കളർ ഫോട്ടോ തന്നെ വേണമെന്നില്ല, ബ്ലാക്ക് ആൻഡ് വൈറ്റ് ആയാലും മതിയന്ന്!!!
കേർളത്തിൽ പലരുടെയും കല്യാണം നടത്തി പാരമ്പര്യമുള്ള ബ്രോക്കറാണന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനായി പെൺപിള്ളാരുടെ വീട്ടൂകാർ കൊടുത്ത ഫോട്ടോകൾ അയാൾ ഡയറിയിൽ നിന്ന് എടുത്തു കാണിച്ചു... ആ ഫോട്ടോകൾക്കുള്ളീൽ ഭാവന, ഭാമ, നയന്താര, മീരജാസ്മിൻ, മൈഥിലി,റിമ,ആൻ അഗസ്റ്റിൻ , സംവൃത സുനിൽ എന്നിവർ എന്നെ നോക്കി ചിരിച്ചു. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി....
"ഇതെല്ലാം പെൺപിള്ളാരുടെ അപ്പന്മാർ ഉത്തരാവാദിത്വത്തോടെ എന്നെ ഏൽപ്പിച്ച ഫോട്ടോകളാ.."അയാൾ പറഞ്ഞു..

ഞാൻ അതിൽ നിന്ന് ആൻ അഗസ്റ്റിന്റെ ഫോട്ടോ എടൂത്തു...
"നല്ല ക്രിസ്ത്യാനി കുടുംബത്തിലയാ... എറണാകുളത്ത്കാരാ... നമുക്ക് വേണേ ആലോചിക്കാം..പോയിവരാൻ ഒരു അഞ്ഞൂറു രൂപ തന്നാൽ നാളെ തന്നെ ഞാൻ അവിടെ വരെ പോകാമായിരുന്നു....എനിക്ക് നാളെ വേറെ ഒരിടത്ത് വരെ പോകാനുള്ളതായിരുന്നു... മോന്റെ കാര്യം ആയതുകൊണ്ട് ഞാൻ നാളത്തന്നെ പോകാം" അയാൾ പറഞ്ഞു..

"ചേട്ടൻ മിനക്കട്ട് അവിടെവരെ പോകണമെന്നില്ല...ഈ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചിട്ട് മൂന്നാലുമാസം ആയി...അതറിഞ്ഞില്ലല്ലേ? അതിന്റെ താഴെ ഇരിക്കുന്ന ഫോട്ടോയിലെ കൊച്ചിന്റെ കല്യാണം കഴിഞ്ഞിട്ടൂം കുറേ നാളായി" ഞാൻ പറഞ്ഞു.
അയാൾ എന്റെ കൈയ്യിൽ നിന്ന് ഫോട്ടോ വാങ്ങി ഡയറിയിൽ വെച്ചിട്ട് ഇറങ്ങി നടന്നു...

ഇനി ഏതായാലും ബ്രോക്കറുമായിട്ടൂള്ള ഇടപാട് വേണ്ട....
നാളെത്തന്നെ സ്റ്റുഡിയോയിൽ പോയി നല്ലൊരു ഫോട്ടോ എടുക്കണം.

രാവിലെ തന്നെ കുളിച്ച് 50 ഗ്രാമിന്റെ ഫെയർ ആൻഡ് ലൗലികൊണ്ട് പുട്ടി ഇട്ട് 250 ഗ്രാമിന്റെ പോണ്ട്സ് മുഖത്ത് തേച്ച് പിടിപ്പിച്ച് സ്റ്റുഡിയോയിലോട്ട് വിട്ടു. എന്റെ രൂപവും ഭാവവും കണ്ടതുകൊണ്ടായിരിക്കണം സ്റ്റുഡിയോയിൽ നിൽക്കുന്ന പയ്യൻ 'ഒരുക്ക റൂമിലേക്ക്' കയറി അവിടെ ഇരൂന്ന പൗഡറും ക്രീമും കവറിന്റെകത്ത് ഇട്ട് വെളിയിലേക്കിറങ്ങിപോയി.
"നിന്റെ പൗഡറും ക്രീമും എനിക്കു വേണ്ടാടാ തെണ്ടീ"എന്ന് മനസിൽ പറഞ്ഞു.

ഫോട്ടോ എടുക്കാൻ വിളിച്ചു. എന്റെ കോലം കണ്ടിട്ടായിരിക്കണം അയാൾ ചോദിച്ചു.

"കല്യാണം ആലോചിക്കാൻ തുടങ്ങി അല്ലേ?"

"ഹേയ് അങ്ങനെയൊന്നും ഇല്ല... ഒരു ഫുൾ സൈസ് ഫോട്ടോ എടുക്കാമെന്ന് കരുതിയാ " ഞാൻ പറഞ്ഞു.

"ഇത്രയും പൗഡറും ക്രീമൊന്നും മുഖത്തിടണ്ടായിരുന്നു..നമൂക്ക് ഫോട്ടോഷോപ്പിൽ സുന്ദരനാക്കാവുന്നതേ ഉള്ളൂ..."

എന്നെ കളിയാക്കി... സുന്ദരനായ എന്നെ ഗ്ലാമറാക്കാന്‍ ഫോട്ടോഷോപ്പൊന്നും വേണ്ടാടാ എന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. ചാഞ്ഞും ചരിഞ്ഞും മൂന്നാലു ഫോട്ടൊ എടുത്തു. ക്യാമറ കമ്പ്യൂട്ടറിൽ കുത്തി ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപ്പണാക്കി.

"കൊള്ളാമല്ലോ" അയാൾ എന്നോട് പറഞ്ഞു. സൂം ചെയ്ത് ചെയ്ത് അയൾ കാണിച്ചു. മുഖവും തലയും അത്രയ്ക്കങ്ങോട്ട് ശരിയായില്ലന്ന് എനിക്കു തോന്നി..
ദാ ആ നെറ്റിയിലേക്ക് കിടക്കുന്ന തലമുടി ഒന്നു മാറ്റുമോ
അയാൾ ഏത് ടൂളെടുത്ത് ആ മുടി മായിച്ചു.
ആ ഇടത്തേ നെറ്റി കാണുന്നടത്ത് കുറച്ച് മുടി വെച്ചേ..
ആ ഇടത്തേ കൃതാവിനു അലപം നീളം വെച്ചേ....
ആ മൂക്കീന്ന് വെളിയിലേക്ക് കാണുന്ന ആ രോമം കളഞ്ഞേക്ക്
ഇടത്തേക്ക് തള്ളി നിൽക്കുന്ന മീശ മുറിച്ച് കളഞ്ഞേക്ക്..
താടിയിലെ വെളുത്ത രോമം കറുപ്പിച്ചേക്ക്...
ഞാൻ എന്റെ മുഖം സുന്ദരമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അയാളുടെ അടുത്ത് തന്നെ നിന്നു..
അവസാനം കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ നിന്ന് മുഖം ഉയർത്തി എന്നെ നോക്കിയിട്ട് പറഞ്ഞു..
"ഇത് ഫോട്ടോഷോപ്പാ.. ബാർബർ ഷോപ്പല്ല!!!!"

ഞാൻ ഠീം!!!!

സുന്ദരനായ എന്റെ സുന്ദരമായ ഫോട്ടോ കൊണ്ട് വന്ന് ഞാൻ ഫേസ് ബുക്കിൽ കൊണ്ടൂവന്നു ഇട്ടൂ. മൂന്നാലു ലൈക്കും രണ്ട് കമന്റും അല്ലാതെ ഒരു കല്യാണാലോചനയും വന്നില്ല....

പത്രത്തിൽ പരസ്യം കൊടുക്കാൻ തീരുമാനിച്ചു...
സുന്ദരൻ 32/170cm,വധുവിനെ ആവശ്യമുണ്ട് എന്ന് ജാതിയും മതവും ഡിമാന്റും ഉൾപ്പെടൂത്തി മൊബൈൽ നമ്പരും ചേർത്ത് പരസ്യം കൊടുത്തു....

ഫോണോട് ഫോൺ!!
അങ്ങനെ ഓരോരുത്തരെയായി പോയി കാണാൻ തീരുമാനിച്ചു

ഒന്നാമത്തെ പെണ്ണുകാണൽ...
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ട് കാര്യങ്ങളൊന്നും വലിയ പിടിപാടില്ല. സിനിമയിലൊക്കെ കണ്ടിട്ടൂള്ള പെണ്ണുകാണലേ പരിചയമുള്ളൂ.പെണ്ണ് ചായയുമായി വരുന്നു.ചായ തരുമ്പോള്‍ പെണ്ണിന്റെ വിരലിൽ അറിയത്ത ഭാവത്തിൽ തൊടുന്നു...ഇങ്ങനെയൊക്കെ മനസിൽ ഉറപ്പിച്ചു പെണ്ണിന്റെ വീടിന്റെ വാരാന്തയിൽ പെണ്ണു കൊണ്ടുവരുന്ന ചായയും നോക്കി ഞാൻ ഇരുന്നു.
"ചായ ഇങ്ങ് എടുത്തോ" എന്ന് പെണ്ണിന്റെ അപ്പൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.പെണ്ണിന്റെ മുഖത്ത് നോക്കാനുള്ള നാണം കൊണ്ട് ഞാൻ തല കുനിച്ചിരുന്നു...

"ചായ എടൂത്താട്ട്" പെണ്ണിന്റെ അപ്പന്റെ ശബ്ദ്ദം.

ഞാൻ തല അധികം ഉയർത്താതെ പെണ്ണിനെ അടിതൊട്ട് മുടിവരെ സ്കാൻ ചെയ്യാൻ തുടങ്ങി...

പെണ്ണ്  ചട്ടയും മുണ്ടും!!!

ഞങ്ങളു പുരാതന ക്രിസ്ത്യാനികളാ എന്ന് പെണ്ണിന്റെ അപ്പൻ പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല..
ഹൊ! അവസാനം പെണ്ണിന്റെ മുഖം സ്കാൻ ചെയ്യാനായി തല ഉയർത്തിയ ഞാൻ ഞെട്ടി.

"മോൻ ചായ എടുത്താട്ട്.. ഞാൻ പെണ്ണിന്റെ അമ്മച്ചിയാ.. കൊച്ചു മോളു കുളിക്കുവാ"

പെണ്ണിന്റെ അമ്മച്ചി!!!

ചായഗ്ലാസിന്റെ ചൂടുകൊണ്ട് പെണ്ണിന്റെ കൈവിരലിൽ തൊടാൻ പറ്റാഞ്ഞത് നന്നായി!!
കർത്താവേ, ആദ്യത്തെ പെണ്ണുകാണൽ തന്നെ ഇങ്ങനെയായാൽ ....

"മോളു കുളിച്ചിട്ട് വന്നു... നിങ്ങക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആയിക്കോ"

എനിക്കൊന്നും തനിച്ച് സംസാരിക്കാൻ ഇല്ലന്ന് പറയണമെന്നുണ്ടങ്കിലും ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് എന്ങനെ ഇല്ലന്ന് പറയും...
അമ്മച്ചി കാണിച്ച് തന്ന മുറിയിലേക്ക് ഞാൻ ചെന്നു...
മോളു കരോട്ടയും കുങ്ങ്ഫുവും പഠിച്ചിട്ടൂണ്ട് എന്ന് പെണ്ണിന്റെ അപ്പൻ സംസാരത്തിനട്യ്ക്ക് പറഞ്ഞത് എനിക്കുള്ള മുന്നറിയിപ്പായിരുന്നോ അതോ അമ്മയ്ക്കുള്ള മുന്നറിയിപ്പായിരുന്നോ എന്ന് അന്നേരം എനിക്ക് സംശയം തോന്നിയെങ്കിലും അത് എനിക്കു തന്നെയുള്ള മുന്നറിയിപ്പായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസിലായത്...
ഞാനിങ്ങനെ വിക്കി വിക്കി സംസാരിക്കുമ്പോൾ ആ പെൺകൊച്ചാണങ്കിൽ ഒരു വിക്കലും ഇല്ലാതെ സംസാരിക്കുകകയാണ്.അതോടെ എനിക്കു വീണ്ടും വിക്കലായി.

"ഏതു വർഷമാ പാസ് ഔട്ട് ആയത്..." പെൺ കൊച്ച് ചോദിച്ചു

"ര... രണ്ടാ..രണ്ടായ..രണ്ടായരത്തി..." ഞാൻ വിക്കി വിക്കി പറഞ്ഞു.

"ഞാനപ്പോൾ പ്ലസ് വണ്ണിനു പഠിക്കുന്നതേ ഉള്ളൂ..."

ഞാൻ ഠീം!!!

എടോ, കൊച്ചു പെണ്ണായ എന്നെ പെണ്ണുകാണാൻ വരാൻ നിനക്ക് നാണമില്ലേടാ എന്ന് പറയാതെ പറയുകായായിരുന്നോ എന്ന് സംശയിച്ചു.
കുറ്റബോധം വരുമ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞതുപ്പൊലെ പിന്നീടെല്ലാ ചോദ്യോത്തരങ്ങളും യാന്ത്രികമായിരുന്നു...

പഠിച്ച കോളേജിന്റെ പേര് ചോദിച്ചപ്പോൾ ജോലി ചെയ്യുന്ന കമ്പിനിയുടേ പേര് പറഞ്ഞു..
പോകുന്ന പള്ളിയുടെ പേര് ചോദിച്ചപ്പോൾ കള്ള്ഷാപ്പിന്റെ പേര് പറഞ്ഞു..
ഇങ്ങനെ എന്തക്കയോ....
ആദ്യത്തെ പെണ്ണുകാണൽ തന്നെ പരാജയപ്പെട്ടു....
പരാജയം ജയത്തിന്റെ മുന്നോടിയാണല്ലോ....ആദ്യത്തെ പെണ്ണുകാണൽ പരാജയപ്പെട്ടിട്ടൂം പിന്നീട് നൂറ് പെണ്ണുകാണൽ കാണൽ നടത്തേണ്ടീ വന്നിട്ടൂം പിന്നീട് പരാജയപ്പെട്ടിട്ടില്ല....

പെണ്ണുകാണൽ ദിനചര്യയായി മാറി...

പട്ടാളക്കാരൻ പത്രോസിന്റെ മോളെ പെണ്ണുകാണാനായി ചെന്നത് ഉച്ചയ്ക്ക്.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്രോസച്ചായൻ പറഞ്ഞു..
"ഞാൻ പട്ടാളത്തിൽ ആയതുകൊണ്ട് എനിക്ക് ഭയങ്കര കൃത്യ നിഷ്ഠയാ...ഒരു മണിയാകുമ്പോൾ എനിക്ക് കഴിക്കണം"

ഞാനൊന്നും പറായാതെ ഇരുന്നു

"കഴിക്കാൻ കൂടൂന്നോ?" പത്രോസച്ചായൻ ചോദിച്ചു

"കഴിച്ചിട്ടാ ഞാൻ വന്നത്..ഇനി ഒന്നും വേണ്ട" ഞാൻ പറഞ്ഞു.

"ഹൊ!!കഴിച്ചിട്ടാണോ വന്നത്. സമയം നോക്കി മാത്രമേ നമ്മൾ കഴിക്കാൻ പാടുള്ളൂ"

"എനിക്കങ്ങനെ സമയം നോക്കിയുള്ള കഴിപ്പൊന്നും നടക്കില്ല... സമയം കിട്ടുമ്പോൾ കഴിക്കും എന്നേ ഉള്ളൂ" ഞാൻ പറഞ്ഞു.

"വിവാഹം കഴിച്ചിട്ട് സമയം തെറ്റി ഒന്നും കഴിക്കരുത്"

"ശരിയാ...ഭാര്യമാരുണ്ടങ്കിൽ എല്ലാം സമയത്ത് നടക്കും"ഞാൻ .

സംസാരിക്കുന്നതിനിടയിൽ തുറന്നിട്ട വാതിലിന്റെ വിടവിലൂടേയൊക്കെ ഞാൻ  കണ്ണു പായിച്ചു. ഏതെങ്കിലും കതകിന്റെ മറവിൽ ആ പെൺകൊച്ച് നിൽപ്പുണ്ടോ?

"അപ്പോ മോന്‍ കഴിക്കുന്നില്ലേ?" പത്രോസച്ചായൻ വീണ്ടൂം ചോദിച്ചു.

ഭായി അപ്പായിഅപ്പന്റെ സ്നേഹപൂർവ്വമായ ചോദ്യം എങ്ങനെ നിരസിക്കും

"നിർബന്ധിക്കുവാണങ്കിൽ കുറച്ച് കഴിക്കാം..കുറച്ച് മതി" ഞാൻ പറഞ്ഞു

"ബന്ധുക്കളായാൽ നമുക്ക് പിന്നെ എപ്പോഴും കഴിക്കാമല്ലോ" പത്രോസച്ചായൻ തമശ പറഞ്ഞ് ചിരിച്ചു. ചിരിച്ചതുകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ എന്നു കരുതി ഞാനും ചിരിച്ചൂ.

"മോളേ...രണ്ടൂ ഗ്ലാസും ആ വെള്ളവും ഇങ്ങ് എടുത്തേ, നിന്നെ കാണാൻ വന്നവനും കഴിക്കുമെന്ന്" പത്രോസച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

കർത്താവേ ഊണൂ കഴിക്കുന്ന കാര്യമല്ലേ ഇങ്ങേര് ഇതുവരെ പറഞ്ഞത്.

പത്രോസച്ചായൻ ഉടുത്തിരുന്ന കൈലി പൊക്കി അണ്ടർ വെയറിന്റെ പോക്കറ്റിൽനിന്ന് ഒരു കുപ്പി എടൂത്ത് ടീപ്പോയോൽ വെച്ചു.

"എന്തിയേടീ ,കുപ്പിയും വെള്ളവും" പത്രോസച്ചായൻ അകത്തേക്ക് നോക്കി വീണ്ടും ചോദിച്ചു...

സുന്ദരിയായ ഒരു പെൺകൊച്ച് രണ്ടു ഗ്ലാസും കുപ്പിയിലെ വെള്ളവുമായി വന്നു..

ഇതാടാ നിനക്കായി കാത്തിരുന്ന പെൺകൊച്ച് എന്ന് ആരോ എന്റെ മനസിൽ ഇരുന്ന് പറഞ്ഞു. ഞാൻ വളെ നോക്കി ചിരിച്ചു. അവടെ മുഖത്ത് ചിരിവന്നില്ല.
ചായയുമായി വരുന്ന പെണ്ണിനെ കണ്ട് കണ്ട് ബോറടിച്ച എന്നെ, കാലിഗ്ലാസുമായി വന്ന അവൾ (എന്റെ മനസിനെ) കീഴടക്കി.

"ഇതാണെന്റെ മോൾ"പത്രോസച്ചായൻ പറഞ്ഞു. ഞാൻ തല കുലുക്കി.

അങ്ങേരാണങ്കിൽ അരയിൽ നിന്ന് എടുത്ത കുപ്പിയിലെ സാധനം ഗ്ലാസിലേക്ക് ഒഴിച്ചു.

"ഇത്രയും കഴിക്കുമോ?" അയാൾ ചോദിച്ചു..

"അച്ചായാ ഞാൻ ഇത് കഴിക്കാറില്ല"ഞാൻ പറഞ്ഞു.

"പിന്നെ ഏതാ ബ്രാൻഡ്" പത്രോസച്ചായൻ ചോദിച്ചു

"ഞാൻ ഇങ്ങനത്തെ ഒന്നും കഴിക്കാറില്ല" ഞാൻ പറഞ്ഞു.

പെട്ടന്ന് പത്രോസച്ചായൻ കസേരയിൽ നിന്ന് എഴുന്നേറ്റു...

"എടോ,വാക്കു പറഞ്ഞാൽ വാക്കായിരിക്കണം.ഒരിക്കൽ കഴിക്കുമെന്ന് പറയുന്ന നീ പെട്ടന്ന് കഴിക്കില്ലന്ന് പറയുന്നോ?? സ്വന്തം വാക്ക് മാറ്റിമാറ്റിപ്പറയുന്ന നിന്നെ എങ്ങനെ വിശ്വസിച്ച് ഞാനെന്റെ മോളെ കെട്ടിച്ച് തരുമടാ?" പത്രോസച്ചായന്റെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ വിട്ടു.


അടൂത്ത പെണ്ണുകാണൽ
സമയം വൈകുന്നേരം...
പെണ്ണ് വന്നു... കണ്ടൂ..
എനിക്ക് ഇഷ്ടമായി...
ഇതുവരെ കണ്ട ഒരു പെണ്ണിനെപ്പോലും എനിക്ക് ഇഷ്ടമാകാതിരുന്നിട്ടീല്ല... പിന്നെ എന്തുകൊണ്ട് ഇതുവരെ കല്യാണം നടന്നില്ല എന്ന് ചോദിച്ചാൽ എനിക്കുത്തരം ഇല്ല.... എല്ലാം വിധിപോലെ!!!
സംസാരത്തിനിടയ്ക്ക്  അപ്പന്റെ ക്ഷ്ണം...

"നമുക്കിനി എന്തെങ്കിലും കഴിച്ചോണ്ട് സംസാരിക്കാം"

"എനിക്ക് കഴിക്കാനൊന്നും വേണ്ട"ഞാൻ പറഞ്ഞു.

പെണ്ണീന്റെ അപ്പൻ നിർബന്ധിച്ചതും ഇല്ല.
എന്നാ ചായ കുടിക്കാം...
ഞാൻ തല കുലുക്കി...
ഡൈനിംങ് ടേബിളിന്റെ അടുത്തേക്ക് അപ്പൻ കൊണ്ടു പോയി..
മേശപ്പുറത്ത് ജിലേബിയും ലഡുവും ഉപ്പേരിയും പഴവും ബിസ്ക്കറ്റും വടയും പഫ്സും പലപല പാത്രത്തിൽ ഇരിക്കുന്നു.ഇതിൽ ഏത് ആദ്യം എടുക്കും എന്ന് കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെണ്ണിന്റെ അപ്പൻ

"എടിയേ,നീ ഇതൊക്കെ അങ്ങ് മേശപ്പുറത്തൂന്ന് അകത്തേക്ക് എടുത്ത് വെച്ചേക്ക്. ചെറുക്കനു കഴിക്കാനൊന്നും വേണ്ടാന്ന്...ചായമാത്രം മതിയന്ന്"

നിമിഷങ്ങൾ കൊണ്ട് മേശപ്പുറത്തെ പലഹാര പാത്രങ്ങൾ അടുക്കളയിലേക്ക് യാത്രയായി.
ഞാൻ വീണ്ടൂം ഠീം!!!

പെണ്ണു കൊണ്ടൂവന്ന ചായമാത്രം കുടിച്ച് ഞാൻ ഇറങ്ങി.
വീടുന്റെ ഗെയ്റ്റിൽ പെണ്ണിന്റെ ചേച്ചിയുടെ കൊച്ച് ഏതാണ്ടൊക്കെ തിന്നു കൊണ്ട് നിൽപ്പുണ്ട്. അവന്റെ കൈയ്യിൽ ജിലേബിയും ലഡുവും ക്രീം ബിസ്ക്കറ്റും ഞാൻ കണ്ടൂ...
"തിന്നടാ തിന്ന്...തിന്ന്" എന്ന് ഞാൻ മനസിൽ പറഞ്ഞതും,
"മമ്മീ എനിക്ക് അപ്പി മുട്ടൂന്നു" എന്ന് പറഞ്ഞ് ആ ചെറുക്കൻ അവിടെ തന്നെ നിക്കറൂരി അപ്പിയിടാൻ ഇരുന്നു.
ഇനി എന്റെ കൊതികൊണ്ടങ്ങാണം ആയിരിക്കുമോ ആ ചെറുക്കനു അപ്പിയിടാൻ മുട്ടിയത് ???
പണ്ടൊക്കെ പിന്നെ പിന്നെ എന്നായിരുന്നു ഉടേ തമ്പുരാൻ...ഇപ്പം ഒന്നും പെൻഡിംങ് വെയ്ക്കുന്ന പരുപാടി ഉടേ തമ്പുരാനില്ല!!!

അതും നടന്നില്ല...
പിന്നീട് പോയിക്കണ്ടതും നടന്നില്ല....
അവസാനം... നൂറ്റിയൊന്നാമത്തെ പെണ്ണുകാണൽ
ഒറ്റവാക്കിൽ പറഞ്ഞാൽ
പോയി..കണ്ടൂ..ഇഷ്ട്പ്പെട്ടൂ..കല്യാണം ഉറപ്പിച്ചു...

അങ്ങനെ കല്യാണ ദിവസം....
ഞാനും പെണ്ണും പള്ളിയിൽ വന്നു...
അച്ചൻ ഞങടെ കൈയ്യിൽ മോതിരം ഇട്ടൂ...
പിന്നെ എന്റെ കഴുത്തിൽ മാല ഇട്ടു...
പിന്നെ അവടെ കഴുത്തിൽ മാല ഇട്ടു....

ഇനി മിന്നു കെട്ട്.. എന്നെ അവടെ പുറകിൽ നിർത്തി. അതുവരെ കാലിയായ പള്ളിയിൽ നിറയെ ആൾക്കാർ... പള്ളിപ്പറമ്പിൽ മുറുക്കിക്കൊണ്ടും, പുകവലിച്ചു കൊണ്ട നിന്നവന്മാരും,വായിനോക്കി നിന്നവന്മാരെല്ലാം ആ നിമിഷം നേരിട്ട് കാണാൻ പള്ളിക്കകത്തേക്ക് കയറി. വനംവകുപ്പ് വെച്ച കെണിയിൽ വീണ കടുവയുടെ ഫോട്ടോ എടുക്കാൻ ഇടിക്കുന്നതുപോലെ എല്ലാവന്മാരും മൈബൈൽ ഫോണും ഡിജറ്റൽ ക്യാമറയുമായി ഞാൻ മിന്നുകെട്ടൂന്നത് പിടിക്കാൻ കാത്തുനിന്നു.... കെണിയിൽ വീണ കടുവയും താലികെട്ടാൻ നിക്കുന്ന ചെറുക്കനും ഏകദേശം ഒരേ അവസ്ഥയിൽ തന്നെയാണല്ലേ?? ഇനി ഒരു രക്ഷപെടൽ ഇല്ല !!! :)
(വെണമെങ്കിൽ രക്ഷപെട്ടോ എന്ന് പറഞ്ഞ് ചെറുക്കനെ കുതിരപ്പുറത്താ നോർത്ത് ഇന്ത്യയിലൊക്കെ കല്യാണത്തിനു കൊണ്ടുവരുന്നതെന്ന് കല്യാണം കഴിഞ്ഞതിനു ശേഷം അവൾ പറഞ്ഞു തന്നു.. ഇവൻ ഒരിക്കലും രക്ഷപെടല്ലന്ന് കരുതിയായിരിക്കണം കറുത്ത ചില്ലുള്ളകാരിൽ ഗ്ലാസ് പോക്കിവെച്ച് ചെറുക്കനെ കെട്ടിക്കാൻ കൊണ്ടൂ പോകുന്നത്)

അച്ചൻ മിന്നുമാല എടുത്ത് എന്റെ കൈയ്യിൽ തന്നു... ഞാനതും പിടിച്ച് നിന്നു..
"കെട്ട്..കെട്ട്" അച്ചൻ പറഞ്ഞു.
മിന്നു കെട്ടാതെ നിൽക്കുന്ന എന്നെ അവൾ തിരിഞ്ഞു നോക്കി..

"നീ ഒരു പാട്ടുകേൾക്കുന്നുണ്ടോ?" ഞാൻ അവളോട് ചോദിച്ചു.

"ക്യാ..."

"ഹേയ് ഒന്നുമില്ല" ഞാൻ പറഞ്ഞു.

"എന്താ മിന്നു കെട്ടാത്തത്?" അച്ചൻ ചോദിച്ചു

മാന്നാർ മത്തായിൽ സായ്കുമാർ ഇന്നസെന്റിനോട് "മത്തായിച്ചാ ,മത്തായിച്ചൻ ഒരു പാട്ടുകേൾക്കുന്നുണ്ടോ" എന്ന് ചോദിക്കുന്നതുപോലെ ഞാൻ അച്ചനോട് ചോദിച്ചു

"അച്ചോ..അച്ചനൊരു പാട്ടു കേൾക്കുന്നുണ്ടോ?"

"ഉണ്ടല്ലോ"

"ഏതു പാട്ടാ അച്ചാ" ഞാൻ ചോദിച്ചു.

"ക്വയറുകാരു പാടുന്ന പാട്ട്"അച്ചൻ പറഞ്ഞു.

ശുഭചിഹ്നം താൻ സ്ലീബാ
വിജയകൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം*

"അച്ചോ,ഈ പാട്ടല്ല വേറെ പാട്ട്, മാന്നാർ മത്തായിയിലെ പാട്ട്" ഞാൻ പറഞ്ഞു.

"അതെ,ക്വയറു മത്തായി മാസ്‌റ്ററിന്റെ ആണല്ലോ?" അച്ചൻ പറഞ്ഞു.

"നീ വേഗം കെട്ട് സമയം രണ്ടുമണിയായി." അച്ചൻ പിന്നയും പറഞ്ഞു.

അപ്പോഴാണ് വിശപ്പിനെക്കുറിച്ച് ഞാൻ ഓർത്തത്.ഇനി പാട്ടിനെക്കുറിച്ച് ചിന്തിച്ചിട്ടോന്നും കാര്യമില്ല. പിന്നെ ഒന്നും നോക്കിയില്ല.ഒരിക്കലും അഴിക്കാൻ പറ്റാത്തതുപോലെ മിന്നു നൂലിൽ അഞ്ചാറ് ആൺകെട്ട് കെട്ടി..,മിന്നു കെട്ടി ഞാനവളെ എന്റെ ഭാര്യയാക്കി . അവസാനം കെട്ടിയത് മതി എന്ന് അച്ചനു പറയേണ്ടി വന്നു. ഞാൻ മിന്നു കെട്ടിയതും പള്ളിക്കക്കകത്ത ഇടിച്ചു കയറിയവന്മാർ അവിടെ നിന്ന് മുങ്ങി കല്യാണഹാളിന്റെ ഷട്ടറിന്റെ മുന്നിൽ പൊങ്ങി.!!!

അവസാനം അച്ചൻ അവളുടെ കൈയ്യിൽ എന്റെ കൈയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു

"ഇതാ ഈ സമയം മുതൽ നിന്ങളെ പരസ്പരം ഭരമേൽപ്പിക്കുന്നു.... ഭർത്താവ് നഗ്നനായിരുന്നാലും ഭാര്യയ്ക്ക് ഉടുക്കാൻ നൽകണം..വിശന്നിരുന്നാലും ഭാര്യയ്ക്ക് ആഹാരം നൽകണം....."

ശരിയച്ചോ ഞാൻ അതുപോലെ ചെയ്തോളാം.... ഞാൻ മനസിൽ സമ്മതിച്ചു.ഒന്നുമല്ലങ്കിലും എന്റെ പൊട്ടത്തരങ്ങൾക്കെല്ലാം കൂട്ടൂനിൽക്കുന്നവളാണല്ലോ....

കല്യാണ രജിസ്റ്ററിൽ ഒപ്പിടാൻ നേരത്ത് വേറൊരു പാട്ട് ഞാൻ കേട്ടു. മാന്നാർമത്തായിയിലെ പാട്ടല്ല... ദേ ഈ പാട്ട്

ഈ ഭൂവിതിൽ ദൈവം സൃഷ്ടിച്ച
പറുദീസയല്ലോ കുടുംബം
സർവ്വ സൗഭാഗ്യ സന്തോഷങ്ങളും
നിറഞ്ഞൊരു കൂട്ടായ്മയല്ലോ കുടുംബം
ഒരുമയും പ്രാർത്ഥനയും
നിറയും ദേവാലയം കുടുംബം......

ഞങ്ങൾ സ്ലോമോഷനിൽ കൈപിടിച്ച് വരുന്നതോടെ മറ്റൊരു യാത്ര ആരംഭിക്കുന്നു...
വീഴ്ചകളിൽ പരസ്പരം താങ്ങാവുന്ന യാത്ര....അപ്പോ....
ശുഭയാത്ര

*ഈ പാട്ടാണ് ഓർത്തഡോക്സ് വിവാഹത്തിൽ മിന്നുകെട്ടുമ്പോൾ പാടുന്നത്.

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :: ഇതെന്റെ ആത്മകഥയിലെ ഭാഗം അല്ല (ലേബൽ നോക്കുക)

6 comments:

ajith said...

ഹഹഹ
കോമഡി ട്രാക്ക് പിടിച്ചു അല്ലേ?
കൊള്ളാം

jayanEvoor said...

ഇതും കൊള്ളാം!
രസകരം!
(ഇനിയും ഞാൻ ലിങ്കിടുന്നില്ല. എന്റെ കല്യാണം എ.ഡി 2000 ത്തിൽ ആയിരുന്നു!! )

dinesh cr said...

kollaam ,.,.,.

Villagemaan/വില്ലേജ്മാന്‍ said...

എല്ലാം വിധിപോലെ!!!

ഉദയപ്രഭന്‍ said...

ഗുലുമാല്‍ ഗുലുമാല്‍ അവനവന്‍ കുരുക്കുന്ന കുരുക്കഴിചെടുക്കുമ്പോള്‍ ഗുലുമാല്‍

shahana beegom said...

നന്നായിട്ടുണ്ട് സുന്ദരാ..

: :: ::