സമയം 1.15 പിഎം
ചെന്ങന്നൂർ റെയിൽവേ സ്റ്റേഷൻ
തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്കുള്ള 12625 ആം നമ്പർ കേരള എക്സ്പ്രസ് വരുന്നതിനുള്ള അറിയിപ്പ് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും മുഴന്ങി. പേഴ്സിൽ നിന്ന് ടിക്കറ്റ് ഒന്നുകൂടി എടുത്ത് നോക്കി.
S6 ലെ 53 ഉം 56 ഉം സീറ്റുകൾ.
56 സൈഡ് സീറ്റ് അപ്പർ ബർത്ത് ആണ്. 53 മിഡിൽ ബെർത്തും.
കൃത്യ സമയം പാലിച്ചു കൊണ്ട് ട്രയിൻ വന്ന് പ്ലാറ്റ് ഫോമിൽ നിന്നു. ഐലഡിനു ക്രോസിംന്ങ് കൊടുക്കാൻ ഉള്ളതുകൊണ്ട് തിരക്ക് പിടിക്കാതെ ട്രയിനിൽ കയറി. സീറ്റ് തിരക്കി പെട്ടിയും ബാഗുമായി ചെല്ലുന്നതു കണ്ടപ്പോൾ 56 ല് ഇരുന്ന മാന്യദേഹം ഒറ്റക്കണ്ണിട്ട് നോക്കി താൻ ഉറക്കത്തിന്റെ അഗാധ ഗർത്തത്തിലാണന്ന് തോന്നിപ്പിക്കാൻ ശ്രമിച്ച ഉടൻ തന്നെ ദേഹന്റെ ഫോൺ ബെല്ലടിച്ചു. ഉറക്കം തുടരണോ ഫോൺ എടുക്കണോ, ഫോൺ എടുത്താൽ സീറ്റിൽ നിന്ന് എഴുന്നേൽക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ച് കുറച്ച് കഴിഞ്ഞിട്ടാണ് മാന്യദേഹം ഫോൺ എടുത്തത്.
കണ്ണടച്ച് തന്നെയാണ് മാന്യ ദേഹൻ ഫോൺ എടുത്തത്. കണ്ണു തുറന്ന് നോക്കിയാൽ ഞാൻ 56 ആം സീറ്റിനു അവകാശം ഉന്നയിക്കുമെന്ന് അദ്ദേഹത്തിനു അറിയാം. അദ്ദേഹം ഫോൺ പോക്കറ്റിലേക്ക് തിരുകിയതും കേരളകോൺഗ്രസ് ധനകാര്യ വകുപ്പിനു അവകാശം ഉന്നയിച്ചതുപോലെ ഞാൻ 56 ആം സീറ്റിനു അവകാശം ഉന്നയിച്ചു. എന്റെ അവകാശം കണ്ടില്ലന്ന് നടിച്ച് വീണ്ടും കണ്ണട്യ്ക്കാൻ ശ്രമിച്ചു എങ്കിലും ടിക്കറ്റ് നീട്ടി ഞാൻ അവകാശം ഉന്നയിച്ചപ്പോൾ 'അടുത്ത് സ്റ്റേഷനിൽ ഇറന്ങാനാ' എന്ന് പറഞ്ഞ് എന്റെ അവകാശം അടുത്ത സ്റ്റേഷന് വരെ മാറ്റിവെപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അടുത്ത സ്റ്റേഷനായ തിരുവല്ല മുതൽ ഞാനായിരിക്കും അടുത്ത മൂന്നു ദിവസത്തിനേക്ക് 56 ആം നമ്പർ സീറ്റിന്റെ അവകാശി എന്ന് മനസിനെ ഓർമ്മിപ്പിച്ച് 53 ആം സീറ്റിന്റെ അടിയിലേക്ക് ബാഗ് വെയ്ക്കാനായി മാറി. 56 ന്റെ സൈഡ് അപ്പർ ബർത്തിലും 56 ആം സീറ്റിന്റെ അടിയിലും 53 ആം സീറ്റിന്റെ അടിയിലും ആയി മൂന്നു ബാഗും ഒരു പെട്ടിയും ഉറപ്പിച്ച ക്ഷീണത്തിൽ 53 ആം സീറ്റിലും 54 ആം സീറ്റിലുമായി ഞന്ങൾ വിശ്രമിച്ചു.
52 ആം സീറ്റിൽ ഇരുന്ന് ഒരു മലയാളി സ്വാമി ആഹാരം കഴിക്കുന്നുണ്ട്. അദ്ദേഹവും കൂടെയുള്ള രണ്ടു പേരും എറണാകുളംവരെയേ ഉള്ളു സംസാരത്തിൽ നിന്ന് മനസിലായി. എതിർ വശത്തെ സീറ്റിൽ ആന്ധ്രയ്ക്കുള്ള സ്വാമിമാരാണ്. അവരുടെ സമ്മതം വാന്ങി സ്വാമിയും കൂട്ടുകാരും ആഹാരം കഴിക്കുകയാണ്.അടുത്ത സ്റ്റേഷനായ തിരുവല്ലയിൽ എത്തുന്നതിനുമുമ്പ് 56 ആം സീറ്റിന്റെ കൈയ്യേറ്റക്കാരൻ സ്വയമേ ഒഴിവായി. ഏതായാലും ആ സീറ്റ് ഇനി ആരും കൈയ്യേറാൻ വരില്ല എന്ന് ആശ്വസിച്ച് 54ല് തന്നെ ഇരുന്നു. 54ആം സീറ്റിനു പട്ടയം കിട്ടിയവൻ എറണാകുളത്തു നിന്നേ കയറുകയുള്ളു എന്ന് റിസർവേഷൻ ചാർട്ടിൽ നിന്ന് മനസിലാക്കിയിരുന്നു.അതുകൊണ്ട് 54 ല് ധൈര്യമായി ഇരിക്കാം. ആരും ഒഴിപ്പിക്കൻ ടിക്കറ്റും കാണിച്ച് വരില്ലല്ലോ!!!
ട്രയിൻ തിരുവല്ലയിൽ നിർത്തിയതും ഞന്ങളുടെ സീറ്റിന്റെ അവിടെ ഒരു ബഹളം കേൾക്കാം. തുറന്നിരിക്കുന്ന എമർജൻസി വിനഡോയിലൂടെ ഒരു ബാഗ് 56ല് വന്നു വീണു. ബാഗിനെ സപ്പോർട്ട് ചെയ്ത് എട്ട് പത്ത് കൈകളും പ്ലാറ്റ്ഫോമിൽ നിന്ന് എമർജൻസി വിൻഡോയിലൂടെ 56 ആം നമ്പർ സീറ്റിന് ഓസോൺപാളിയുടെ സംരക്ഷണം പോലെ നീണ്ടു. ഒരു പോർട്ടർ നാലഞ്ച് ബാഗും രണ്ട് മൂന്ന് കവറും 55,56 സീറ്റിലേക്ക് അൺലോഡ് ചെയ്തു.
"ഇതാണ് നമ്മുടെ സീറ്റ്" എന്നാരോ പറയുന്നത് കേട്ട് നോക്കി. രണ്ട് പെട്ടി താന്ങി ഒരു ചേട്ടൻ. കൂടെ ചേച്ചി.തീർന്നില്ല. വീണ്ടും രണ്ട് ബാഗുമായി ചേട്ടന്റേയും ചേച്ചിയുടെയും മകൾ. ആകെ മൂന്നുപേരും പത്തോളം ലഗേജുകളും. അതും 56 ആം സീറ്റിൽ കൈയ്യേറ്റം നടത്താൻ. 56 ആം സീറ്റിന്റെ കൈവശാവകാശ രേഖയായ ജേർണി കം റിസർവേഷൻ ടിക്കറ്റ് കൈവശം ഉള്ളടത്തോളം കാലം അനധികൃത കൈയ്യേറ്റം ഒരു ദൗത്യ സേനയുടേയും സഹായം ഇല്ലാതെ ഒഴിപ്പിക്കാൻ കഴിയുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ നമ്മൾ വിചാരിക്കുന്നതുപോലെയല്ലല്ലോ എല്ലാം സംഭവിക്കുന്നത്. സർക്കാരിന്റെ കൈയ്യിൽ എല്ലാ രേഖയുണ്ടന്നും പറഞ്ഞിട്ടും മന്ത്രിമാർ കാണിച്ചിട്ടും ഒരൊറ്റ കൈയ്യേറ്റ എസ്റ്റേറ്റിൽ നിന്നുപോലും ടാറ്റയേയോ മറ്റുള്ള കൈയ്യേറ്റക്കാരയോ ഒഴിപ്പിക്കാൻ പറ്റിയിട്ടില്ലല്ലോ?
"ദേ നമ്മുടെ സീറ്റിന്റെ ബർത്തിൽ ആരോ സാധനം വെച്ചിരിക്കുന്നു" ചന്ദ്രനിൽ കല്ലും മണ്ണും വെള്ളവും ഉണ്ടന്ന് കണ്ടത്തിയ ശാസ്ത്രജ്ഞനെപ്പോലെ കണ്ടുപിടിത്തം നടത്തിയത് ചേട്ടന്റേയും ചേച്ചിയുടേയും മകളാണ്.
"ദേ സീറ്റിന്റെ അടിയിലും സാധനം വെച്ചിട്ടുണ്ട്" ഈ കണ്ടു പിടിത്തം നടത്തിയത് പോർട്ടർ ആണ്. കണ്ടുപിടിത്തം എമർജൻസി വിൻഡോയിലൂടെ പ്ലാറ്ഫോമിലേക്ക് എത്തിയതും ഓസോൺ പാളി പോലെ നിന്ന കൈകൾ പിൻവലിക്കപ്പെട്ടു. കൈകൾക്ക് പകരം പലപ്രായത്തിലുള്ള തലകൾ അത്ഭുതം കാണാൻ എമർജൻസി വിൻഡോയിലൂടെ അകത്തേക്ക് നീണ്ടു. തലകൾ അകത്തേക്ക് വരുന്നതിനോടൊപ്പം വരുന്ന തലകളിൽ നിന്ന് ഓരോരോ അഭിപ്രായവും വരുന്നുണ്ട്.
"അവിടിരിക്കുന്ന സാധനം മാറ്റിവെച്ചിട്ട് നിന്ങടെ സാധനം വെക്ക്"എന്നുള്ള മിതാഭിപ്രായം മുതൽ "അവിടിരിക്കുന്ന സാധനം എടുത്ത് വെളിയിൽ കളയ്" എന്നുള്ള തീവ്രസ്വഭാവ അഭിപ്രായന്ങൾ വരെ ന്യൂസ് അവറിലെ ചർച്ചകളിലെ പോലെ എത്തിവരുന്ന തലകളിൽ നിന്ന് വരുന്നത് ഞാൻ ഭീതിയോടെ കേട്ടു.
എനിക്കും ഒരു സംശയം.
56 എന്റെ സീറ്റ് തന്നെയാണോ?
ഞാനിനി S6 ല് തന്നെയാണോ കയറിയിരിക്കുന്നത്.
ഏതായാലും എനിക്കും ഭാര്യയ്ക്കും തെറ്റിയാലും ഞന്ങളെ ട്രയനിൽ കയറ്റി വിടാൻ വന്ന അപ്പായ്ക്കും അമ്മായ്ക്കും തെറ്റില്ല. സംശയം തീർക്കാൻ ഞാൻ അവളൊട് ചോദിച്ചു.
"എടീ കൊച്ചേ നമ്മളു കയറിയത് S6 ല് തന്നെ അല്ലേ?"
"അതെ ചേട്ടാ"എന്ന് അവൾ പറഞ്ഞു. എതിർവശത്തിരിക്കുന്ന സ്വാമിമാരോട് ചോദിച്ച് ഞന്ങൾ കയറിയിരിക്കുന്നത് S6 ല് തന്നെ ആണന്ന് ഉറപ്പിച്ചു. ട്രയിനിന്റെ ഹോൺ മുഴന്ങിയതും എമർജൻസി വിൻഡോയിൽക്കുടി അകത്തേക്ക് വന്ന തലകൾ പുറത്തേക്ക് വലിക്കപ്പെട്ടു. എന്തും വരട്ടേ എന്ന് കരുതി ഞാൻ അടുത്ത കൈയ്യേറ്റക്കാരോട് 56 ആം സീറ്റിന്റെ അവകാശം ഉന്നയിക്കാനായി എഴുന്നേറ്റു.
56 എന്റെ സീറ്റാണ് ഞാൻ അവരോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ കെട്ടിട്ടും കേൾക്കാത്ത ഭാവം കാണിച്ചതാണോ എന്നറിയില്ല, ഏതായാലും ഞാൻ പറഞ്ഞത് അവരു കേട്ടില്ല. ഉമിനീർ ഇറക്കി തൊണ്ട നനച്ചിട്ട് ഞാൻ വീണ്ടും പറഞ്ഞു
"ഈ 56 എന്റെ സീറ്റാണ്"ഞാൻ പറഞ്ഞത് ചേച്ചി കേട്ടു. ചേച്ചി മകളെ നോക്കി. ചേച്ചിയും മകളും കൂടി ചേട്ടനെ നോക്കി. അവസാനം മൂവരും കൂടി ഒരുമിച്ച് എന്നെ നോക്കി. ഉമ്മറും ബാലൻ കെ നായരും ജനാർദ്ദനനും(പഴയ) കൂടി ഒരുമിച്ച് നായികയെ നോക്കിയാൽ നായികയുടെ അവസ്ഥ എന്ങനെയായിരിക്കും. ആ അവസ്ഥയിൽ ആയി ഞാൻ. ശബദ്ദത്തിലെ പതർച്ച വെളിയിൽ കാണിക്കാതെ ഞാൻ വീണ്ടും പറഞ്ഞു.
"ഈ 56 ആം സീറ്റ് ഞന്ങളുടേതാണ്"
എന്നിലേക്കുള്ള നോട്ടം പിൻവലിച്ച് നോട്ടം അവർ മൂവരും തമ്മിലായി.
ആശ്വാസമായി..
ഞാൻ പറഞ്ഞത് അവർക്ക് മനസിലാവുക മാത്രമല്ല. അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു.
ഒരു കൈയ്യേറ്റം എത്ര സിമ്പിളായി ഞാൻ ഹാൻഡിൽ ചെയ്തന്ന് നോക്കടീ എന്ന് മനസിൽ പറഞ്ഞ് ഭാര്യയെ നോക്കി. അവളുടെ നോട്ടം 56 ല് തന്നെയാണന്ന് മനസിലാക്കി ഞാൻ എന്റെ നോട്ടം 56 ലേക്കാക്കി.ചേച്ചി 56 ആം സീറ്റിന്റെ ചാരി ഇരിക്കുന്ന ഭാഗം മറിച്ചിട്ട് അവിടെ ഇരുന്ന് കഴിഞ്ഞു. എറണാകുളത്ത് നിന്ന് കയറുന്നവന് 56ആം സീറ്റ് കൊടുത്ത് അവന്റെ 54ആം സീറ്റിൽ ഇരിക്കാം എന്നുള്ള പ്രതീക്ഷയാണ് ചേച്ചി നിവർത്തി ഇട്ടിരിക്കുന്നത്. ഏതാണങ്കിലും ദൈവം കണ്ണിൽ ചോര ഇല്ലായ്മ കാണിക്കത്തില്ലല്ലോ? ഏതായാലും ഒരു വഴി കാണിച്ചു തരും. ടിടിആറിന്റെ വേഷത്തിൽ ദൈവം വരുന്നതും കാത്ത് ഞാൻ ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ കൈയ്യേറ്റക്കാരുടെ പശ്ചാത്തലം മനസിലായി.
ചേച്ചിക്കും മകൾക്കും ഉള്ള റിസർവേഷൻ ആർഎസി ആണ്. ചേട്ടന്റേത് വെയ്റ്റിംന്ങ് ലിസ്റ്റും. ചേച്ചിയേയും മകളുടെയും ആർഎസി 55. ആ 55ന്റെ പിൻബലത്തിലാണ് 56 ലേക്കുള്ള അധിനിവേശം. ആർഎസി- വെയ്റ്റിംന്ങ് ലിസ്റ്റ് ടിക്കറ്റിന്റെ ബലത്തിൽ അഞ്ചാറു ബാഗും രണ്ട്മൂന്ന് പെട്ടിയുമായി ഡൽഹിവരെ പോകാൻ വന്ന അവരുടെ ആത്മവിശ്വാസത്തെ സമ്മതിക്കണം!!!
ചേച്ചിയും മകളും ഫോൺ എടുത്ത് കുത്താൻ തുടന്ങി.
"നിന്നോടാരു പറഞ്ഞു ആർഎസി ടിക്കറ്റ് എടുക്കാൻ?", "ഇന്നത്തേക്ക് കിട്ടിയില്ലങ്കിൽ നാളെ കൺഫേം ടിക്കറ്റ് എടുത്താൽ പോരായിരുന്നോ?" എന്നൊക്കെയുള്ള ഒരു നൂറ് ചോദ്യന്ങൾ ചേച്ചിയും മകളും കൂടി ആരോടോ ചോദിക്കുന്നത് കേട്ടു. ആഴ്ചകൾക്ക് മുമ്പ് ബുക്കിംന്ങ് തീരുന്ന കേരള എക്സ്പ്രസിലാണ് നാളത്തേക്കൂള്ള കൺഫേം ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാത്തതിന് ചേച്ചിയും മകളും കൂടി കുരിശിൽ കയറ്റുന്നത് !!! എറണാകുളം വരെ 54 ല് തന്നെ ഇരിക്കാനും എറണാകുളത്ത് നിന്ന് 54 ന്റെ കൈവശക്കാരൻ വരുമ്പോൾ ചേച്ചിയുടെ 56 ആം നമ്പർ സീറ്റിന്റെ കൈയ്യേറ്റം ഒഴിപ്പിക്കാനും തീരുമാനിച്ച് ഞന്ങൾ 53ലും 54ലും ഇരുന്നു.
എറണാകുളത്ത് നിന്ന് 54 ആം നമ്പർ സീറ്റിന്റെ കൈവശക്കാരൻ കയറി. പാനിപ്പട്ടിൽ എഞ്ചിനീയറിംഗിംന് പഠിക്കുന്ന ഒരു പത്തൊൻപതുകാരൻ. അവനോട് സംസാരിച്ച് അവനെ 56 ആം സീറ്റിലേക്ക് ആക്കാമെന്ന് കരുതി അവനോട് സംസാരിക്കാൻ തുടന്ങി. അവൻ പഠിക്കുന്ന കോളേജിൽ ഇരുപത്താറ് മലയാളികളെ ഉള്ളു എന്നും സെമസ്റ്റർ അവധി കഴിഞ്ഞ് അവർ തിരികെ പോകുവാണന്നും ഒക്കെയുള്ള കാര്യന്ങൾ അവനിൽ നിന്ന് ശേഖരിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. അവന്റെ കൂട്ടുകാർ അടുത്ത് കമ്പാർട്ട്മെന്റിൽ ഉണ്ട്. അവൻ അവരുടെ കൂടെ ഇരിക്കാൻ പോവുകയാണന്നും ഉറന്ങാൻ സമയത്ത് ബർത്തിന്റെ അവകാശം ചോദിക്കാനേ അവൻ വരികയുള്ളു എന്നും പറഞ്ഞ് അവൻ അടുത്ത കമ്പാർട്ടുമെന്റിലേക്ക് പോയി.അന്ങനെ 54 ന്റെ ഇരുപ്പ് അവകാശം എനിക്കായി. എന്റേയും ഭാര്യയുടേയും ഇരുപ്പും സംസാരവും കേട്ടിട്ട് സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി പയ്യൻ പോയതാവാനും മതി. അവന്റെ പിന്മാറ്റം ഒരു വഴിക്ക് എനിക്ക് സന്തോഷം നൽകിയെങ്കിലും എന്റെ 56 ആം സീറ്റില് ഇരിക്കാനുള്ള അവകാശം ഉന്നയിക്കാൻ ഒരു കാരണം ഇല്ലാതായല്ലോ എന്നുള്ളത് എന്നെ സങ്കടപ്പെടുത്തി. 55 ലും 56 ലും ആയി ചേച്ചിയും വിസ്തരിച്ചിരുന്നു. ചേട്ടൻ സ്വാമിമാരുടെ സീറ്റിലുമായി യാത്ര തുടർന്നു. സ്വാമിമാർക്ക് ലഗേജുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ചേട്ടൻ-ചേച്ചിമാരുടെ ലഗേജുകൾ വെക്കാൻ സ്ഥലത്തിന് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.
ആലുവായിൽ ട്രയിൻ നിർത്തിയപ്പോൾ ഒരു പെൺകൊച്ച് ഞന്ങടെ കമ്പാർട്ടുമെന്റിൽ കയറി. അല്പം അഡ്ജസ്റ്റ് ചെയ്യാമോ അടുത്ത സ്റ്റേഷനായ തൃശ്ശൂരിൽ ഇറന്ങാനാണ് എന്നൊക്കെ ചേച്ചിയോടും മകളോടും പറഞ്ഞു. ഞന്ങൾ ഇരിക്കുന്ന സീറ്റിൽ ഇപ്പോൾ തന്നെ നാലു പേർ ഇരിക്കുന്നതുകൊണ്ട് ഒരാളെക്കൂടി ഇരുത്താനുള്ള സ്ഥലം ഇല്ലായിരുന്നു. ആ പെൺകൊച്ച് രണ്ടു മൂന്നു പ്രാവിശ്യം ഒന്നു അഡ്ജസ്റ്റ് ചെയ്യാമോ എന്ന് അവരോട് ചോദിച്ചു. കാലു വേദനമുതൽ പ്രഷറും ഷുഗ്ഗറും വരെയുള്ള അസുഖന്ങളുടെ ലിസ്റ്റ് നിരത്തിയും കാലു നീട്ടി വെക്കാതിരുന്നാൽ തനിക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ചേച്ചി ആ പെൺകൊച്ചിന് സ്റ്റഡി ക്ലാസ് എടുത്തു. എന്റെ 56 ആം സീറ്റിൽ കാലു നീട്ടി ഇരുന്നാണ് ചേച്ചി ക്ലാസ് എടുക്കുന്നത്. എങ്കിൽ 55ആം സീറ്റിൽ ഇരിക്കുന്ന മകളൊട് പറഞ്ഞ് ആ പെങ്കൊച്ചിന് അല്പം സ്ഥലം കൊടുക്കാൻ ആ ചേച്ചി ശ്രമിച്ചതും ഇല്ല. പെൺകൊച്ചിന്റെ സ്ഥലം തേടൽ കണ്ട് എന്റെ എതിർവശത്ത് ചേട്ടനോട് ഒപ്പം ഇരുന്ന ആന്ധ്രക്കാരൻ സ്വാമി എഴുന്നേറ്റ് ആ പെൺകൊച്ചിന് സ്ഥലം നൽകാൻ പോകുന്നു എന്ന് കണ്ടപ്പോൾ ചേച്ചിയും മകളും കാലല്പം മടക്കി ആ പെൺകൊച്ചിന് മൂട് ഉറയ്ക്കാൻ വേണ്ടി മാത്രം അല്പം സ്ഥലം നൽകി.
അന്ങനെ ഒന്നാം ദിവസം പകൽ കഴിഞ്ഞു.
രാത്രിയിൽ 56 ആം നമ്പർ ബർത്തിൽ കയറിക്കിടന്ന് ഞാൻ ഉറന്ങി.
രണ്ടാം ദിവസം...
എനിക്ക് ഇന്ത്യൻ റയിൽവേ മൂന്നു ദിവസത്തേക്ക് പതിച്ച് തന്ന 12625 തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസിലെ S6 ലെ 56 ആം നമ്പർ സീറ്റ് മറ്റൊരാൾ കൈയ്യേറി ഇരിക്കുന്നത് കണ്ടിട്ടൂം വെറുതെ ഞാൻ ഇരുന്നു. ഇറന്ങുന്നതിനുമുമ്പ് ഒരിക്കലെങ്കിലും ഒരു മിനിട്ട് നേരം എങ്കിലും ആ സീറ്റിൽ ഒന്ന് ഇരിക്കണം എന്ന് ആഗ്രഹിച്ചു. ആ ആഗ്രഹത്തോടൊപ്പം വേറെ ഒരു ആഗ്രഹവും എനിക്കുണ്ടായി, "മോനേ,ഞാൻ നിന്റെ 56 ആം സീറ്റിൽ ഇരുന്നോട്ടെ" എന്ന് ചേച്ചിയോ ചേട്ടനോ വെറുതെ എങ്കിലും ചോദിക്കുമെന്ന് ഞാൻ കരുതി. ഒന്നാം ദിവസം അതുണ്ടായില്ല. രണ്ടാം ദിവസം എങ്കിലും അതുണ്ടാകുമെന്ന് ഞാൻ കരുതി.
എന്ങനെയെങ്കിലും 56 ആം സീറ്റിൽ കുറച്ചു സമയം എങ്കിലും ഇരിക്കണം എന്ന് കരുതി രണ്ടാം ദിവസം അതിരാവിലേ എഴുന്നേറ്റു. അതിരാവിലെ ബുദ്ധികൂടുതൽ പ്രവർത്തിക്കുമെന്ന് കരുതിയത് വെറുതെയായി. തലയിൽ ഒരു ഐഡിയായും വന്നില്ല. റോമിംന്ങിൽ കാശ് പോകേണ്ടാ എന്ന് കരുതി ഐഡിയ വീട്ടിൽ വെച്ചിട്ട് വന്നതിൽ ഞാൻ സങ്കടപ്പെട്ടു. ചേച്ചി എഴുന്നേറ്റ് പല്ലു തേക്കാൻ പോകുമ്പോഴെങ്കിലും കുറച്ചു സമയം 56 ആം സീറ്റിൽ കയറി ഇരിക്കാമെന്ന് കരുതി ചേച്ചി പല്ലു തേക്കാൻ പോകുന്നതും നോക്കി ഞാൻ ഇരിക്കാൻ തുടന്ങി.പണ്ടത്തെ നാടോടി കഥയിലെ അപ്പൂപ്പൻ മരപ്പട്ടിയെ പിടിക്കാൻ പഞ്ഞി മരത്തിൽ കയറി ഇരുന്ന അവസ്ഥയിലായി ഞാൻ.
പത്തുമണി ആയപ്പോൾ ചേച്ചി എഴുന്നേറ്റു. എന്റെ തന്ത്രം കാലേക്കൂട്ടി അറിഞ്ഞിട്ടോ എന്തോ ട്രാൻസ്പോർട്ട് ബസിൽ കുടവെച്ച് സീറ്റ് ബുക്ക് ചെയ്യുന്നതുപോലെ കുടം പോലെയുള്ള മകളെ പിടിച്ച് 56 ല് ഇരുത്തിയിട്ടാണ് ചേച്ചി എഴുന്നേറ്റ് പോയത്. ഇത്തിരിപോന്ന ബസിൽ കുടയാണങ്കിൽ ഒത്തിരിപോകുന്ന ട്രയിനിൽ കുടം തന്നെ.
ചേച്ചിയുടെ കണക്ഷൻ ഐഡിയ ആണന്ന് തോന്നുന്നു.
വാട്ട് ആൻ ഐഡിയ ചേച്ചി!!!!
പത്തനംതിട്ടയിൽ സമരം ചെയ്തിരുന്ന ചെന്ങറ സമരക്കാർക്ക് വയനാട്ടിൽ കുടിലുകെട്ടാനും കൃഷിചെയ്യാനും കഴിയാത്ത ഭൂമി പതിച്ചു കിട്ടിയതുപോലെ ഞാൻ 56 ആം സീറ്റിൽ നോക്കി ഇരിക്കാൻ തുടന്ങി. അല്ലാതെന്തു ചെയ്യാൻ
അന്ങനെ രണ്ടാം ദിവസവും കഴിഞ്ഞു.
മൂന്നാം ദിവസം തുടന്ങിയന്ന് അറിഞ്ഞത് ശരീരം തുളയ്ക്കുന്ന തണുപ്പ് പുതപ്പിനിടയിലൂടെ കയറിയപ്പോഴാണ്. ഇനി യാത്രതീരാനും 56 ആം സീറ്റിൽ ഇരിക്കാനും ഏതാനം മണിക്കൂറുകൾ കൂടിയേ ബാക്കിയുള്ളൂ. അതിനുമുമ്പ് ആ സീറ്റിൽ ഒന്ന് മൂടമർത്താനെങ്കിലും അവസരം കിട്ടുമോ??
ഇല്ല ... ഒരവസരവും കിട്ടിയില്ല...
ആ സീറ്റിൽ ഇരിക്കാൻ ഒരവസരം വേണ്ട... ആ സീറ്റിൽ ഇരുന്നതിനു ഒരു നന്ദിവാക്കെങ്കിലും????
എവിടെ??
ട്രയിനന്ങനെ മൂന്നാം ദിവസം ഒരു മണിക്കൂർ ലേറ്റായി ആഗ്രയിൽ എത്തി. അടുത്ത സ്റ്റേഷനായ മധുരയിൽ ഇറന്ങണോ ആഗ്രയിൽ ഇറന്ങണോ എന്നൊരു ചർച്ച ഞാനും അവളുംകൂടി നടത്തി. നാലു ബാഗുകളുമായി ബസ്സ്സ്റ്റാൻഡിൽ ചെല്ലാനുള്ള സൗകര്യം പരിഗണിച്ച് ഇറന്ങുന്നത് മധുരയിൽ മതി എന്ന് തീരുമാനിച്ചു. ആഗ്ര-മധുര യാത്രാസമയം ഒരു മണിക്കൂർ. ട്രയിൻ ആഗ്രയിൽ നിന്ന് വിട്ട് മുക്കാൻ മണിക്കൂർ കഴിഞ്ഞ് ഞന്ങൾ മൂന്നു ബാഗും ഒരു പെട്ടിയുമായി എഴുന്നേറ്റു. അപ്പോഴും 56 ആം സീറ്റിൽ ഒന്നു ഇരുന്നാലോ എന്ന് ആഗ്രഹിച്ചു എങ്കിലും 56 ആം സീറ്റിൽ നിറഞ്ഞിരിക്കുന്ന ചേച്ചി സീറ്റിൽ ഒരു ഗ്യാപ്പിടാതെയാണ് ഇരിക്കുന്നത് എന്നുള്ളതുകൊണ്ട് ആ ആഗ്രഹം ഞാൻ ഒഴിവാക്കി. ഞന്ങൾ പെട്ടിയുമായി വാതിക്കലേക്ക് പോകുന്നത് കണ്ടിട്ടെങ്കിലും 56 ആം സീറ്റിൽ അവകാശവാദം ഉന്നയിക്കാതിരുന്നതിനും സീറ്റ് വിട്ടുകൊടുത്തതിനും ഞന്ങൾക്ക് ഒരു നന്ദി രേഖപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
ലഗേജുകളുമായി വാതിക്കൽ ചെന്ന് നിന്നിട്ടും ഞാൻ ഇടയ്ക്കിടയ്ക്ക് 56ലേക്ക് നോക്കി കൊണ്ടിരുന്നു. മൂന്നു ദിവസത്തേക്ക് റയിൽവേ പതിച്ചു തന്നിട്ടും ആ സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള സത്യം എന്നിൽ ദുഃഖം ഉണ്ടാക്കി. വാതിക്കൽ നിൽക്കുന്ന ഞന്ങളെ ഇടയ്ക്കിടയ്ക്ക് ചേച്ചിയും മകളും പാളി നോക്കുന്നത് ഞാൻ കണ്ടു. അവർ ഉടൻ വന്ന് നന്ദി രേഖപ്പെടുത്തുമെന്ന് ഞാൻ വെറുതെ കരുതി.
ട്രയിൻ മധുര സ്റ്റേഷനിൽ നിന്നു.
ഞന്ങൾ ഇറന്ങി.
നന്ദിവാക്കുകളുമായി ചേട്ടനോ ചേച്ചിയോ വരുമെന്ന് കരുതി.അവർ നന്ദി പറയാൻ വരുമ്പോൾ ഞന്ങളെ കണ്ടില്ലങ്കിൽ അവരുടെ മനസ് വേദനിച്ചാലോ എന്ന് കരുതി അവരുടെ നന്ദി സ്വീകരിക്കാനായി ഞന്ങൾ ഒരു മിനിട്ട് പ്ലാറ്റ് ഫോമിൽ നിന്നു.
ഇല്ല അവർ വന്നില്ല....
കൈവശാവകാശം പട്ടയം കിട്ടിയ ഭൂമിയിൽ കാലുകുത്താൻ പോലും കഴിയാതെ ദൂരെ നിന്ന് മാത്രം കാണാൻ കഴിഞ്ഞ കൃഷിക്കാരനെപ്പോലെ 12625 ആം നമ്പർ കേരള എക്സ്പ്രസ് ട്രയിൻ പോകുന്നതും നോക്കി ഞന്ങൾ പ്ലാറ്റ് ഫോമിൽ നിന്നു.
എന്നാലും എന്റെ ചേട്ടാ ചേച്ചീ 56 ആം സീറ്റിന്റെ കൈവശക്കാരായ ഞന്ങൾക്ക് ഒരു നന്ദിവാക്കെങ്കിലും പറയാമായിരുന്നു.....
ഏതായാലും വരവന്ങ് പൊലിച്ചു... ഈ രീതിയിൽ ആണങ്കിൽ ഇനി ഒരാഴ്ച എന്തെല്ലാമാണ് ഈ ഹിന്ദി നാട്ടിൽ കാത്തിരിക്കുന്നത്???
5 comments:
എണീറ്റ് മാറു പെണ്ണുമ്പിള്ളേന്ന് ഒന്നു പറഞ്ഞിരുന്നെങ്കില് ഇത്രേം ദണ്ണിക്കണ്ട കാര്യോണ്ടാര്ന്നോ
ഇറങ്ങാന് നേരം ഞങ്ങളുടെ സീറ്റ് കയ്യേറിയതിനു വളരെ നന്ദി, ചേട്ടാ-ചേച്ചീ..ഇനിയും നാട്ടുകാരുടെ അവകാശങ്ങള് കയ്യേറണം ട്ടോ..എന്നു പറഞ്ഞു പോരാമായിരുന്നു.
ഇതിനേക്കാൾ ഉഷാറായൊരു മടങ്ങിവരവ് ആശംസിക്കുന്നു:)
നല്ലിയെ കണ്ടു പഠി ഈശോ .
ഇങ്ങേര് ഇത്രേം പാവാണോ ?
കമന്റ് കണ്ടാ; പറയൂല :)
TTE ഒന്നും വന്നില്ലേ ?
ഞായറാഴ്ച്ച റൂർക്കെലയ്ക്കു പോകണം. തണുപ്പുകാലമല്ലെ എ സി ഇല്ലെങ്കിലെന്താ സ്ലീപ്പറിലെങ്കിലും ടികറ്റ് തരമായല്ലൊന്നു കരുതി ബുക്ക് ചെയ്തു. കയറി ചെന്നപ്പോൾ ബാഗു വരെ വച്ചു സീറ്റ് കയ്യടക്കി ഇരിക്കുന്നു നാലുപേർ. ഭൈമി വേണമെങ്കിൽ മുകളിൽ കയറി കിടന്നോളാൻ ( അവിടെ വേറൊരുത്തന് കിടക്കുന്നും ഉണ്ട്) ഇത് വടക്കെ ഇന്ത്യ
അതു കഴിഞ്ഞു ഇതു വായിച്ചപ്പോൾ ഒന്നും ഇല്ലാത്ത പോലെ ഇതാണൊ പ്രശ്നം?
Post a Comment