Tuesday, June 8, 2010

ബുസിലെ അനോണിയെ പ്രണയിച്ച ചിന്നമ്മ : 2

അങ്ങനെ ചിന്നമ്മ ആദ്യത്തെ ബസ് ഇട്ടു.

ഒരേ ഒരു വാചകം മാത്രം. ഞാന്‍ ചിന്നു. ഈ ബസില്‍ ആദ്യമായിട്ടാ. ആദ്യബസില്‍ തന്നെ 460 കമന്റ് വിണപ്പോള്‍ ചിന്നമ്മ ഞെട്ടി. ചിന്നമ്മയുടെ ബസിലെ തിരക്ക് കണ്ട് സെര്‍‌വര്‍ ഞെട്ടി. ആ ഞെട്ടലില്‍ ഗൂഗിള്‍ ഞെട്ടി. ഇങ്ങനെ ആകെ മൊത്തം ഞെട്ടല്‍. ചിന്നമ്മയുടെ ബസിന് കമന്റിടാന്‍ സൊമാലിയായില്‍ നിന്നു വരെ ആള്‍ക്കാര്‍ വന്നു. അവര്‍ ചിന്നയുടെ ഫോളോവര്‍ ആയി. അവര്‍ക്ക് മലയാളം പഠിക്കാന്‍ ആക്രാന്തം. അവരൂടെ മലയാളം പഠിച്ചാല്‍ ചിന്ന സൊമാലിയന്‍ വനങ്ങളിലേക്ക് പോകും എന്നുള്ളതുകൊണ്ട് സഹബസന്മാര്‍ സൊമാലിയക്കാരെ പച്ചത്തെറിവിളിച്ചു. വിളിയുടെ ബാസുകൊണ്ട് വിളിച്ചത് തെറിയാണന്ന് മനസിലാക്കി സൊമാലിയക്കാര്‍ അവളെ ലൈക്കാന്‍ തുടങ്ങി. പിണങ്ങിപ്പോയ കെട്ടിയവളുടെ ഗൌണുംകൊണ്ട് ബ്ലോഗ് തുടങ്ങി സൂപ്പര്‍ഹിറ്റായവനെപ്പൊലെ ചിന്നയും സൂപ്പര്‍ഹിറ്റാവാന്‍ തുടങ്ങി. സിന്‍സിലയെ തെറിവിളിച്ചവന്‍ ചിന്ന സിന്‍സിലയുടെ ലിങ്ക് ഇട്ടപ്പോള്‍ മനോഹരമായ പാട്ടും വരിയും എന്ന് പറഞ്ഞ് ചിന്നയെ കോള്‍‌മയര്‍ കൊള്ളിച്ചു. ഇത് ചിന്നയുടെ ഒന്നാമത്തെ ബസ് ഘട്ടം ചരിതം.

അങ്ങനെ ചിന്നു എന്ന ചിന്നമ്മ ബസില്‍ സൂപ്പറായി. കമ്പ്യൂട്ടര്‍ എന്ന മഹാസാഗരത്തിന്റെ മുന്നില്‍ പകച്ചു നിന്ന പഴയ ചിന്നമ്മയല്ല ഇന്ന് ചിന്നു. ഇന്നവള്‍ മുത്തും പവിഴവും തപ്പിയെടുക്കുന്നവളാണ്. കൂട്ടിന് എന്തിനും ഏതിനും പോകുന്ന അനോണികള്‍. ചാറ്റില്‍ വാ എന്ന് പറയാന്‍ നില്‍ക്കേണ്ട താമസം പച്ച ലൈറ്റും കത്തിച്ച് ആളുകള്‍ ഓടിച്ചെന്നു. ചുറ്റും അനോണികളും സനോണികളും നിന്ന് നൃത്തമാടുന്ന ചിന്നുവിനെയാണ് നമ്മുടെ കുട്ടപ്പന്‍ പ്രണയിച്ചത്. പ്രണയം എന്ന് പറഞ്ഞാല്‍ മുട്ടന്‍ പ്രണയം. പക്ഷേ ആ പ്രണയം ചിന്നമ്മയോട് പറയാന്‍ മാത്രം കുട്ടപ്പന്റെ മുട്ട് ഇടിച്ചു. ഇന്നല്ലങ്കില്‍ നാളെ അവളെ സ്വന്തമാക്കളമെന്ന് അവന് ആഗ്രഹമുണ്ട്. പക്ഷേ അവളോട് അതെങ്ങനെ പറയും....

വാട്ട് ആന്‍ ഐഡിയ!
ബസില്‍ക്കൂടി അവളെ പ്രണയിക്കാം. ബസില്‍ കൂടി പ്രണയിക്കുന്ന ആദ്യ പ്രണയ്ജോഡികള്‍ ആവുക. ആ വഴി ചിലപ്പോള്‍ പത്രത്തിലൊക്കെ പടം വരും. ചാറ്റ് വഴി മംഗല്യ പന്തലിലേക്ക് എന്നൊക്കെ പത്രത്തില്‍ വരാറുണ്ട്. അതുപോലെ ബസ് വഴി വിവാഹപന്തലിലേക്ക്. അങ്ങനെ വീണ്ടും കുട്ടപ്പന്‍ സ്വപനം കാണാന്‍ തുടങ്ങി. ഞാന്‍ നിന്നെ ഒന്ന് ഫോളോ ചെയ്തോട്ടെ എന്ന് കുട്ടപ്പന്‍ ചോദിക്കേണ്ട താമസം അവള്‍ അവനെ ബ്ലോക്കി. തന്നെ ബ്ലോക്കാന്‍ ചിന്നമ്മ കരോട്ട പഠിച്ചിട്ടൂണ്ടോ എന്നൊന്നും ചിന്തിക്കാതെ കുട്ടപ്പന്‍ അനോണിയായി അവതാരം എടുത്തു. ട്രേഡ്‌മാര്‍ക്കും ഫിറ്റ് ചെയ്ത് പൊന്നനായി കുട്ടപ്പന്‍ അവതാരം എടുത്തു. പൊന്നന്‍ വെറുതെ ഒന്ന് ചിന്നുവിന്റെ ബസില്‍ കമന്റിട്ടതും ചിന്നു പൊന്നനെ ഫോളെ ചെയ്തു. ചിന്നുവിനെപ്പോലെ പൊന്നന്‍ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍ അല്ലായിരുന്നതുകൊണ്ട് ചിന്നുവിനെ ബ്ലോക്കാതെ ഫോളേവേഴ്സ് ലിസ്റ്റില്‍ കൊണ്ടുപോയി രൂപക്കൂട് ഉണ്ടാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ പൊന്നനില്ലാത്ത ബസ് ചിന്നുവിനും ചിന്നുവില്ലാത്ത ബസ് പൊന്നനും ആലോചീക്കാന്‍ വയ്യാതായി..

ഒരു ദിവസം രാവിലെ ചിന്നപ്പന്റെ അപ്പന്‍ ബീഡി എടുക്കാനായി തലയിളക്കടിയില്‍ തപ്പിയ ചിന്നപ്പന്‍(ചിന്നയുടെ അപ്പന്‍ എന്ന് വിവക്ഷ) ഞെട്ടി. ആകയുള്ള നാലരസെന്റിന്റെ ആധാരം കാണുന്നില്ല. തലേന്ന് രാത്രിയില്‍ കിടക്കുമ്പോഴും ആധാരം തലയിണക്കടിയില്‍ ഉണ്ടായിരുന്നതാണ്. എന്റെ ആധാരം എന്ന് പരഞ്ഞ് ചിന്നപ്പന്‍ സൈഡായി. അരി വാര്‍ത്തുകൊണ്ട് നിന്ന് പൊടിയമ്മ ചിന്നപ്പന്റെ നിലവിളി കേട്ട് ഓടിയെത്തി. ചിന്നപ്പനെ താങ്ങി എഴുന്നേല്‍പ്പിച്ച് പൊറ്റിയമ്മ കാര്യം അന്വേഷിച്ചു. നമ്മുടെ ആധാരം പോയടീ എന്ന് ചിന്നപ്പന്‍ പറയുന്നത് അകത്ത് സൈഡ് പോയ കണ്ണാടിയില്‍നോക്കി മുഖം പോണ്ട്സ് വച്ച് പുട്ടി കം വൈറ്റ് വാഷ് ഇടുന്ന ചിന്നമ്മ കേട്ടു. ചിന്നമ്മ നൈസായി സ്കൂട്ടാവാന്‍ നോക്കിയതും പൊടിയമ്മ പിടിച്ചു.

“നീ എടുത്തോടീ ആധാരം?” പൊടിയമ്മ.

“ഹൊ , ഞാനൊന്ന് എടുത്തു.... അല്ലങ്കില്‍ തന്നെ അത് തലയിണയില്‍ക്കീഴിയില്‍ ഇരുന്ന് ഇരുന്ന് ഒരു പരുവവായി...” ചിന്നമ്മ.

“നിനക്കതെന്തിനാടീ..”ചിന്നപ്പന്‍.

“ഞാനതൊന്ന് പണയം വച്ച് ഒരു മൂവായിരം രൂപാ എടുക്കാന്‍ പോകുവാ.... രണ്ടാഴ്ച കഴിയുമ്പോള്‍ ഞാനപ്പന്‍ ആധാരം എടുത്ത് തരാം...” ചിന്നമ്മ.

“നിനക്കെന്തിനാടീ മുവായിരം രൂപ...” പൊടിയമ്മ.

“എനികൊരു മൊബൈല്‍ ക്യാമറ വാങ്ങാനാ...” ചിന്നമ്മ.

“നിനക്കെന്തിനാടീ ഇപ്പോള്‍ ക്യാമറയുള്ള ഫോണ്‍.. അതില്ലാതെതന്നെയുള്ള നിന്റെ കുന്ത്രാണ്ടം കൊണ്ട് മനുഷ്യനിവിടെ കിടക്കപ്പൊടുതിയില്ല”. ചിന്നപ്പന്‍.

“അപ്പനിത്രയ്ക്ക് തറയായി സംസാരിക്കരുത്. എനിക്ക് ഫോട്ടോ എടുത്ത് ബസില്‍ ഇട്ട് കമന്റ് വാങ്ങാനുള്ളതാ...” ചിന്നമ്മ.

“എന്നാല്‍ മോള് ആധാരം എടുത്തോ.. കിട്ടുന്ന കമന്റിറ്റിന്റെ കുറച്ച് അപ്പനൂടെ കൊടുത്താല്‍ മത്” .പൊടിയമ്മ .

കമന്റന്ന് പറയുന്നത് കാശ് പോലെയുള്ള എന്തോ ഒന്നന്നാണ് ആ അമ്മ ചിന്തിച്ചത്. മകള്‍ കൊണ്ടുവരുന്ന കമന്റ് ഓര്‍ത്ത് ചിന്നപ്പനും ഡീസന്റായി. മോള്‍ കൊണ്ടുവരുന്ന കമന്റില്‍ നിന്ന് നാലെണ്ണം എടുത്ത് ഒരു കുപ്പി വാങ്ങുന്നത് സ്വപ്നം കണ്ട് ചിന്നപ്പന്‍ കട്ടിലിന്റെ അടിയില്‍ നിന്ന് കുത്തിക്കെടുത്തിയ മുറി ബിഡി തപ്പിയെടുത്ത് തി കൊളുത്തി.

ആ‍ധാരം പണയം വച്ച് ചിന്നമ്മ ക്യാമറ ഫോണും വാങ്ങി ഫീല്‍ഡിലേക്കിറങ്ങി. പൂവ്,കാ,ചെടി, കാട്, പടലം, ആകാശം, ഭൂമി, വള്ളം,വെള്ളം, പൂച്ച,പട്ടി, ഒട്ടകം, പാലം, തോട്,മാലപ്പടക്കം,വെടിക്കെട്ട് എന്നു വേണ്ട എന്തെല്ലാം ക്ലിക്കാമോ അതെല്ലാം ക്ലിക്കി ചിന്നമ്മ ഫോണിനുള്ളിലാക്കി. തിന്നാനിരിക്കുന്ന കുരണ്ടിയുടേയും മീന്‍ വയക്കൂന്ന ചട്ടിയുടേയും ഫോട്റ്റോ വരെ ചിന്നമ്മ ക്ലിക്കി.അങ്ങനെ ക്ലിക്കി ക്ലിക്കി ചിന്നമ്മയുടെ വിരലില്‍ ക്ലിക്കിന്റെ തഴമ്പ് വരെ വീണു. ചിന്നമ്മ ക്ലിക്കിയ ഫോട്ടോയ്ക്കായി ആരാധകര്‍ കാത്തിരുന്നു. ചിന്നമ്മ ചിന്നുവിലേക്കും ചിന്നു ചിന്നമ്മയിലേക്കും ഒരു മാന്ത്രികന്റെയും സഹായമില്ലാതെ കൂടുവിട്ടുകൂടുമാറി.ചിന്നുവിന്റെ ബസില്‍ ആദ്യം തന്നെ പൊന്നന്‍ ഇടിച്ചുകയറി. ചിന്നുവിനിട്ട് ആരെങ്കിലും ഗോളടിച്ചാല്‍ തനിക്കിട്ട് കിട്ടിയ ഗോളായി കരുതി അത് തിരിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ഒരു ലോഡ് ഗോള്‍ വാങ്ങികൂട്ടുകയും ചെയ്യുന്നതില്‍ പൊന്നന് വിഷമം ഇല്ലായിരുന്നു... എല്ലാം ചിന്നമ്മയ്ക്ക് വേണ്ടി... ചിന്നമ്മയ്ക്ക് വേണ്ടി ഗോള്‍ വാങ്ങിക്കൂട്ടാന്‍ പൊന്നനെന്ന കുട്ടപ്പന്റെ ജീവിതം ബാക്കി..!!!

ചിന്നു ട്രിപ്പിള്‍w വലയില്‍ ഫെയ്മസായി. നെറ്റ് ഉപയോഗിക്കുന്നവരുടെ ഹരമായി ചിന്നു മാറി. സേര്‍ച്ച് എഞ്ചിനുകളിലൊക്കെ ചിന്നു റാങ്കുകാരിയായി. പത്താംക്ലാസില്‍ അമ്പേ പരാജയമായിരുന്ന ചിന്നു അങ്ങനെ റാങ്കുകാരിയായി. ഇതാണ് പറയുന്നത് തോല്‍‌വി വിജയത്തിന്റെ മുന്നോടിയാണന്ന്. ചിന്നുവിന്റെ റാങ്ക് ഉയരുന്തോറും പൊന്നന്റെ പള്‍സ് താണു. ഇങ്ങനെ പോയാല്‍ ചിന്നമ്മ തനിക്ക് സ്വപ്നമല്ല ഒരു മരീചികയായി തീരുമന്ന് അവന്‍ തോന്നിത്തുടങ്ങി. മകള്‍ കമന്റും കൊണ്ട് വരുന്നത് നോക്കിയിരുന്ന ചിന്നപ്പന് കിട്ടിയത് കിടപ്പാടം വച്ച് ലോണെടുത്തതിന്റെ കിടിശിക മുടങ്ങിയതിന്റെ നോട്ടീസ്. ചിന്നമ്മ വന്നപ്പോള്‍ ചിന്നപ്പന്‍ കിടിശിഖ നോട്ടീസിന്റെ കാര്യം പറഞ്ഞു. ചിന്നമ്മ നെവര്‍ മൈന്‍ഡ്. വീണ്ടും കമന്റുകളെക്കുറിച്ച് പറഞ്ഞ് ചിന്നമ്മ ചിന്നപ്പനെ നിശ്ബദ്ദനാക്കി.

ഗൂഗിളിന് ഇടയ്ക്കിടെ ഒരു വലിയല്‍ ഉണ്ടാവാന്‍പോകുന്നതായി അമേരിക്കയില്‍ ഇരുന്ന ഗൂഗിള്‍ അമ്മച്ചി ദീര്‍ഘദൃഷ്ടി കൊണ്ട് മനസിലാക്കി. അമ്മച്ചി കുടുംബക്കാര്‍ക്ക് സന്ദേശം അയച്ചു. അമ്മച്ചിയുടെ വലപണിക്കാര്‍ വലിയല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലം കണ്ടുപിടിക്കാന്‍ ഇറങ്ങി. കരക്കാരെല്ലാം ഒരു ബസിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ടാണ് ഈ വലിച്ചില്‍ എന്ന് വലപണിക്കാര്‍ മനസിലാക്കി. അങ്ങ് ഇന്ത്യാമഹാരാജത്ത് കേരളത്തില്‍ മലയാളം മാത്രം സംസാരിക്കുന്ന ബസിലെ പടങ്ങള്‍ കണ്ട് ഗൂഗിളമ്മച്ചി ഞെട്ടി. ലവളുടെ ബസിലെ കവിത ട്രാന്‍‌സിലേറ്ററിലിട്ട് വായിച്ചപ്പോള്‍ അമ്മച്ചിപോലും എഴുന്നേറ്റ് നിന്നു കൈ അടിച്ചു. “ലവള്‍ക്കായി ഒരു സെര്‍വര്‍ തന്നെ വെച്ചു കൊടുക്കിനടേ...” എന്ന് അമ്മച്ചി പറയേണ്ടതാമസം ചിന്നുവിനായി അമേരിക്കയില്‍ ഒരു സെര്‍‌വര്‍ രൂപം കൊണ്ടു. ചിന്നുവിന്റെ ബസിനുവേണ്ടിമാത്രം ഒരു സെര്‍‌വര്‍.!!!

കുട്ടപ്പന്‍ എന്ന സനോണിയുടെ പൊന്നന്‍ അനോണിയുമായി ചിന്നു എന്ന ചിന്നമ്മ അടുത്തു. ബസില്‍ നിന്ന് ചാടിയിറങ്ങി ചിന്നു ചാറ്റില്‍ പൊന്നനുമായി ചാറ്റി. അനോണിക്കുപ്പായം അഴിച്ച് കുട്ടപ്പന്‍ സനോണിക്കുപ്പായം എടുത്തിട്ട് ചാറ്റില്‍ വന്നാല്‍ ചിന്നമ്മ ഓഫ് ആകും എന്നുവച്ചാല്‍ ഓഫ് ലൈനാകും. പൊന്നന്റെ പോസ്റ്റുകള്‍ ലൈക്കി ലൈക്കി അവനെയുംകൂടി ചിന്നമ്മ അങ്ങ് ലൈക്കി ലൈക്കി പണ്ടാരമടങ്ങി. തന്റെ പേരങ്ങ് ഗസ്റ്റില്‍ കൊടുത്ത് പൊന്നന്‍ എന്നാക്കിയാലോ എന്നു പോലും കുട്ടപ്പന്‍ ചിന്തിച്ചു. ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് ചിന്താഭാരം കൂടിയപ്പോള്‍ ഒരു കുപ്പി മൂലവെട്ടി അണ്ണാക്കിലേക്ക് കമഴ്ത്തി. പിന്നീട് കുട്ടപ്പന്‍ പൊങ്ങുന്നത് രണ്ടാം നാള്‍. രണ്ടാം നാള്‍ കുട്ടപ്പന്‍ കുളിച്ചു കുട്ടപ്പനായി രാവിലെ വന്ന് ബസില്‍ കയറി നോക്കിയപ്പോള്‍ തലേന്നത്തെ ചിന്നുവിന്റെ ബസില്‍ പൊന്നന്റെ കമന്റു‌കള്‍ കൂമ്പാരമായി കിടക്കുന്നു. അനോണിക്കും അനോണിയോ? പൊന്നന് പകരം മറ്റൊരു പൊന്നന്‍.!! . താനല്ലാതെ മറ്റൊരു പൊന്നന്‍ !!! എന്റെ ഈശ്വരാ.. ചിന്നമ്മ കൈവിട്ടു പോയോ????

പത്തുമണി പതിനൊന്നായി പതിനൊന്ന് പന്ത്രണ്ടായി.... ചിന്നമ്മ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നില്ല. ചിന്നുവിന്റെ ബസ് കാണാഞ്ഞിട്ട് ആരാധകര്‍ പരസ്പരം ചോദിച്ചു.ചിന്നു എവിടെ? ചിന്നു എവിടെ? ചിന്നു ബസ് ഇറക്കാതായതോടെ ബസിന്റെ റാങ്കിങ്ങില്‍ ഇടിവുണ്ടാവുമല്ലോ എന്ന് പേടിച്ച് ഗൂഗിള്‍ അമ്മച്ചി പതം പറഞ്ഞ് കരഞ്ഞു. ചിന്നൂ നീ എവിടെ? ചിന്നുവിന്റെ ബസില്‍ ആരാധകരുടെ ചോദ്യം നിറഞ്ഞു. ആരാധകര്‍ തങ്ങളുടെ ആധി പരസ്പരം പങ്കുവെച്ചു. കുട്ടപ്പന്‍ ചിന്നമ്മയെ തിരക്കി അവളുടെ വീട്ടില്‍ ചെന്നു. ചിന്നമ്മ രാവിലെ ഒന്‍‌പതു മണിക്കുള്ള ഫാസ്റ്റിന് കൊച്ചിയ്ക്ക് പോയന്ന്.. അവിടെ ചിയര്‍‌ഗെളിന്റെ തിരഞ്ഞെടുപ്പാണന്ന് പറഞ്ഞാണത്രെ ചിന്നമ്മ പോയത്. കുട്ടപ്പന്‍ സെന്ററിലേക്ക് റിട്ടേണ്‍ അടിച്ചു. ഓണ്‍ലൈനില്‍ ചാറ്റാനായി നില്‍ക്കുന്ന കൊച്ചിക്കാരോട് കൊച്ചിയില്‍ ചിയര്‍‌ഗേള്‍സിനെ അവിടങ്ങാണം തിരഞ്ഞെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. കൊച്ചിയില്‍ അങ്ങനെ ഒരു പരിപാടിയെ ഇല്ല. നാല് പെണ്‍പിള്ളാര്‍ കൂടുന്ന പരിപാടിയുണ്ടങ്കില്‍ ആരെങ്കിലും ചാറ്റാന്‍ നോക്കി ഇരിക്കുമോ?

കുട്ടപ്പന്‍ ചിന്നമ്മയുടെ ഓരോ ബസും അതിലെ കമന്റും പരിശോധിച്ചു. തലേന്നത്തെ അവളുടെ ബസിലെ കമന്റുകള്‍ സേതുരാമയ്യരെപ്പോലെ കീറിമുറിച്ച് പരിശോധിച്ചു. തന്റെ ഡ്യൂപ്ലിക്കേറ്റ് അനോണിയായ പൊന്നന്റെ കമന്റുകളില്‍ നിന്ന് ഒരു കാര്യം മനസിലാക്കി. ഡ്യൂപ്ലിക്കേറ്റ് പൊന്നന്‍ ചിന്നമ്മയെ കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടൂണ്ട്. ചിന്നമ്മയെ ചിയര്‍‌ഗേളാക്കാം എന്നു പറഞ്ഞാണ് അവന്‍ വലനെയ്തിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് പൊന്നന്റെ വലയില്‍ കിടന്ന് നിലവിളിക്കുന്ന ചിന്നമ്മയുടെ മുഖം,ചിയര്‍ ഗേളാവാന്‍ പോയി കോള്‍ ഗേളായി കൊച്ചിയില്‍ അലയുന്ന ചിന്നമ്മയുടെ മുഖം കുട്ടപ്പന്റെ മനസില്‍ തെളിഞ്ഞതും കുട്ടപ്പന്‍ ഷട്ടര്‍ താഴ്ത്തി കൊച്ചിക്ക് വണ്ടി വിട്ടു.

ഇതേ സമയം ചിന്നമ്മ മറൈന്‍ഡ്രൈവില്‍ എത്തിയിരുന്നു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പൊന്നേട്ടന്‍ തന്റെ മനസറിഞ്ഞ് തന്നെ ചിയര്‍ ഗേളാക്കാമെന്ന് വാക്ക് തന്നപ്പോള്‍ ഇത്രയ്ക്ക് പെട്ടന്ന് അതുണ്ടാവുമെന്ന് തോന്നിയതേ ഇല്ല. ഏതായാലും പൊന്നപ്പേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ നാട്ടീന്ന് വരാന്‍ തോന്നിയത് നന്നായി. രണ്ടുദിവസത്തെ ബസ് പരിചയം വച്ച് ഒരാളെ സഹായിക്കുക എന്നൊക്കേവച്ചാല്‍ ആ മനുഷ്യന്റെ മനസ് എന്ത് വിശാലമായിരിക്കും. ചിന്നമ്മയുടെ മൊബൈലിലേക്ക് ഒരു ഫോണ്‍ വന്നു...

“ഹായ് ചിന്നൂ.. ഇത് ഞാനാ ബസിലെ പൊന്നന്‍ ... ഓഫീസില്‍ നിന്ന് ഇറങ്ങാല്‍ കുറച്ച് ലേറ്റാവും... നിന്നെ കൊണ്ടുവരാന്‍ ഞാനെന്റെ കാര്‍ വിട്ടിട്ടുണ്ട്.. ചുവന്ന കാര്‍... മറൈന്‍ ഡ്രൈവിലെ ബസ് സ്റ്റോപ്പില്‍ നിന്നാല്‍ മതി...” ചിന്നമ്മ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ ഫോണ്‍ കട്ടായി. ചിന്നമ്മ തിരിച്ച് വിളിച്ചപ്പോള്‍ ആ നമ്പര്‍ എന്‍‌ഗേജഡ്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ പൊന്നപ്പന്റെ ഫോണ്‍ വീണ്ടും... ചുവന്ന കാറില്‍ കയറുക. എന്നിട്ടയാള്‍ നമ്പരും പറഞ്ഞു കൊടുത്തു. ചിന്നമ്മയ്ക്ക് കുറച്ച് ഭയം ഒക്കെ തോന്നിയെങ്കിലും വെറും നാട്ടിന്‍‌പുറത്തുകാരിയായ താന്‍ ചിയര്‍ ഗേളായി തുള്ളുന്നത് ലോകക്കാരെല്ലാം കാണാന്‍‌വേണ്ടിയാണല്ലോ ഈ യാത്ര എന്ന് ഓര്‍ത്ത് അവള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. പൊന്നന്‍ പറഞ്ഞ കാര്‍ വന്നു നിന്നപ്പോള്‍ ചിന്നമ്മ അതില്‍ കയറി. ചിന്നമ്മയും കയറ്റി കാര്‍ കൊച്ചിയിലെ തിരക്കില്‍ അലിഞ്ഞു.

ചിന്നമ്മയെ എവിടെപ്പോയി കണ്ടുപിടിക്കും. കൊച്ചിയിലെ തിരക്കില്‍ അവള്‍ എവിടെ ആയിരിക്കും.? കുട്ടപ്പന്‍ കൊച്ചിയിലെ കൂട്ടുകാരെ വിളിച്ചു. ചിന്നുവിനെ തേടിപ്പോകാന്‍ ലവന്മാര്‍ എല്ലാം ലീവ്‌ലെറ്റര്‍ പോലും എഴുതിക്കൊടുക്കാതെ കമ്പിനികളില്‍ നിന്ന് ചാടിയിറങ്ങി. കലൂരെ ബ്ലോക്കില്‍ പെട്ട കുട്ടപ്പന്‍ വെറുതെ തല തിരിച്ച് നോക്കിയപ്പോള്‍ ചുവന്ന മാരുതിക്കാറില്‍ ചിന്നമ്മ ഇരിക്കുന്നു. പച്ച ലൈറ്റ് കത്തിയതും കാര്‍ വലത്തേക്ക് തിരിഞ്ഞ് കതൃക്കടവ് ഭാഗത്തേക്ക് തിരിഞ്ഞു. കുട്ടപ്പന്‍ ബൈക്ക് കാറിനു പുറകെ വിട്ടു. പോകുന്ന പോക്കില്‍ കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചു കൂടി മുന്നോട്ട് പോയി കാര്‍ പുല്ലേപ്പടി ഭാഗത്തേക് തിരിഞ്ഞ് കോട്ടക്കനാലിന്റെ സൈഡിലൂടെ കലൂര്‍ റോഡിലേക്ക് കടന്നു ഒരു ഫ്ലാറ്റിന്റെ മുന്നില്‍ നിന്നു. അതില്‍ നിന്ന് ഡ്രൈവറുടെ കൂടെ ചിന്നമ്മ ഇറങ്ങിപ്പോകുന്നത് കുട്ടപ്പന്‍ കണ്ടു.

ചിന്നമ്മയും കൊണ്ട് ഡ്രൈവര്‍ ഒരു ഫ്ലാറ്റിലേക്ക് കയറി. അയാള്‍ വാതിലിന്റെ ബോള്‍ട്ടിട്ടു.

“എന്തിനാ കുറ്റിയിട്ടത്...?” ചിന്നമ്മ ചോദിച്ചു.

“ആരും വരാതിരിക്കാന്‍” ഡ്രൈവര്‍.

“എവിടയാ എന്റെ പൊന്നേട്ടന്‍... നിങ്ങളെന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്?” ചിന്നമ്മ കരച്ചിലിന്റെ വക്കോളമെത്തി.

ആ ഡ്രൈവര്‍ ഒന്നു ചിരിച്ചു.“ഞാന്‍ തന്നെയാണ് നീ പറയുന്ന പൊന്നേട്ടന്‍... നിനക്ക് ചിയര്‍ ഗേളാവേണ്ടേ.. അതിനാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്... നല്ല കുട്ടിയായി അടങ്ങി ഞാന്‍ പറയുന്നതുകേട്ടാല്‍ നിനക്ക് ചിയര്‍ ഗേളാവാം.... പിന്നയും വളര്‍ന്ന് മറ്റ് ഗേളാവാം.... രാത്രിപാര്‍ട്ടികളില്‍ നിനക്ക് ലക്ഷങ്ങള്‍ ഉണ്ടാക്കാം...” അയാളുടെ ശബ്ദ്ദം പരുക്കനാവുന്നതും കണ്ണുകളില്‍ ചുവപ്പു നിറം വ്യാപിക്കുന്നതും അവള്‍ കണ്ടു.

താനൊരു ചതിയില്‍ ആണ് അകപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്ക് മനസിലായി. രണ്ടാഴ്ചയായി തന്റെ ബസില്‍ കയറി തന്നോട് തമാശ പറയുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത പൊന്നന്‍ ഇയാളാണന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല... ഇന്നലെ പൊന്നേട്ടന്‍ കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് കരുതിയില്ല. ഇനി ഇവിടെ നിന്ന് രക്ഷപെടാന്‍ എന്താണ് ഒരു വഴി??? കുട്ടപ്പന്‍ ചേട്ടനെ വീളിച്ചാലോ? കുട്ടപ്പന്‍ ചേട്ടന്‍ താന്‍ വിളിച്ചാല്‍ ഓടിയെത്തും. പക്ഷെ എങ്ങനെ തന്നെ രക്ഷിക്കും? അതിനുമുമ്പ് ഇയാള്‍ തന്നെ...

“രക്ഷപെടുന്നതിനെക്കുറിച്ചോന്നും ആലോചിക്കേണ്ടടീ കൊച്ചേ.... ഇവിടെ നിന്ന് നിന്നെ രക്ഷിച്ചു കൊണ്ട് പോകാന്‍ ആരും വരില്ല...” അയാല്‍ പറയുന്നതുകേട്ട് അവള്‍ കരഞ്ഞു. അയാള്‍ അവളെ ഒരു മുറിയിലേക് ഇട്ടിട്ട് പൂട്ടി അടുത്ത ഇരയ്ക്കായി കമ്പ്യൂട്ടര്‍ ഓണാക്കി ബസില്‍ കയറി... അവള്‍ ബാഗില്‍ നിന്ന് തന്റെ മൊബൈല്‍ എടുത്ത് കുട്ടപ്പന്റെ നമ്പര്‍ ഡയല്‍ ചെയ്തു...

“കുട്ടപ്പന്‍ ചേട്ടാ ഞാനൊരു അപകടത്തില്‍ പെട്ടിരിക്കുവാ... എന്നെ ഒരുത്തന്‍ കൊണ്ടുവന്ന് പൂട്ടി ഇട്ടിരിക്കുവാ... ഇങ്ങ് കൊച്ചിയിലാ...” . കുട്ടപ്പന്‍ തന്റെ സുഹൃത്തുക്കളുമായി ഫ്ലാറ്റില്‍കയറി എങ്ങനെ ചിന്നമ്മയെ കാണും എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് ചിന്നമ്മയുടെ ഫോണ്‍.

“ചിന്നമ്മേ നീ പേടിക്കേണ്ട... ഞാന്‍ നിന്റെ പുറകെയുണ്ടായിരുന്നു... നിന്നെ കൊണ്ടു വന്നിരിക്കുന്ന ഫ്ലാറ്റിന്റെ മുന്നില്‍ ഞാനുണ്ട്... നീ ഒരു കാര്യം ചെയ്യ് ആ മുറിയിലെ ലൈറ്റൊന്ന് രണ്ടുമൂന്നുപ്രാവിശ്യം ഓണാക്കി ഓഫാക്ക് .. ഞങ്ങള്‍ക്കാ മുറികണ്ടുപിടിക്കാന്‍ എളുപ്പമാകും...” കുട്ടപ്പന്‍ പറഞ്ഞതുപോലെ ചിന്നമ്മ ചെയ്തു. ഇടവിട്ട് ലൈറ്റ് കത്തുന്ന ഫ്ലാറ്റ് മനസിലാക്കി കുട്ടപ്പനും കൂട്ടുകാരും അറ്റാക് ചെയ്തു. കുട്ടപ്പന്റെ ആദ്യ തൊഴിക്ക് തന്നെ ഫ്ലാറ്റിന്റെ വാതില്‍ തകര്‍ന്നു വീണു. ചിന്നമ്മയെ കടത്തിക്കൊണ്ടുവന്നവന് എന്താണ് മനസിലാക്കുന്നതിനുമുമ്പുതന്നെ അടി തുടങ്ങി. ചോരയൊലിപ്പിച്ചു കൊണ്ട് ചിന്നമ്മയെ തട്ടിക്കൊണ്ടുവന്നവന്‍ വീണു. അയാളുടെ കമ്പ്യൂട്ടറിലേക്ക് നോക്കിയ അവര്‍ ഞെട്ടി. തുറന്നുവച്ചിരിക്കുന്ന പല ബ്രൌസറുകളില്‍ക്കൂടി പല അനോണിപ്പേരുകളില്‍ ബസുകള്‍ നിരത്തിയിട്ടിരിക്കുന്നു.

പെണ്‍കുട്ടികളെ താമാശപറഞ്ഞ് പറഞ്ഞ് ചിരിപ്പിക്കുന്ന ബ്രൂസിലിജാക്കിച്ചാന്‍.

ആണുങ്ങളുടെ കുളിരും രോമാഞ്ചവുമായ മിസ്.സൂസമ്മ.

അനോണികളുടെ അനോണിയായ കൊട്ടയ്ക്കാട് സാഗര്‍.

ഓന്തിനെപ്പോലെ വേഷം മാറിവരാവുന്ന തരത്തില്‍ പൊന്നന്‍..

എല്ലാം ഒരാള്‍ തന്നെ.... നെറ്റില്‍ വല കെട്ടിയിരുന്ന് കാത്തിരിക്കുന്ന മറ്റൊരു ചിലന്തി.

ഹാര്‍ഡ് ഡിസ്‌കില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍. ഫെയ്സ്‌ബുക്കില്‍ നിന്നും ഓര്‍ക്കൂട്ടില്‍ നിന്നും എടുത്തിട്ടിരിക്കുന്ന ഫോട്ടോകള്‍. ചില ഫോട്ടൊകളുടെ തലയും ഉടലും വെട്ടിമാറ്റി എക്‍സ്ട്രാഫിറ്റുങ്ങുകള്‍ നടത്തിയിരിക്കുന്നു.

“ഞാനിയാളെ ടിവിയില്‍ കണ്ടിട്ടുണ്ട്.... ഓണ്‍‌ലൈന്‍ വാണിഭം നടത്തിയതിന് പോലീസ് പിടിയിലായവനാണ് ഇയാള്‍....” കുട്ടപ്പന്റെ കൂട്ടുകാരിലൊരാള്‍ പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം കുട്ടപ്പനും കൂട്ടുകാരും അയാളെ ചവിട്ടിക്കൂട്ടി.

കുട്ടപ്പന്‍ പൂട്ടിക്കിടന്ന വാതില്‍ തുന്നു. പേടിച്ച് വിറച്ച് നിന്ന ചിന്നമ്മ ഓടിവന്ന് കുട്ടപ്പനെ കെട്ടിപ്പിടിച്ചു..

“കുട്ടപ്പേട്ടന്‍ വന്നില്ലായിരുന്നെങ്കില്‍ അയാളെന്നെ.....” അവള്‍ കരഞ്ഞു.

“കരയാതെ ചിന്നൂ.... നീ എന്തിനാണ് അയാള്‍ വിളിച്ചപ്പോള്‍ ഇറങ്ങിപ്പോന്നത്?”

“ ഞാനൊരാളെ ബസില്‍ കൂടി സ്നേഹിച്ചുപൊയി.... ഇന്നലെ ആ പേരില്‍ ഇയാള്‍ വന്നപ്പോള്‍ ഞാനറിയാതെ... അയാല്‍ ചോദിച്ചപ്പോള്‍ എന്റെ സ്വപ്നങ്ങളൊക്കെ പറഞ്ഞുപോയി.... എനിക്ക് ചിയര്‍ ഗേളാകാ‍ണമെന്ന് ഞാന്‍ പറഞ്ഞു... ചിയര്‍ ഗേളാക്കാം എന്ന് പറഞ്ഞാണ് ഇയാളെന്നെ വിളിച്ചത്....”

“ഞാനാണ് ചിന്നമ്മേ ബസില്‍ നിന്നെ പ്രണയിച്ച പൊന്നന്‍‍..”. കുട്ടപ്പന്‍ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ അവള്‍ നിന്നു.

“കുട്ടപ്പേട്ടന്‍ പറയുന്നത് സത്യമാണോ?”“ഉം..” കുട്ടപ്പന്‍ ഒന്നു മൂളുകമാത്രം ചെയ്തു.

“എന്റെ പൊന്നേട്ടാ.......”

“എന്റെ ചിന്നൂ... ചിന്നമ്മേ...”.



കുട്ടപ്പനും ചിന്നമ്മയും ഒരുമിച്ച് ലിഫിറ്റ് ഇറങ്ങി സ്ലോമോഷനില്‍ വരുന്നതോടെ കഥ അവസാനിക്കുന്നു....

17 comments:

എറക്കാടൻ / Erakkadan said...

ഇത് നമ്മടെ ബസ്സിലെ ആര്‍ക്കെങ്കിലും ഉള്ള കൊട്ടാണോ തെക്കെടാ

നല്ലി . . . . . said...

പല ബസ് മുതലാളിമാരേയും ഓര്‍മ്മ വരുന്നു ..... ഈശോടേ കമ്പ്യൂട്ടറൊന്നു കാണണം,

Pd said...

ഹഹ എന്തെന്നറിയില്ല പല പരിചയമുള്ള മുഖങ്ങള് കാണുവാന് സാധിക്കുന്നു ഇവിടെ അല്ലെ നല്ലീ?

ഉറുമ്പ്‌ /ANT said...

ഈശോ ബെര്‍ളിക്കു പഠിക്കുകയാണോ? സംഗതി കലക്കീട്ടുണ്ട്.

Mahesh | മഹേഷ്‌ ™ said...

ഈശോയേ .. അടിപ്പൊളി മച്ചൂ :-)

Shee said...

easow ithu kalakkitto

Ranjith Nair said...

kollam easo.. nannayittundu.. :)

സ്വപ്നാടകന്‍ said...

ഈശോ..കലക്കി..
സംഗതിയെല്ലാം വളരെ പ്രവചനാത്മകമായി എഴുതിയിരിക്കുന്നു...))))

കൂതറHashimܓ said...

മ്മ്.......

elo said...

കാര്‍ പുല്ലേപ്പടി ഭാഗത്തേക് തിരിഞ്ഞ് കോട്ടക്കനാലിന്റെ സൈഡിലൂടെ കലൂര്‍ റോഡിലേക്ക് കടന്നു ഒരു ഫ്ലാറ്റിന്റെ മുന്നില്‍ നിന്നു.................


എതാടെ ആ ഫ്ലാറ്റ് ???

ഭായി said...

എടാ....ഫയങ്കരൻ അനോണീ....!!!
എല്ലാ അനോണികളും ജാഗ്രതൈ!!

@ നല്ലി: ഹ ഹ ഹ ഹഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

നല്ല സ്റ്റൈലായിട്ടുണ്ട് തെക്കേടാ...ചിരിപ്പിച്ചതിന് നന്ദി

ruSeL said...

"...........ചിന്നമ്മ:3" അതിനും ഇപ്പോ സ്കോപ്പുണ്ട്.... അങ്ങനെയും ഒന്ന് പ്രതീക്ഷിക്കുന്നു...

Rineez said...

ഹഹഹാ കൊള്ളാം ഈശോ അടിപൊളി..
ബസ്സില്‍ നടക്കുന്ന സംഗതികളെ വെച്ചുള്ള സര്‍ക്കാസം ഭംഗിയായി കൊണ്ട് വന്നു.

തിരക്കിട്ട് എഴുതിയതാണല്ലേ, ഒരുപാട് അക്ഷരപിശാശ്.

വിപിൻ said...

സംഗതി ഗോള്ളാം ഈശോ..........

Philip Verghese 'Ariel' said...

കഥ നന്നായിരിക്കുന്നു പക്ഷെ ചിത്രങ്ങള്‍ ഒരു യോജിപ്പുമില്ലാതെ പോയതൊഴിച്ചാല്‍ സുന്ദരം മനോഹരം നമ്മുടെ സ്റാര്‍ സിങ്ങര്‍ ജട്ജന്മാര്‍ പറയുമ്പോലെ സംഗതി അവിടവിടെ പോയില്ലേ എന്നൊരു സംശയം, എന്തായാലും ഈശോ കലക്കി എന്ന് പറഞ്ഞാല്‍ മതി. ഓള്‍ ദ ബെസ്റ്റ് . വീണ്ടും പാടണം അല്ല എഴുതണം
പി വി ഏരിയല്‍, സെക്കന്ദ്രാബാദ്
http://bit.ly/60Rx4m

Jishad Cronic said...

നല്ല സ്റ്റൈലായിട്ടുണ്ട് .......

Anonymous said...

esow ith athmakathyaano?

: :: ::