ക്രിസ്തുമസ് കരോള്‍ എന്നു പറഞ്ഞാല്‍ ഒരുതരം അറുമാദിക്കലാണ്. ഉണ്ണിയേശു ജനിച്ച വര്‍ത്തമാനം എല്ലാ വര്‍ഷങ്ങളിലും നാട്ടുകാരുടെ വീടുകളില്‍ ചെന്നറിയിച്ചില്ലങ്കില്‍ അവര്‍ മറന്നു പോയാലോ? ക്രിസ്തുമസ് ആരും മറക്കാറില്ല. കലണ്ടറുകളില്‍ ചുവന്ന അക്കത്തില്‍ ഇരുപത്തഞ്ച് ഉള്ളടത്തോളം കാലം ക്രിസ്തുമസ് ആരും മറക്കത്തില്ല. ക്രിസ്തു ജനിച്ച വിവരം ഇടവകക്കാരെ അറിയിക്കുന്നതിലും പള്ളികമ്മിറ്റിക്ക് സന്തോഷം കരോളിനു കിട്ടിന്നു കാശ് ആണ്. പള്ളികമ്മിറ്റിക്കാര്‍ക്ക് ദേഹം അനങ്ങാതെ മീനെ പിടിക്കാന്‍ പറ്റുന്ന പണിയാണ് കരോള്‍ സര്‍വീസ്. എന്നുവച്ചാല്‍ പിള്ളാര് വീടുകളില്‍ ചെന്ന് പാട്ടുപാടും കൂടെ നിന്ന് കാശുവാങ്ങി പള്ളിഫണ്ടിലേക്ക് ഇടേണ്ട പണി മാത്രമേ കമ്മിറ്റിക്കാര്‍ക്ക് ഉള്ളു. പിള്ളാര്‍ക്കും സന്തോഷമാണ് , രണ്ടു ദിവസം രാത്രിയില്‍ മദയാന കാട്ടില്‍ നടക്കുന്നതു പോലെ നടക്കാം. ആര് ചോദിക്കാന്‍ ആരോട് പറയാന്‍ ...
എല്ലാവര്‍ഷം പോലെ ആ വര്‍ഷവും ക്രിസ്തുമസ് വന്നു. ഈറവെട്ടി സ്റ്റാറുണ്ടാക്കി എല്ലാം സെറ്റപ്പാക്കി. ഡ്രമ്മും സൈഡ്‌ഡ്രെമ്മും തോലെക്കെ മാറിയിട്ട് കുട്ടപ്പനാക്കി. പെട്രോമാക്സിന് പുതിയ മാന്റിലൊക്കെ ഇട്ട് ശരിയാക്കി വച്ചു. പള്ളിപ്പരിപാടിയാകുമ്പോള്‍ ഒരു കണ്‍വീന റൊക്കെ ആവിശ്യമാണ്. പക്ഷേ ക്രിസ്തുമസ് കരോളിന് കണ്‍വീനറെ കിട്ടാന്‍ പാടാണ്. കാശ് അങ്ങോട്ട് കൊടുത്ത് വെളിയില്‍ നിന്ന് ഒരാളെ കണ്‍വീനറാക്കി കൊണ്ടുവരാമെന്ന് വച്ചാലും ഒരുമാതിരിപെട്ടവാരാരും ഈ സ്ഥാനത്തേക്ക് വരാറില്ല. കാരണം വെള്ളമടി ക്കാത്തവന്‍ വരെ വെള്ളമടിച്ച് പാമ്പായി വരുന്ന ദിവസങ്ങളാണ് ക്രിസ്തുമസ് കരോള്‍ ദിവസങ്ങള്‍. കരോള്‍ ദിവസങ്ങള്‍ക്കു വേണ്ടിമാത്രം സ്‌പെഷ്യല്‍ വാറ്റ് ഉണ്ടാക്കുന്നവര്‍ ഉണ്ട്. പത്തുവീട്ടില്‍ പാട്ടുപാടുമ്പോള്‍ കിക്ക് ഇറങ്ങുന്നതാണ് ‘കരോള്‍ സ്‌പെഷ്യല്‍’. വീണ്ടും കിക്ക് ആകണമെങ്കില്‍ ഒരു പത്തൂടെ അടിക്കണം. എന്നു വച്ചാല്‍ വിട്ട് വിട്ട് അടിച്ച് അടിച്ച് നിന്നാല്‍ മാത്രമേ പാമ്പാകൂ.. കരോളിന്റെ ഇടയ്ക്ക് വച്ച് ഒരുത്തന് വീട്ടില്‍ പോകണമെന്ന് വച്ചാല്‍ വീട്ടില്‍ പോകുന്നതിന്റെ അരമണിക്കൂറിനു മുമ്പ് സാദനം അടിക്കാതിരുന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിവന്നതുപോലെ വീട്ടില്‍ തിരിച്ചു കയറാം. ( ബിവറേജസ് കോപ്പറേ ഷന്‍ ചില്ലറ-മൊത്തവിതരണം ആരംഭിക്കുന്നതിനുമുമ്പാണ് ഇതൊക്കെ സംഭവിച്ചത്). അവസാനം ക്രിസ്തുമസിന് ഒരു കണ്‍വീനറെ കിട്ടി. അച്ചായന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ കേട്ടോളാം എന്ന് കുട്ടിപട്ടാളം കോറസായി ഓശാന പാടിയതുകൊണ്ടാണ് അച്ചായന്‍ കണ്‍വീനറായത്. കഴിഞ്ഞ വര്‍ഷം കരോളിനു കാപ്പി കൊടുത്ത വീട്ടിലെ മുപ്പതുഗ്ലാസുകള്‍ മാന്ത്രികന്മാരെപ്പോലെ അപ്രത്യക്ഷരാക്കി കണ്ടത്തിന്‍ വരമ്പില്‍ പ്രത്യക്ഷപ്പെടുത്തിയ പിള്ളാരാണ് അച്ചായന് ഉപാധികള്‍ ഇല്ലാതെ പിന്തുണ കൊടുത്തത്.
കരോളിനായി എല്ലാവരും പള്ളിയില്‍ എത്തിയപ്പോള്‍ ഒരു പ്രശ്‌നം. ഫാദറാകാന്‍ ആളില്ല. കാറ്റ് കയറാത്ത ചുവന്ന കുപ്പായവും കണ്ണ് കാണാത്ത മുഖംമൂടിയും ഒക്കെവച്ച് ഏഴെട്ട് മണിക്കൂര്‍ ഫാദറാകാന്‍ ആളില്ല. വിളക്കുപിടിക്കുന്ന പിള്ളാര്‍ക്ക് പള്ളിപ്പെരുന്നാളിന് ദിവസം ഒന്നിന് രണ്ട് ഗ്ലാസുകള്‍ സമ്മാനം കൊടുക്കുന്നതുകൊണ്ട് വിളക്കു പിടിക്കാന്‍ ആളുണ്ട്. (ഇപ്പൊള്‍ വിളക്കു പിടിക്കാന്‍ ആളില്ലാത്തതുകൊണ്ട് വിളക്ക് പിടിക്കുന്നവന് 100 രൂപയും ഗ്യാസ് ലൈറ്റ് എടുക്കുന്നവന് 200 രൂപയും കൊടുക്കണം). ക്രിസ്തുമസ് ഫാദറില്ലാതെ കരോള്‍ പോകാന്‍ പറ്റില്ലല്ലോ? ഉണ്ണിയേശു ജനിച്ചില്ലങ്കിലും ക്രിസ്തുമസ് ഫാദറില്ലാതെ കരോള്‍ നടക്കില്ല. സമയം പോയ്ക്കൊണ്ടേ ഇരുന്നു. അച്ചയന്മാര്‍ ബീഡിവലിച്ചു ചിന്തിച്ചു. അച്ചായ്ന്മാര്‍ പുകച്ചു തള്ളിയ ബീഡിക്കുറ്റികള്‍ക്ക് തീകൊളുത്തി കൊച്ചച്ചായന്മാരും തങ്ങളുടെ ചിന്തകള്‍ക്ക് തീകൊളുത്തി. കുറച്ചുപേര്‍ മാറിനിന്ന് കിട്ടിയ സമയം കൊണ്ട് മിക്സിങ്ങ് ശരിയാക്കി സാധനം കുപ്പികളിലാക്കി അരകളില്‍ ഉറപ്പിച്ചു. എന്നിട്ടും ഫാദറാകാന്‍ ആളില്ല. അവസാനം കണ്‍വീനര്‍ അച്ചായന്‍ വാക്കാലുള്ള ഒരു ഓഫര്‍ നടത്തി. ഫാദറാകുന്നവന് കുപ്പി ഫ്രി!!!
ഫ്രിയെന്ന് കേട്ടാല്‍ ചാടിവീഴാത്ത മലയാളികള്‍ ഉണ്ടോ ? ഫാദറാകാനുള്ള ഓഫര്‍ സ്വീക രിച്ചു രണ്ടുമൂന്നുപേര്‍ മുന്നോട്ട് വന്നു. മൂന്നുപേര്‍ക്കും ഫാദര്‍ ആകണം. ഒരു ഫാദറിന്റെ ഒഴിവേ ഉള്ളുതാനും. അവസാനം ആരേയും നിരാശരാക്കാതെ ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല ഉരിത്തിരിഞ്ഞു. മൂന്നു പേര്‍ക്കും ഫാദറാകാന്‍ അവസരം കൊടുക്കുക. ‘ഓഫര്‍ കുപ്പി‘ മൂന്നുപേര്‍ക്കുമായിട്ട് കൊടുക്കുക.കുറച്ചു വീടുകളില്‍ ഒരാള്‍ ഫാദറാകുക അതിനുശേഷം അടുത്തയാള്‍. പ്രശ്നങ്ങള്‍ പരിഹരിച്ച് കരോള്‍ സംഘം യാത്രയായി...
യേശുരാജന്‍ ജനിച്ചേ ഇന്ന് ...
ബേത്‌ലഹേം പുല്‍ക്കീട്ടില്‍ ...
ശീതമേറ്റേ ശിതമേറ്റേ...
ഉണ്ണിയേശുവിന് ശീതമേറ്റേ.....
ഇങ്ങെനെ പാട്ടുപാടിക്കൊണ്ടാണ് യാത്ര. വീടുകളില്‍ ചെന്ന് കരൊള്‍ പാട്ട് പാടി ദൂത് അറിയിച്ച് കിട്ടുന്നതുവാങ്ങി തിരിച്ചുപോരുന്ന പരിപാടിയില്ല കമ്മിറ്റിക്കാര്‍ക്ക്. പിടിച്ചു പറിച്ചു കൊണ്ടേ പോരത്തൊള്ളൂ... വീടിന് പുറത്ത് പിള്ളാര് ദൂത് അറിയിക്കുമ്പോള്‍ വീടിനകത്ത് കമ്മിറ്റിക്കാര്‍ സംഭാവനയ്ക്കുള്ള ബലം പിടുത്തത്തിലായിരിക്കും. പിടിച്ചുപറിച്ചാലും സന്തോഷ ത്തോടെ തന്നാലും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരൊറ്റ പാട്ടേ പാടൂ...
സതോഷ സൂചകമായി
തന്നതും സ്വീകരിച്ച് പോകുന്നേ
ഞങ്ങള്‍ ഞങ്ങള്‍ പോകുന്നേ...
ഇങ്ങനെ പാട്ടുപാടികൊണ്ട് ക്രിസ്തുമസ് ദൂതറിയിക്കലും സംഭാവനസ്വീകരിക്കലും ഗംഭീര മായി മുന്നേറി.. സംഭാവന കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരം ആകുമല്ലോ? നമ്മുടെ ഫാദറും നല്ല ഫോമിലായി തുടങ്ങി. ജന്മം ചെയ്താല്‍ കുപ്പായം ഊരി കൊടുക്കത്തില്ല. കൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറാത്തവരെപ്പോലെ ഫാദറും കടുമ്പിടിത്തം. കരോളിനുമുഴുവന്‍ തനിക്ക് ഫാദറാകണം. സന്ധി സംഭാഷണത്തിന് വന്ന കണ്‍വീനര്‍ ഫാദര്‍ മുഖംമൂടി പൊക്കിയ ഉടനെ പാമ്പായി അധികം സംഭാഷണത്തിന് നില്‍ക്കാതെ ബുദ്ധിപൂര്‍വ്വം പിന്മാറി.
പെട്രോമാക്സിന്റെ വെളിച്ചം എല്ലായിടത്തും എത്താന്‍ പാടാണ്. ഇടയ്ക്കിടയ്ക്ക് കാറ്റടിക്കാന്‍ മറന്നാല്‍ വെളിച്ചം മങ്ങിക്കാന്‍ പെട്രോമാക്സ് മറക്കാറില്ല. ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക് കരോള്‍ സംഘം പോവുകയാണ്. ശരിക്കുള്ള വഴിയിലൂടെ തന്നെ വീട്ടില്‍ ചെല്ലണമെന്ന് നിയമം ഇല്ലാത്തതുകൊണ്ട് ഇടവഴികളിലൂടെ ഒക്കെയാണ് യാത്ര. അടുത്ത വീട്ടിലേക്ക് കയറണമെങ്കില്‍ നടക്കാന്‍ മാത്രമുള്ള വീതിയുള്ള നടപ്പാതയിലൂടെ പോകണം. ഈ വഴിയുടെ ഓരത്ത് കെട്ടാത്ത് കിണറും ഉണ്ട്. കിണറ്റില്‍ ആരും വീഴാതിരിക്കാന്‍ ഒരു പെട്രോമാക്സുകാരന്‍ കിണറിനടുത്ത് നില്‍പ്പുണ്ട്. ഫാദറല്ലേ കണ്ണുശരിക്ക് കാണത്തില്ലല്ലോ എന്ന് വിചാരിച്ച് ആരോ ഫാദറിന്റെ കൈക്ക് പിടിച്ചു വഴി തെറ്റിക്കാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചു.
“എന്റെ കൈയ്യില്‍ നിന്ന് വിടടാ %%@@@## ... നീ എന്നെ പിടിക്കാറായോ ...ഈ വഴിയിലൂടെ ഞാന്‍ കണ്ണടച്ച് പോകാറുള്ളതാ...” എന്ന് ഫാദര്‍പറഞ്ഞതും പരോപകാരി കൈവിട്ടു. ഫാദര്‍ കിണറിന് അടുത്തെത്താറായതും പെട്രോമാക്സ് പണിപറ്റിച്ചു. പെട്രോമാക്സ് കണ്ണടച്ചതും ഫാദര്‍ കാലെടുത്ത് വച്ചത് കിണറ്റിലേക്കും....
ധിം... കൂഴച്ചക്ക കിണറ്റില്‍ വീണതുപോലെ ഫാദര്‍ കിണറ്റില്‍...
സഹപാമ്പുകള്‍ കിണറ്റില്‍ച്ചാടാന്‍ തയ്യാറായെങ്കിലും പാമ്പുകള്‍ അല്ലാത്തവര്‍ അവരെ വലിച്ചുമാറ്റി. കിണറ്റില്‍ കിടക്കുന്ന ഫാദര്‍ കം പാമ്പ് തലയുയര്‍ത്തി അരിഞ്ഞാണത്തില്‍ പിടിച്ച് കിടപ്പുണ്ട്. എല്ലാവരുംകൂടി ഫാദറിനെ പൊക്കിയെടുത്തു. ഭാഗ്യത്തിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല.ഫാദറിനെ കണ്‍വീനര്‍ ഏറ്റെടുത്ത് ഫാദറിന്റെ വീട്ടിലെത്തിച്ചു. സൂര്യന്‍ തലയ്ക്കു മീതെ എത്തിയപ്പോള്‍ ഫാദര്‍ തലേന്നത്തെ കെട്ടല്ലാം ഇറങ്ങിയപ്പോള്‍ കണ്‍വീനറിന്റെ വീട്ടില്‍ എത്തി.
“അച്ചായോ ...അച്ചായോ..” ഫാദറായവന്റെ വിളികേട്ട് കണ്‍വീനര്‍ വീട്ടില്‍ നിന്ന് ഇറങ്ങി വന്നു.
“അച്ചായാ ഇന്നലത്തെ കുപ്പായത്തിന്റെ പോക്കറ്റില്‍ ഒരു കുപ്പി ഇട്ടിട്ടുണ്ടായിരുന്നു..... കിണറ്റില്‍ നിന്ന് കയറ്റിവിട്ടപ്പോള്‍ കുപ്പായത്തില്‍ നിന്ന് കുപ്പി എടുക്കാന്‍ മറന്നുപോയി ....”
പച്ചയ്ക്ക് നിന്ന കണ്‍വീനര്‍ രണ്ട് പച്ചതെറിവിളിച്ചപ്പോള്‍ ഫാദര്‍ തിരിച്ചു നടന്നു. ഇപ്പോള്‍ കിട്ടിയതിന് വൈകിട്ട് പലിശ സഹിതം തിരിച്ചു കൊടുക്കാമല്ലോ???
(ക്രിസ്തുമസ് തീരുന്നതുവരെ കരോള്‍ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...)
2 comments:
appol inganeyokkeyanu christmas alle?nannayittundu
(ക്രിസ്തുമസ് തീരുന്നതുവരെ കരോള്‍ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...)
Plssssssss...
ഇതുപോലത്തെ അണെങ്കില്‍ വേണമെന്നില്ല
Post a Comment