ചിന്തകള്‍ക്കവസാനം പരശുരാമന്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നു.കേരളത്തിലേക്കു പോവുകതന്നെ!.കേരളരൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തിന് മുഖ്യാതിഥിയായി എത്തിച്ചേരണമെന്ന് കേരളസര്‍ക്കാര്‍ ഒരു വര്‍ഷമായി ആവിശ്യപ്പെടുകയാണ്.ആവിശ്യം അംഗീകരിച്ചതായി പരശുരാമന്‍ കേരളത്തിലേക്ക് ഫാക്സ് അയച്ചു.
താന്‍ മഴു എറിഞ്ഞിട്ട് അമ്പതു വര്‍ഷമേ ആയിട്ടുള്ളോ എന്ന് പരശുരാമന് സംശയം തോന്നി. ആ സംശയം ന്യായം തന്നെ അല്ലേ?കേരളം ആകെ മാറിയിട്ടുണ്ടാവും.ദേവലോകവും പാതാളവും വരെ വയര്‍ലസ്സ് കമ്യൂണിക്കേഷന്‍ നടക്കുന്ന കാലത്ത് കേരളം എങ്ങനെ മാറാതിരിക്കും!.. ഏതായാലും കേരളത്തിലേക്ക് ഒറ്റയ്ക്കുപോകാന്‍ വയ്യ.ആരെയെങ്കിലും കൂടെ കൂട്ടണം.കേരളത്തെക്കുറിച്ച് ശരിക്ക് അറിയാവുന്ന ഒരാളാവണം,അന്വേഷ്ണത്തിനൊടുവില്‍ പരശുരാമന് കൂട്ടുകാരനെ കിട്ടി,മാവേലി തമ്പുരാന്‍!!
പരശുരാമന്‍ മാവേലി തമ്പുരാനെ കാണാനായി പാതാളത്തില്‍ എത്തി.പരശു എത്തിയപ്പോള്‍ മാവേലി എണ്ണതോണിയില്‍ കിടക്കുകയായിരുന്നു.ഭരണം നഷ്ടപ്പെട്ടിട്ടും മാവേലിക്ക് അഹങ്കാരത്തിന് കുറവൊന്നും വന്നിട്ടില്ലന്ന് പരശുവിന് തോന്നി.തന്നെ കണ്ടിട്ട് ആളൊന്ന് എഴുന്നേല്‍ക്കുന്നതു പോലുമില്ല.
കുറച്ചുകഴിഞ്ഞപ്പോള്‍ താന്‍ മാവേലിയെ കുറിച്ച് ചിന്തിച്ചത് തെറ്റായിരുന്നുവെന്ന് പരശുരാമന് മനസ്സിലായി.കഴിഞ്ഞ ഓണത്തിന് പോയിവന്നതിന് ശേഷം മാവേലി എണ്ണതോണിയില്‍ കയറി കിടന്നതാണ്.ഒന്നരമാസം ആ കിടപ്പ് തുടരണമെന്നാണത്രെ പാതാള വൈദ്യന്മാരുടെ ഉപദേശം. ഒരൊറ്റദിവസം മാവേലി കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചതേയുള്ളൂ.മാവേലിയുടെ നടുവിന്റെ നട്ടും ബോള്‍ട്ടും ലൂസായി.എവിടെ നിന്നോ ബുള്‍ഡോസറിന്റെ ഇടിയും കിട്ടി.ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞതുപോലെ ,ചിക്കന്‍ഗുനിയായും പിടിച്ചു.
പരശുരാമന്‍ താന്‍ വന്ന കാര്യം മാവേലിയോട് പറഞ്ഞു.പരശുരാമന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി മാവേലി പരശുരാമന്റെ കൂടെ ചെല്ലാമെന്ന് സമ്മതിച്ചു.പക്ഷെ ഒരു പ്രശ്നമുണ്ട്;ആണ്ടില്‍ ഒരു പ്രാവിശ്യമേ കേരളത്തില്‍ പോകാന്‍ മാവേലിക്ക് അനുവാദമുള്ളു.വ്യക്തമായി പറഞ്ഞാല്‍ മാവേലിക്ക് തന്റെ പാസ്‌പോര്‍ട്ട് ആണ്ടില്‍ ഒരൊറ്റതവണയേ കിട്ടുകയുള്ളൂ.ഓണം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ പാസ്‌പോര്‍ട്ട് വിഷ്ണുവിനെ തിരിച്ചേല്‍പ്പിക്കുകയും വേണം.പണ്ട് ചവിട്ടി താഴത്തിയപ്പോള്‍ മുതലുള്ള നിബന്ധനയാണ്.അതിനിതുവരെ ഒരു വെത്യാസവും വന്നിട്ടില്ല.
പാസ്‌പോര്‍ട്ട് വാങ്ങിതരുന്ന കാര്യം ഏറ്റന്ന് പറഞ്ഞ് പരശുരാമന്‍ ദേവലോകത്തേക്ക് വിട്ടു.വിഷ്ണുവിനെ കണ്ട് പാസ്‌പോര്‍ട്ട് ഒന്നു തരണമെന്ന് പറയണം.തരത്തില്ലന്ന് പറഞ്ഞാല്‍ എന്തുചെയ്യും?അതുകൊണ്ട് നേരിട്ട് ചോദിക്കുന്നതിലും നല്ലത് തന്റെ ഗുരുവായ പരമശിവനെക്കൊണ്ട്ചോദിപ്പിക്കുന്നതാണ്.
വൈകുണ്ഠയാത്ര ക്യാന്‍സല്‍ ചെയ്ത് പരശുരാമന്‍ കൈലാസത്തിലേക്ക് പോയി.കൈലാസത്തിന്റെ വാതിക്കല്‍ ഗണപതി നില്‍പ്പുണ്ട്.സന്തോഷത്തോടെ ഗണപതി പരശുരാമനെ സ്വീകരിച്ചു.അച്ഛന്‍ ഉറങ്ങുകയാണന്നും അല്പം കാത്തിരിക്കാനും ഗണപതി പറഞ്ഞു.ഗണപതിക്കുണ്ടായ വകതിരുവില്‍ പരശുരാമന് സന്തോഷം തോന്നി.പണ്ട് താന്‍ ഗുരുവിനെ കാണാന്‍ വന്നപ്പോള്‍ ഗണപതിതന്നെ തടഞ്ഞതും തമ്മിലടിയുണ്ടായതും താന്‍ ഗണപതിയുടെ ഒരു കൊമ്പ് വെട്ടിയതെല്ലാം പരശുരാമന്‍ ഓര്‍ത്തു.
ശിവന്‍ എഴുന്നേറ്റപ്പോള്‍ പരശുരാമന്‍ തന്റെ ആവിശ്യം അറിയിച്ചു.പരശുരാമനെ ശിവനങ്ങനെ തള്ളാന്‍ പറ്റുമോ?പണ്ട് തന്റെ വാക്ക് കേട്ട് ആയുധങ്ങളൊന്നും ഇല്ലാതെ അസുരന്മാരെവധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവനാണ് പരശുരാമന്‍! പിന്നീടാണ് താനവന് ഒരു മഴു കൊടുത്തത്.ആ മഴുകൊണ്ട് അവന്‍ കേരളം ഉണ്ടാക്കിയെങ്കിലുംഅതെല്ലാം ദാനം ചെയ്തവനാണ്.ശിവന്‍ ഉടന്‍ തന്നെ വിഷ്ണുവിനെ വിളിച്ച് കാര്യം പറഞ്ഞു.ആദ്യം വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പരശുരാമനു വേണ്ടിയാണന്ന് പറഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് കൊടുക്കാമെന്ന് വിഷ്ണു പറഞ്ഞു.(മഹാവിഷ്ണുവിന്റെ ,ഭാര്‍ഗ്ഗവവംശത്തിലെ അവതാരമായിരുന്നു പരശുരാമന്‍)
സന്തോഷവര്‍ത്തമാനം അറിയിക്കാനായി പരശുരാമന്‍ വീണ്ടും പാതാളത്തില്‍ എത്തി.എണ്ണത്തോണിയില്‍ റെസ്റ്റ് ചെയ്യുന്ന മഹാബലിയുമായി തങ്ങളുടെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്തു.ഒരാഴ്ച മുമ്പെങ്കിലും പോയാലെ സമയത്ത് കേരളത്തില്‍ എത്തുകയുള്ളൂയെന്ന് പരശുരാമന്‍ പറഞ്ഞു.അതിന്റെ ആവിശ്യം ഇല്ലന്നും ഇപ്പോള്‍ പാതാളവും കേരളവും തമ്മില്‍ വലിയ ‘സമയ’വെത്യാസമില്ലന്ന് മാവേലി പറഞ്ഞു.കേരളത്തില്‍ നിന്ന് പാതാളത്തിലെക്ക് വരാന്‍ അഞ്ചു മിനിട്ടും പോകാന്‍ ഒരുമണിക്കൂറും മതിയെന്ന് മാവേലി പറഞ്ഞത് പരശുരാമന് മനസ്സിലായില്ല.
മാവേലി ചൂണ്ടിയ ഭാഗത്തേക്ക് പരശുരാമന്‍ നോക്കി.മുകളില്‍ നിന്ന് രക്തത്തുള്ളികള്‍ താഴേക്ക് വീഴുന്നു.പാതാളത്തില്‍ ഇപ്പോള്‍ ‘ബ്ലഡ്‌ലസ്സ് ‘ ദണ്ഡനങ്ങളാണ് നടക്കുന്നതെന്നാണ് കേട്ടിരിക്കുന്നത്.അപ്പോള്‍ ഈ ചോര? മാവേലി പറഞ്ഞു “ എന്റെ പരശുരാമാ അത് കേരളത്തിലെഏതോ ഗട്ടറില്‍ വീണ് മരിച്ച നിര്‍ഭാഗ്യവാന്റെ ചോരയാണ്.ആ ഗട്ടര്‍ വഴി നമുക്ക് എളുപ്പം കേരളത്തില്‍ എത്താം.” ആ പറഞ്ഞത് പരശുരാമന് മനസ്സിലായി. നവംബര്‍ ഒന്നിന് കാണാമെന്ന് പറഞ്ഞ് പരശുരാമന്‍ പാതാളത്തില്‍ നിന്ന് യാത്രയായി!!!!!
No comments:
Post a Comment