Tuesday, July 29, 2025

ഒരക്ഷരം മാറിയ മരുന്ന്

 ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മെഡിക്കൽ സ്റ്റോറിൽ മരുന്നിനായി അയാൾ ചെന്നു നിന്നു. ഭാര്യയ്ക്ക് താരനുള്ള ഒരു ഷാമ്പൂ മാത്രം വാങ്ങേണ്ടതുകൊണ്ട് എഴുതി കൊണ്ട് വരാതെ മരുന്നിൻ്റെ ഫോട്ടോ എടുത്തു കൊണ്ടാണ് വന്നത്.


സ്റ്റാൻഡിൽ ഇടയ്ക്കിടക്ക് ബസ് വന്നു പോകുന്ന ശബ്ദത്തെ മുറിച്ചു വേണം മരുന്നിൻ്റെ പേര് പറഞ്ഞ് കൊടുക്കാൻ.  മരുന്ന് എടുത്ത് നൽകുന്ന ചേച്ചിയോട് മരുന്നിൻ്റെ പേര് പറഞ്ഞു. 

കെ സ്….

പേര് മൊത്തം പറഞ്ഞ് തീരുന്നതിന് മുമ്പ് സ്റ്റാൻഡിലെ കുഴിയിൽ ചാടിചാടിവന്ന ബസ് കൃത്യം മെഡിക്കൽ സ്റ്റോറിൻ്റെ മുമ്പിൽ തന്നെ വന്നു നിന്നു.


ചേച്ചി മരുന്നിൻ്റെ പേര് മുഴുവൻ കേട്ടു കാണുമോ? പല ഡോക്ടർമാരും എഴുതുന്ന കുറുപ്പടി വായിക്കാൻ പറ്റുന്ന ഒരേ ഒരു കൂട്ടം മെഡ്ക്കൽ സ്റ്റോറിലെ സ്റ്റാഫുകൾ ആണല്ലോ. അപ്പോ പിന്നെ കേൾക്കുന്ന പേരൊന്നും അവർക്കൊരു പ്രശ്നം ആകാൻ വഴിയില്ല. 


മൂന്നാല് റാക്കിന് അപ്പുറം മരുന്ന് എടുത്തു കൊണ്ട് നിൽക്കുന്ന മറ്റൊരാളോട് ആ ചേച്ചി 

“ ഈ സാറിന് ഒരു കെ കൂടി എടുത്തോ” എന്ന് വിളിച്ചു പറഞ്ഞപ്പോൾ റാക്കിലെ മരുന്നിനു മുമ്പി നിന്ന് തലപൊക്കി നോക്കിയ പുതിയ ചേട്ടന്

 ആള് മാറി പോകാതിരിക്കാൻ അയാൾ കൈ പൊക്കി കാണിക്കുകയും ചെയ്തു.


“ഏതാ സാറേ ഫ്ലേവർ വേണ്ടത് “ എന്ന് മരുന്ന് എടുക്കുന്ന ആൾ വിളിച്ചു ചോദിച്ചപ്പോൾ സൂപ്പർ മാർക്കറ്റിലെ ഷാമ്പു ബോട്ടിലുകൾ -

അവാക്കാഡോ, ഉള്ളി, ഓമയ്ക്ക , സ്ട്രോബറി, അലോവേര , ചെമ്പരത്തി, തെറ്റി , നാരങ്ങ, വേപ്പ്, ബദാം തുടങ്ങിയവയുടെ പടമുള്ള ഷാമ്പു ബോട്ടിലുകൾ അയാളുടെ തലയിൽ തെളിഞ്ഞു.


‘“ ഫ്ലേവർ ഏതാണെങ്കിലും കുഴപ്പമില്ല. ഇട്ടാൽ അലർജിയൊന്നും ഉണ്ടാകാതിരുന്നാൽ മതി.”


“ഇതുവരെ ആരും അലർജി പറഞ്ഞ് കേട്ടിട്ടില്ല സർ “ 


സെയിൽസ്മാൻ റാക്കിൽ നിന്ന് മരുന്ന് എടുത്ത് പൊതിഞ്ഞു കൊണ്ട് വന്നു.


“ഇത് ഇട്ട് കഴിഞ്ഞിട്ട് തലചൂടുവെള്ളത്തിൽ കഴുകണോ അതോ തണുത്ത വെള്ളത്തിലോ?’”

അയാളുടെ ചോദ്യം ആ സെയിൽസ്മാൻ ചേട്ടന് അത്രയ്ക്കങ്ങോട്ട് പിടിച്ചില്ലന്ന് തോന്നുന്നു. നീ ഏതെങ്കിലും വെള്ളം എടുത്ത് കഴുകിക്കോ എന്ന് ആ മുഖം നിശബ്ദമായി പറഞ്ഞു. നീ എന്തിനാ ദാസപ്പാ ഇപ്പോ തല കഴുകുന്നത്? എന്ന ചോദ്യമല്ലേ സെയിൽസ്മാൻ ചേട്ടൻ്റെ മുഖത്തിപ്പോ മിന്നി മറിഞ്ഞത്?


പോക്കറ്റിൽ നിന്ന് കാശ്  എടുത്ത് കൊടുത്തിട്ട് മരുന്ന്  വാങ്ങിയപ്പോൾ അത്  ചെറിയ പായ്ക്കറ്റ് ആണെന്ന് അയാൾക്ക് തോന്നി.


‘“ ചേട്ടാ ഇത് ചെറിയ പായ്ക്കറ്റ് ആണല്ലോ “


“ ഈ പായ്ക്കറ്റിലാണ് വരുന്നത് “


“ ഞാൻ രണ്ടാഴ്ച മുമ്പ് വാങ്ങിയപ്പോൾ ഇതിലും നീളമുള്ള കവറിലായിരുന്നല്ലോ?”


“ഓരോ തവണ സ്റ്റോക്ക് വരുമ്പോഴും പായ്ക്കറ്റൊക്കെ ചിലപ്പോ മാറിയന്നിരിക്കും സാറേ “ സെയിൽസ്മാൻ്റെ മറുപടി കേട്ട് അയാൾ മരുന്ന് വാങ്ങി ബാഗിൽ വെച്ചു.


വീട്ടിൽ എത്തി കുളി കഴിഞ്ഞ് സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുമ്പോഴാണ് അകത്തു നിന്ന്  ഭാര്യയുടെ ചോദ്യം


“ചേട്ടാ, ഷാമ്പൂ വാങ്ങാൻ പറഞ്ഞിട്ട് വാങ്ങിയില്ലേ?”


“ബാഗീന്ന് എടുത്തു വയ്ക്കാൻ മറന്നതാ…  ഷാമ്പൂ ബാഗിൽ തന്നെ ഇരിപ്പുണ്ട്. നീ അതങ്ങ് എടുക്ക്”


ഒരു രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ അകത്തു നിന്ന് ഭാര്യയുടെ നിലവിളിയും നെഞ്ചത്തടിയും


“ അയ്യോ! ഞാനിതെങ്ങനെ സഹിക്കുമോ… എൻ്റെ ജീവിതം പോയേ… ഇങ്ങേരയും പിള്ളാരയും നോക്കി ഇരുന്ന എന്നെ ഇങ്ങേർക്ക് വേണ്ടാതായേ…”


“ഠും… ഠും “ വീണ്ടും നെഞ്ചത്തടി.


ഇതെന്താ പെട്ടന്നിവിടെ സംഭവിച്ചത് എന്ന് അന്തംവിട്ട് പേപ്പർ മടക്കി അയാൾ അകത്തേക്ക് ചെന്നപ്പോൾ ഭാര്യ കലിതുള്ളി നിൽക്കുകയാണ്.


“ സത്യം പറ മനുഷ്യാ , നിങ്ങൾക്കെന്നെ മടുത്തു അല്ലേ? ഇത്രയും കാലം നിങ്ങടെ കൂടെ ജീവിച്ചിട്ടും നിങ്ങളെന്നോട് ഇങ്ങനെ ചെയ്തല്ലോ……  “

ഭാര്യ പതം പറഞ്ഞ് കരയുകയാണ്.


രണ്ട് മിനിട്ടിനുള്ളിൽ എന്താണിവിടെ സംഭവിച്ചതന്ന് മനസിലാകാതെ അയാൾ ഭാര്യയോട് ചോദിച്ചു,

“നീ ഇതൊക്കെ എന്തുവാ പറയുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല”


“എനിക്കും ഒന്നും മനസിലാവുന്നില്ല. നിങ്ങൾക്കിത് എന്തുവാ പറ്റിയത്? എന്നോടും പിള്ളാരോടും ഉള്ള നിങ്ങടെ സ്നേഹം ഒക്കെ അഭിനയം ആയിരുന്നല്ലേ? നിങ്ങൾക്കെന്നെ വേണ്ടാന്ന് തോന്നി തുടങ്ങിയന്ന് എനിക്ക് മനസിലായിരുന്നെങ്കിൽ ഞാനങ്ങ് മാറി തന്നേനെ“


‘“നീ ഇതൊക്കെ എന്തുവാ പറയുന്നത്? എനിക്കും ഒന്നും മനസിലാകുന്നില്ല” അയാൾ പറഞ്ഞു.


“ നിങ്ങൾക്ക് ഞാൻ പറയുന്നതൊന്നും മനസിലാവത്തില്ല. എനിക്കാണ് ഒന്നും മനസിലാകാതിരുന്നത്. ദൈവമായിട്ടാ എനിക്ക് എല്ലാം കാണിച്ച് തന്നത് .സത്യം പറ നിങ്ങള് എത്ര നാളായി ഈ ബന്ധം തുടങിയിട്ട് ‘...”


“ദൈവം നിനക്ക് എന്ത് കാണിച്ച് തന്നന്നാ ഈ പറയുന്നത് “


“ നിങ്ങൾ വാങ്ങിച്ചു കൊണ്ടുവന്ന ഷാമ്പു എടുത്തു വയ്ക്കാൻ മറന്നത് കൊണ്ടാണല്ലോ ബാഗിൽ നിന്ന് അതെടുക്കാൻ നിങ്ങൾ പറഞ്ഞത്. ഷാമ്പു നോക്കിയപ്പോൾ എനിക്ക് കിട്ടിയത് നിങ്ങൾ എടുത്തു മാറ്റാൻ മറന്നുപോയ വേറെ ഒരു സാദനം ‘. ദൈവമായിട്ട് അതെനിക്ക് കാണിച്ചു തന്നതാ. അതുകൊണ്ടാണല്ലോ നിങ്ങളുടെ മനസിലിരുപ്പ് എനിക്ക് മനസിലായത് “. ഭാര്യ കരഞ്ഞ് കരഞ്ഞ് കട്ടിലിൽ ഇരുന്ന് കരയാൻ തുടങ്ങി.


“നീ ഇങ്ങനെ ഓരോന്ന് പറയുന്നത് അല്ലാതെ, നിനക്കെന്താ കിട്ടിയതന്ന് പറഞ്ഞില്ലല്ലോ?”


കണ്ണൊക്കെ തുടച്ചിട്ടവൾ പറഞ്ഞു,

“ ഇനി ഞാൻ പറഞ്ഞിട്ട് വേണമല്ലോ നിങ്ങൾക്കത് മനസിലാക്കാൻ’. ഞാൻ പറഞ്ഞിട്ടേ നിങ്ങൾക്കത് മനസിലാകൂ എന്നുള്ളൂവെങ്കിൽ ദേ നോക്ക്. നിങ്ങടെ ബാഗിൽ നിന്ന് കിട്ടിയതാ “



ഭാര്യ കാണിച്ച കവർ കണ്ട് അയാൾ ഞെട്ടി!

കാമസൂത്രയുടെ കവർ !!


‘“ നിനക്കിത് എവിടെ നിന്ന് കിട്ടിയന്നാ പറഞ്ഞത്?”


‘“ നിങ്ങടെ ബാഗിൽ നിന്ന്. സത്യം പറ മനുഷ്യാ. നിങ്ങക്ക് ഏതവളുമായാ ബന്ധം ഉള്ളത്. ഇത് ചുമ്മാ വാങ്ങി ബാഗിൽ ഇടുന്ന സാദനം ഒന്നും അല്ലല്ലോ?”


“സത്യമായിട്ടും ഞാനിങ്ങനെ ഒരു സാദനം വാങ്ങിയിട്ടില്ല. ഇന്നന്നല്ല ഇന്നുവരെ ഒരിക്കൽ പോലും ഞാനിങ്ങനത്തെ ഒരു സാദനം വാങ്ങിയിട്ടില്ല” 


‘“ നിങ്ങളു വാങ്ങാതെ എങ്ങനാ ഇത് നിങ്ങടെ ബാഗിൽ വന്നത്? വീണ്ടും ഭാര്യയുടെ ചോദ്യം. 


ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ തലച്ചോറിൽ ഇന്നത്തെ ദിവസം റിവൈൻഡ് അടിച്ചപ്പോൾ ചെന്ന് നിന്നത് മെഡിക്കൽ സ്റ്റോറിൽ. 


താൻ ചോദിച്ച മരുന്നിന്റെ കവർ അയാളുടെ മനസിൽ തെളിഞ്ഞു.


“ഏതാ സാറേ ഫ്ലേവർ വേണ്ടത് “ എന്ന ചോദ്യത്തിനു മുമ്പിൽ വീണ്ടും മനസ് നിന്നു. ഇനി അല്പം സ്ലോയിൽ ഓർമ്മകൾ പോകട്ടെ.  “ഓരോ തവണ സ്റ്റോക്ക് വരുമ്പോഴും പായ്ക്കറ്റൊക്കെ ചിലപ്പോ മാറിയന്നിരിക്കും സാറേ “ സെയിൽസ്മാൻ്റെ മറുപടി കേട്ട് മരുന്ന് വാങ്ങി ബാഗിൽ വെയ്ക്കുന്നതുവരെ തലയിൽ തെളിഞ്ഞു.


അതെ!

അവിടെ നിന്നാണ് കവർ മാറിയത്.

KZ ന് പകരം KS!!!


കുടുംബ കലഹം ഉണ്ടാക്കാൻ ഒരക്ഷരം മാറിയ മരുന്ന് (കവർ) തന്നെ ധാരാളം എന്ന് മനസിൽ ചിന്തിച്ച് അയാൾ ഭാര്യയോട് എന്താണ് സംഭവിച്ചതന്ന് വിശദീകരിക്കാൻ ആരംഭിച്ചു.


അയാൾ വിശദീകരണം തുടർന്ന് കൊണ്ടേ ഇരിക്കട്ട് .......


സംഭവിച്ചതെല്ലാം നല്ലതിന്, 

സംഭവിക്കുന്നതെല്ലാം നല്ലതിന്, 

ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്


: :: ::