അച്ഛന്റെ എഴുത്ത് അവള് ഒരു വട്ടം കൂടി വായിച്ചു.എല്ലാ എഴുത്തുകളിലും അച്ഛന് സാരോപദേശങ്ങളും നാട്ടുവര്‍ത്തമാനങ്ങളും ആയിരുന്നു എഴുതിയിരുന്നത്.തന്റെ കൂടെ പഠിച്ചവര്‍ കല്യാണം കഴിഞ്ഞ് കുട്ടികളുമായി പോകുന്നത് അച്ഛന് കണ്ടുഎന്നു എത്രയോ പ്രാവിശ്യം എഴുതിയിരിക്കുന്നു.അതിന്റെ അര്‍ത്ഥം തനിക്ക് കല്യാണ പ്രായം കഴിഞ്ഞിരിക്കുന്നു എന്നാണ്.അച്ഛന് അത് നേരിട്ട് പറയാന്‍ മടികാണും.കുടുംബം മുന്നോട്ട് പോകണമെങ്കില്‍ താന്‍ അയിച്ചുകൊടുക്കുന്ന പണം വേണം.താന്‍ അയിച്ചുകൊടുക്കുന്ന പണം കൊണ്ട് ഒന്നുമാവില്ലന്ന് തനിക്കുതന്നെ അറിയാം.അനുജത്തി പ്ലസ്ടുവില്‍ എത്തിയിരിക്കുന്നു.അവളുടെ ചിലവ്,അച്ഛന്റെ ചികിത്സ,തന്റെ ലോണ്‍ തിരിച്ചടവ്..എല്ലാംകൂടി താന്‍ അയച്ചുകൊടുക്കുന്ന ഏഴായിരം രൂപയില്‍ നില്ക്കത്തില്ല ന്ന് തനിക്കറിയാം. അമ്മ പുറം പണിക്ക് പോകുന്നതുകൊണ്ട് ഒരു വിധം പിടിച്ചു നില്ക്കാന് സാ ധിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുമാസത്തെ തന്റെ വിദ്യാഭ്യാസലോണിന്റെ തിരിച്ചടവ് കുടിശ്ശിഖയായന്ന് അച്ഛന് പറഞ്ഞപ്പോള്‍ താനത് നിര്‍വികാരതയോടെ കേട്ടതേയുള്ളു.ആശുപത്രിയില്‍ നിന്ന് കിട്ടുന്ന പതിനായിരം രൂപ ഒന്നിനും തികയുന്നില്ലന്ന് ആരറിയുന്നു. ലോണിന്റെ തവണ കുടിശിഖ ഇനി എന്ന് തിരിച്ചടയ്ക്കാന്‍ പറ്റുമെന്ന് താന്‍ ചിന്തിക്കുന്നതേയില്ല.പ്രതീക്ഷകളൊക്കെ അസ്തമി
ക്കുകയാണ്.
മൂത്തമകളെ നേഴ്സിംങ്ങ് പഠിപ്പിച്ചാല്‍ കുടുംബം രക്ഷപെടുമെന്ന് അച്ഛന് ധരിച്ചിട്ടുണ്ടാവാം.തനിക്കും അങ്ങനെ തോന്നിയിരുന്നു. അതുകൊണ്ടാണ് ലോണ്‍ എടുത്ത് പഠിപ്പിക്കാം എന്ന് അച്ഛന് പറഞ്ഞപ്പോള്‍ താനതിനെ എതിര്‍ക്കാതിരുന്നത്.അച്ഛന് കിടപ്പിലായില്ലായിരുന്നെങ്കില്‍ എല്ലാം ഭംഗിയായി തീര്‍ന്നേനെ.മനുഷ്യര്‍ ആഗ്രഹിക്കുന്നതുപോലെ എല്ലാം ഈശ്വരന് നല്‍കത്തില്ലല്ലോ?അച്ഛന് ചികിത്സകള്‍ അവസാനിപ്പിച്ചമട്ടാണ്.കീമാതെറാപ്പിചെയ്യേണ്ടായെന്ന് അച്ഛന്തന്നെയാണ് പറഞ്ഞത്.ആയുസ്സ് രണ്ടുവര്‍ഷം കൂടിമാത്രം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അച്ഛന് കരഞ്ഞില്ല.തന്നെ കണ്ടപ്പോള്‍ അണകെട്ടി നിര്‍ത്തിയിരുന്ന സങ്കടം അച്ഛനില്‍ നിന്ന് ഒഴുകി.”എന്റെ മോള് അച്ഛനെവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നല്ലോ?” നിറഞ്ഞൊഴുകുന്ന അച്ഛന്റെ കണ്ണ് താനൊപ്പുമ്പോള്‍ അച്ഛന് വിറയ്ക്കുന്ന കൈകൊണ്ട് തന്റെ മുഖത്ത് തലോടി.അറിയാതെ തന്റെ കണ്ണുകളും നിറഞ്ഞു.സങ്കടങ്ങള്‍ പെയ്തൊഴിയുകയായിരുന്നു.
“ദിവ്യയ്ക്കൊരു ഫോണുണ്ട്.”ഹോസ്റ്റല്‍ വാര്ഡന് വന്നുപറഞ്ഞു.അവള് ഫോണെടുക്കാനായി ചെന്നു.അമ്മയാണ്.ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വന്നിരിക്കുന്നു.ഒന്നരലക്ഷം രൂപ ആറുമാസത്തിനകം അടച്ചില്ലങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് എത്തിയിരുക്കുന്നത്രെ!ആറുമാസം സമയം ഉണ്ടല്ലോ,എന്തെങ്കിലും വഴിയുണ്ടാക്കാം എന്ന് അമ്മയെ ആശ്വസിപ്പിച്ച് അവള് ഫോണ്‍ വെച്ചു. അമ്മയെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ ഉള്ളം പിടയ്ക്കുകയായിരുന്നു.എങ്ങനെ പണം കിട്ടും.
ദിവസങ്ങള്‍ കടന്നുപോവുകയാണ്.ഒരു ദിവസം പത്രത്തിലെ ഒരു പരസ്യം അവളുടെ കണ്ണില്‍ പെട്ടു.മക്കളില്ലാത്ത ഡോക്ടര്‍ദമ്പതികള്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം വേണമെന്ന്.അവളൊന്നും ആലോചിച്ചില്ല.അവരെ അന്വേഷിച്ച് കണ്ടെത്തി.വരും വരായ്കകളെക്കുറിച്ച് അവര്‍ അവളെ ധരിപ്പിച്ചു.അവളതെല്ലാം കേട്ടു.കരാറിനെക്കുറിച്ചവര്‍ സംസാരിച്ചു.അവള്‍ക്കത് സമ്മതമായിരുന്നു. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന അന്നുമുതല്‍ പതിനൊന്നുമാസം അവള് അവരോടൊപ്പം കഴിയണം. ജനിക്കുന്നകുഞ്ഞില്‍ അവള്‍ക്കൊരു അവകാശവും ഉണ്ടാവത്തില്ല.ഭാവിയില്‍ അവളതിനെ കാണാനോ കാണാന്‍ ശ്രമിക്കുകയോ പാടില്ല.പ്രതിഫലം മൂന്നു ലക്ഷം രൂപ.അവളന്നുതന്നെ ഒന്നരലക്ഷം രൂപ വാങ്ങി നാട്ടിലെത്തിച്ചു.പണം ലഭിച്ചതെങ്ങനെയാണന്നവള്‍ വീട്ടില്‍ പറഞ്ഞില്ല.
ഡോക്ടര്‍ ദമ്പതികള്‍ക്ക് അവളോട് സ്വന്തം മകളോടെന്നപോലെ വാത്സല്യമായിരുന്നു.ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം നിക്ഷേപിച്ചതുമുതല്‍ അവള് അവളല്ലാതാവുകയായിരുന്നു.ആശുപത്രിയില്‍ നിന്ന് അവള് ഒരു വര്‍ഷത്തെ ലീവ് അവള് എടുത്തിരുന്നു.ഡോക്ടര്‍ ദമ്പതികളുടെ അഡ്രസ്സ് അമ്മയ്ക്ക് കൊടുത്തു.അവരുടെ കൂടെ പേയിംങ്ങ് ഗസ്റ്റായി താമസിക്കുകയാണന്നാണവള്‍ പറഞ്ഞത്.കരാറില്‍ മൂന്നുലക്ഷം രൂപയാണ് പറഞ്ഞിരുന്നതെങ്കിലും ഡോക്ടര്‍ ദമ്പതികള്‍ ദിവ്യയുടെ അച്ഛന്റെ ചികിത്സാച്ചെലവുകളും നടത്തി.മരണത്തില്‍ നിന്നയാള്‍ ജീവിതത്തിലേക്ക് പിടിച്ചു കയറി.എന്‍ട്രന്‍സിലൂടെ അഡ്മിഷന് ലഭിച്ച ദിവ്യയുടെ അനുജത്തിയുടെ സ്പോണ്‍സറാവാനും അവര്‍ തയ്യാറായി.
തന്റെ വയറിനുള്ളില്‍ അനുഭവപ്പെടുന്ന ഓരോചലനങ്ങളും അവളുടെയുള്ളില്‍ പേക്കിനാവുകള്‍ ഉണര്‍ത്തി.കരാര്‍ അവസാനിക്കുമ്പോള്‍ താനും തന്റെ വയറിനുള്ളില്‍ വളരുന്ന കുഞ്ഞും അപരിചിതരാവും.കുഞ്ഞിന്റെ പൊക്കിള്‍കൊടിയിലൂടെ അവന്റെയുള്ളില്‍ എത്തുന്നത് തന്റെ രക്തമാണ്.ജനിച്ചു കഴിഞ്ഞാല്‍ അവന് തന്റെ രക്തമോ ഡോക്ടര്‍ ദമ്പതികളുടെ രക്തമോ?കുഞ്ഞിന്റെ ഓരോ ചലനങ്ങള്‍ അറിയുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞു.വാടകയ്ക്ക് നല്‍കിയതാണങ്കിലും തന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞ് നാളെ മറ്റൊരാളുടെതാകും.കുഞ്ഞ് ചിരിക്കുന്നതും കരയുന്നതും പിച്ചവയ്ക്കുന്നതും എല്ലാം അവള് സ്വപ്നം കണ്ടു.എവിടെക്കെങ്കിലും ഓടിപ്പോയാലോ എന്നവള്‍ ചിന്തിക്കാതിരുന്നില്ല.പക്ഷേ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവുകയാണ്.വിവാഹം കഴിക്കാതെ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്ക് എവിടെ ഒളിക്കാന്‍ പറ്റും?അല്ലങ്കില്‍ ആര് അഭയം തരും?
ഡോക്ടര്‍ ദമ്പതികളുടെ സന്തോഷം കാണുമ്പോള്‍ അവളുടെയുള്ളില്‍ അറിയാതെ നെടിവീര്‍പ്പുകള്‍ ഉയരും.അവര്‍ ഒരു ദിവസം വീട്ടില്‍ എത്തുമ്പോള്‍ ദിവ്യ സ്വീകരണമുറിയിലുണ്ടായിരുന്നു.ചന്ദനത്തില്‍ തീര്‍ത്ത ആട്ടുതൊട്ടിലുമായി അവര്‍ കയറിവരുന്നത് കണ്ടപ്പോള്‍ അവളുടെ ഉള്ളം നൊന്തു.ഡോക്ടര്‍ ദമ്പതികളിലെ ഭാര്യ അവിധിയില്‍ പ്രവേശിച്ചു.അവര്‍ ഇപ്പോള്‍ മുഴുവന്‍ സമയവും ദിവ്യയുടെ കൂടെതന്നെയുണ്ടാവും.ദിവ്യ ഒന്നനങ്ങിയാല്‍പോലും അവര്‍ക്ക് ഭയമാണ്.തങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോന്നുള്ള ഭയം.ദിവ്യയുടെ അടുത്തിരുന്നവര്‍ കുട്ടിയുടുപ്പുകള്‍ തുന്നി.അയാള്‍,ഡോക്ടര്‍ ദമ്പതികളിലെ ഭര്‍ത്താവ് ഇപ്പോള്‍ എന്നും വരുന്നത് കളിപ്പാട്ടങ്ങളുമായിട്ടാണ്.അവരുടെ സന്തോഷം കാണുമ്പോള്‍ ദിവ്യയും അറിയാതെ തന്നെ അതില്‍ പങ്കുചേര്‍ന്നുപോകും.
ദിവ്യയെ ആശുപത്രിയിലേക്ക് മാറ്റി.ലേബര്‍ റൂമിനു മുന്നില്‍ ഡോക്ടര്‍ ദമ്പതികള്‍ കാത്തിരുന്നു.തങ്ങളുടെ കുഞ്ഞിനെ കാണാനായി അവരുടെ മനം കൊതിച്ചു.സമയം ഇഴഞ്ഞാണ് നീങ്ങുന്നതവര്‍ക്ക് തോന്നി.ഡോക്ടര്‍ ദമ്പതികളിലെ ഭാര്യ വാച്ചിലും ലെബര്‍ റൂമിന്റെ വാതിക്കലും മാറിമാറി നോക്കികൊണ്ടിരുന്നു.ഭര്‍ത്താവ് ഒന്നിനുപുറകെഒന്നായി സിഗരറ്റുകള്‍ പുകച്ചു തള്ളി.
ലേബര്‍റൂമിന്റെ വാതില്‍ തുറന്ന് നഴ്സ് കുഞ്ഞുമായി വന്നു.ഡോക്ടര്‍ ദമ്പതികള്‍ ഓടിയെത്തി. ഓമനത്തം
നിറഞ്ഞ ഒരാണ്‍കുഞ്ഞ്.അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു.ദിവ്യയെ റൂമിലേക്ക് മാറ്റി.ദിവ്യയെ കിടത്തിയതിന് തൊട്ടടുത്ത് മുറി ഡോക്ടര്‍ ദമ്പതികള്‍ എടുത്തു.കുഞ്ഞിനെ അവിടേക്ക് മാറ്റി.കുഞ്ഞ് കരയുമ്പോള്‍ മാത്രം അവര്‍ കുഞ്ഞിനെ ദിവ്യയുടെ അടുത്തേക്ക് കൊണ്ടുവരും.അവള് കുഞ്ഞിന് മുലപ്പാല്‍ നല്‍കും.വീണ്ടും കുഞ്ഞിനെ ഡോക്ടര്‍ ദമ്പതികളുടെ മുറിയിലേക്ക് കൊണ്ടുപോകും.

കുഞ്ഞ് പാലുകുടിക്കുമ്പോള്‍ ദിവ്യയുടെ ഉള്ളം തേങ്ങും.അവന്റെ ചുണ്ടുകള്‍ മുലക്കണ്ണു കളില്‍ സ്പര്‍ശിക്കുമ്പോള്‍ അവളുടെ കണ്ണ് നിറയും.അവന്റെ കുഞ്ഞിളം കൈകള്‍ മാറത്ത് തട്ടുമ്പോള്‍ അവളുടെ മനം പിടിയും തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കുഞ്ഞ് കുറെ ദിവസങ്ങള്‍ക്ക് ശേഷം തനിക്കാരും അല്ലാതാകും.തന്റെ മാറിന്റെ ചൂടില്‍ മുഖം മറയ്ക്കുന്ന കുഞ്ഞ് മറ്റൊരാളുടെതാകും. തന്റെ മാറില്‍ നിറയുന്ന മുലപ്പാലിന് ഒരു മാസത്തിനു ശേഷം അവകാശി ഇല്ലാതാകും.ഹൃദയം പൊട്റ്റുന്നതുപോലെ അവള്‍ക്ക് തോന്നി. ഒന്നും വേണ്ടായിരുന്നവള്‍ക്ക് തേന്നി, പക്ഷേ...നാലുജീവിതങ്ങള്‍ ഭൂമിയില്‍ അകാലത്തില്‍ അവസാനിക്കാതിരിക്കാന്‍ ഈ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു.
ഒരാഴയ്ക്കുശേഷം ഡോക്ടര്‍ ദമ്പതികള്‍ ദിവ്യയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുവന്നു.ഡോക്ടര്‍ ദമ്പതികള്‍ നീണ്ട അവിധിയെടുത്തു. അവരെപ്പോഴും കുഞ്ഞിനോടൊപ്പമായിരുന്നു.കുഞ്ഞിനെ റക്കിയിരുന്നതുഅവരോടൊപ്പമായിരുന്നു.മുലകൊടുക്കാന്‍ കൊണ്ടുവരുമ്പോള്‍ മാത്രമായിരുന്നു ദിവ്യ കുഞ്ഞിനെ കണ്ടിരുന്നത്.
കരാര്‍ അവസാനിക്കുന്ന ദിവസം എത്തി.ദിവ്യയ്ക്കവര്‍ മറ്റൊരു നഗരത്തിലെ ആശുപത്രിയില്‍ ജോലി ശരിയാക്കിയിരുന്നു. അവള്‍ക്കവിടെ ഒരു ഹോസ്റ്റലും അവര്‍ ശരിയാക്കിയിരുന്നു.കരാറില്‍ പറഞ്ഞിരുന്ന തുകയില്‍ ബാക്കിയുള്ളത് അവളുടെ പേരില്‍ ബാങ്കില്‍ ഇട്ടിരുന്നു.സാധനങ്ങള്‍ നിറച്ച ബാഗുമായി പടിയിറങ്ങുമ്പോള്‍ കുഞ്ഞിന്റെ മുഖം ഒരിക്കലൂടെ കാണാന്‍ അവളിലെ മാതൃത്വം കൊതിച്ചു.അവരതിന് സമ്മതിച്ചില്ല.അകത്ത് കുഞ്ഞിന്റെ കരച്ചില് കേള്‍ക്കാമായിരുന്നു.കാറില്‍ കയറുമ്പോഴും കുഞ്ഞിനെ കാണാനായി അവളുടെ കണ്ണുകള്‍ കൊതിച്ചു.
ഹോസ്റ്റല്‍മുറിയില്‍ അവള് ഒറ്റയ്ക്കിരുന്ന് കരഞ്ഞു.കുഞ്ഞിന്റെ കരച്ചില് കാതുകളില്‍ നിന്ന് മായുന്നില്ല.പുറത്ത് ഇരുട്ട് വീണിരിക്കുന്നു.കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ ഭാഗമായിരുന്ന കുഞ്ഞ് ഇന്നുമുതല്‍ തന്റെ കൂടെയില്ലന്നുള്ള വിചാരം അവളെ തളര്‍ത്തി.ഉറക്കം വരാതെ അവള് തിരിഞ്ഞ് തിരിഞ്ഞ് കിടന്നു.എപ്പോഴോ ഉറക്കത്തിലേക്ക് അവള് വീണു.കുഞ്ഞിന്റെ മണം അവന്റെ കരച്ചില്,അവന്റെ സ്പര്‍ശനം....അവള് ഞെട്ടിയുണര്‍ന്നു.താന്‍ കണ്ടത് സ്വപ്നമാണ്.അവള് തലയിണയില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു.തലയിണ കണ്ണീരില്‍ കുതിര്‍ന്നു.അവള്‍ക്ക് മാറിടത്തില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. കുഞ്ഞിന്റെ ഇളം ചുണ്ടുകള്‍ക്കായി മാറിടം തുടിച്ചു.അവള് മൊബൈലില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ ഫോണ്‍നമ്പര്‍ അമര്‍ത്തി.കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദ്ദമെങ്കിലും കേട്ടിരുന്നെങ്കില്‍ മനസ്സിന് അല്പമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. ഫോണ്‍ തനിയെ ബെല്ലടിച്ച് നിന്നു.
മനസ്സിന്റെ നൊമ്പരം മനസ്സിന്റെ താളം തെറ്റിക്കുമെന്ന അവസ്ഥയായപ്പോള്‍ അവള് ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലേക്ക് തിരിച്ചു. പൂട്ടികിടക്കുന്ന വീടാണവള്‍ക്ക് കാണാന്‍ കഴിഞ്ഞത്.അവര്‍ ആ വീട്ടില്‍ നിന്ന് മറ്റെവിടെയേക്കോ മാറിയിരുന്നു.അവള് തളര്‍ന്നിരുന്നു.ഇനി എന്താ ണ് ചെയ്യേണ്ടത്?
അവള് അന്വേഷണം തുടര്‍ന്നു.ഡോക്ടര്‍ ദമ്പതികള്‍ താമസിക്കുന്ന സ്ഥലം അവള് കണ്ടെത്തി.അവളെത്രെ ശ്രമിച്ചിട്ടും ഡോക്ടര്‍ ദമ്പതികള്‍ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല.അവസാനശ്രമമെന്ന നിലയില്‍ അവള് കോടതിയില്‍ എത്തി.ഡോക്ടര്‍ ദമ്പതികള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്തതായി കാണിച്ചവള്‍ കോടതിയില്‍ കേസ് ഫയലില്‍ സ്വീകരിച്ചു.കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ആവിശ്യപ്പെട്ടു.കേസിന്റെ വാദം കോടതിയില്‍ ആരംഭിച്ചു.വിധിപറയുന്നതില്‍ കോടതി പോലും നിസഹായത പ്രകടിപ്പിച്ചു.ഇത്തരത്തില്‍ കോടതിയില്‍ എത്തുന്ന ആദ്യ കേസായിരുന്നു ഇത്.ഒരു വശത്ത് കുഞ്ഞിന് ജന്മം നല്കിയ അമ്മ മറുവശത്ത് കുഞ്ഞിന്റെ അപ്പനും അമ്മയും.വാദം കേട്ട ജഡ്ജി തുറന്നു പറഞ്ഞു.
“കോടതിക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ല”
കോടതിഹാളില്‍ തികഞ്ഞ നിശബ്ദ്ദത നിറഞ്ഞു.കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങി.
“എനിക്കെന്റെ കുഞ്ഞിനെ ഒന്നു തൊട്ടാല്‍ മാത്രം മതി...”ദിവ്യ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
ഡോക്ടര്‍ ദമ്പതികളുടെയും കണ്ണ് നിറഞ്ഞു തുളുമ്പി.അവര്‍ കുഞ്ഞിനെ അവള്‍ക്കുനേരെ നീട്ടി.അവള് അവനെ വാരിയെടുത്തു.അവന് കരച്ചില് നിര്‍ത്തി.ഇളം പല്ലുകള്‍ കാണിച്ചവന് ചിരിച്ചു.അവന് തന്റെ കുഞ്ഞിളം കൈകള്‍കൊണ്ടവളുടെ മാറത്തടിച്ചു.
“മം..മം....മം..മമമം...”അവന് ശബദ്ദം പുറപ്പെടുവിച്ചു.
അവള് അവന്റെ മുഖത്ത് തെരുതെരു മുത്തം നല്കി.അവള് കുഞ്ഞിനെ ഡോക്ടര്‍ ദമ്പതികളെ തിരിച്ചേല്‍പ്പിച്ചു..കുഞ്ഞ് വീണ്ടും കരയാന്‍ തുടങ്ങി.അവള് കോടതിക്ക് പുറത്തേക്കിറങ്ങി.കത്തിക്കാളുന്ന സൂര്യന്റെ ഉഗ്രതാപം വകവയ്ക്കാതെ അവള് നടന്നു.
...........................................................................
പ്രിയപ്പെട്ട വായനക്കാരെ,
ഈ കഥ ഞാനിവിടെ അവസാനിപ്പിക്കുകയാണ്.ഈ കഥയ്ക്കൊരു ആന്റിക്ലൈമാക്സ് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നറിയാം.ഞാന്‍ വെറുതെ കഥ പറഞ്ഞാല്‍ എന്തു രസം.നിങ്ങളൂടെ ചിന്തിക്കൂ.ദിവ്യയ്ക്കെന്താണ് സംഭവിക്കുന്നതെന്ന്.അവളുടെ വീട്ടുകാരെ കുറിച്ച് 6-ആം മത്തെ ഖണ്ഡികയ്ക്ക് ശേഷം പറയാതിരുന്നത് മനപൂര്‍വ്വം തന്നെയാണ്.ഞാന്‍ ഉദ്ദേശിച്ച കഥയുടെ അവസാനത്തേക്ക് കഥയെത്തിക്കണമെങ്കില്‍ കഥ ഒരു നോവലായി മാറ്റണമെന്ന് തോന്നിയപ്പോള്‍ കഥ നിര്‍ത്തുകയാണ് ചെയ്തത്. എന്നെങ്കിലും സമയം ഒത്തുവരികയാണങ്കില്‍ നോവലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതാണ്.