Friday, August 20, 2010

മാവേലി വരുമോ??

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാവേലി ആകെ കണ്‍ഫ്യൂഷനാ‍ണ്. എല്ലാ വര്‍ഷവും ഈ കണ്‍‌ഫ്യൂഷന്‍ ഉള്ളതാണ്. അവസാന നിമിഷം കന്‍ഫ്യൂഷന്‍ സോള്‍വ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്.പക്ഷേ ഈ വര്‍ഷത്തെ കണ്‍ഫ്യൂഷന്‍ ഒന്നന്നൊര കണ്‍ഫ്യ്യൂഷന്‍ ആണ്. വാമനനുമായിട്ടുള്ള സന്ധികരാര്‍ അനുസരിച്ച് ഓണത്തിന് നാട്ടിലെത്തേണ്ടതാണ്. ഈ കരാര്‍ തന്നെയാണ് ഇപ്പൊള്‍ പ്രശ്നം. ആണവമെന്നും ആസിയാന്‍ എന്നും പറയുന്ന ഏതാണ്ടൊക്കെ കരാറുകള്‍ വിസ്മൃതീയിലായങ്കിലും സ്വാശ്രയ കരാര്‍,പാടകരാര്‍ ആണ് കേരളത്തിലിപ്പോള്‍ കരാര്‍. സമാര്‍ട്ട് സിറ്റി കരാറും മുല്ലപ്പെരിയാര്‍ കരാറൊക്കെ എവിടേപ്പോയോ ആവോ? എന്തോന്നാണാവോ ഈ ആസിയാന്‍ കരാറ്, സ്വാശ്രയ കാരാര്‍ ? അതെന്തെങ്കിലും ആവട്ടെ. ഈ പ്രാവിശ്യം എങ്ങനെ കേരളത്തില്‍ പോകണമെന്ന് ചിന്തിക്കാം എന്നു തന്നെ മഹാബലി ഉറപ്പിച്ചു. കേരളത്തിലിപ്പോള്‍ എല്ലാം റിയാലിറ്റി ആണ്. ഈ റിയാലിറ്റി ഷോകള്‍ക്ക് എന്തെങ്കിലും കരാറോ നിയമമോ ഉണ്ടോ? പാട്ടു പാടണമെങ്കില്‍ റിയാലിറ്റി, ചിരിക്കണമെങ്കില്‍ റിയാലിറ്റി ഡാന്‍സ് കളിക്കണമെങ്കില്‍ റിയാലിറ്റി. എന്തിന് തൊട്ടതിനും പിടിച്ചതിനും ഒക്കെ റിയാലിറ്റി. വന്ന് വന്ന് പെണ്‍പിള്ളാരുടെ കല്യാണം വരെ റിയാലിറ്റി ആയി. കല്യാണം കഴിഞ്ഞിട്ടുള്ള രാത്രികളും കൂടിയേ ഇനി റിയാലിറ്റി ആവാനുള്ളു.

പാതാളത്തിലെ സാമ്പത്തിക പ്രതിസന്ധികൊണ്ട് മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ പോയാല്‍ മതിയെന്നാണ് പാതളവാസികളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം വരേയും മാവേലിയും പാരവാരങ്ങളും കൂടി ആയിരുന്നു കേരളത്തീല്‍ എത്തിയിരുന്നത്. മാവേലിയെ കേരളത്തിലിട്ട് കറക്കുന്ന ടൂറിസം വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ നല്‍കിയിരുന്നതാണ് ഇനി മുതല്‍ മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ വന്നാല്‍ മതിയന്ന്. കേരളത്തില്‍ മാവേലിയുടെ സുരക്ഷയ്ക്ക് വേണ്ടി കേരളപ്പോലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് !! കേരളത്തീലെ പോലീസിനെക്കുറിച്ച് മാവേലിക്കും നല്ല മതിപ്പാണ്. വിദേശികളോടൊക്കെ എന്തൊരു സ്നേഹമാ കേരളാപോലീസിന് !. അല്ലങ്കില്‍ വിമാനത്താവളത്തില്‍ കന്നത്തിരവും പോലീസുകാരന്റെ മുതകത്ത് കയറി ഡാന്‍സും കളിച്ച ഒരു വിദേശിയെ എന്തു മാന്യമായിട്ടാ കേരളാപോലീസ് തിരിച്ചു കയറ്റി വിട്ടത്. ഇതിനെയാണല്ലോ അതിഥി ദേവോ ഭവഃ എന്ന് പറയുന്നത്. തമിഴ് നാട്ടില്‍ നിന്ന് പിടിക്കുന്ന പ്രതികളെ ഓടിക്കൊണ്ടിരിക്കൂന്ന വാനില്‍ ചാടിക്കയറി ചോദ്യം ചെയ്യാന്‍ തയ്യാറാവുന്നത് കേരള പോലീസല്ലാതെ വേറെ ആരാണ്. ദൈവ ഭക്തി മൂത്ത ഒരു പോലീസ് വഴി തെറ്റിപ്പോയ കുഞ്ഞാടുകളെ നല്ല കുഞ്ഞാടുകളാക്കാന്‍ ഗള്‍ഫിലൊക്കേ പോയി കറങ്ങുന്നതും കേരളത്തില്‍ മാത്രമാണ്.


പാതാളത്തില്‍ പട്ടിണിയും പരവട്ടമാണങ്കിലും പാതാളവാസികള്‍ക്ക് മനസമധാനം ഉണ്ട്. മലയാളികള്‍ക്കും ‘ആ‘സമാധാനം ഉണ്ടാകുമായിരിക്കും. കേരളത്തിലെ ഖജനാനില്‍ കാശില്ലേ കാശില്ലേ എന്നാ പറയുന്നത്. ശരിക്ക് കേരളത്തില്‍ ‘കാശിന്’ കുറവുണ്ടോ? ടോട്ടല്‍4യു തട്ടിപ്പെന്ന് പറഞ്ഞ് ഏതാണ്ടൊരു തട്ടിപ്പ് നടത്തിയന്നും അവനെ പോലീസ് പിടിച്ചന്നും അവന്റെ കൈവശമുള്ള നൂറുകോടിക്ക് ഇതുവരെ അവകാശികള്‍ ചെന്നില്ലത്രെ!! ഓണത്തിനും ക്രിസ്തുമസിനും കോടികളുടെ മദ്യകച്ചവടം ആണ് നടകുന്നത്. ഒരു മലയാളി വര്‍ഷം ശരാശരി 1500 രൂപയ്ക്കാണ് മദ്യം കുടിക്കുന്നത്.ഇങ്ങനെ എന്തല്ലാമാണ് കേരളത്തില്‍ നടക്കുന്നത് ? മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്നപ്പോള്‍ ഒരു മന്ത്രി വിമാനത്തില്‍ വച്ച് ഒരുത്തിയെ കയറിപിടിച്ചന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. കഴിഞ്ഞതിന്റെ മുമ്പിലത്തെ വര്‍ഷം കേരളത്തില്‍ പോയപ്പോള്‍ ആ മന്ത്രി പാട്ടുപാടി നടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വീണ്ടും അയാള്‍ മന്ത്രിയായിരിക്കുന്നു, ദേ ഈ വര്‍ഷം ആ മന്ത്രിയുടെ സ്ഥാനത്ത് വേറെ ഒരു മന്ത്രി ഇരിക്കുന്നു. ശ്ശൊ!! ഈ മലയാളികളെ കൊണ്ട് തോറ്റു!!!!


അല്ലങ്കിലും ഈ മന്ത്രിമാര്‍ക്കൊക്കെ പണ്ടേ വില്ലന്‍ വേഷങ്ങളായിരുന്നു. രാജാവിനെ ചതിക്കുന്ന മന്ത്രി, നാട്ടില്‍ ഗുണ്ടായിസം കാണിക്കുന്ന മന്ത്രിപുത്രന്മാര്‍, കന്യകകളെ തട്ടികൊണ്ട് പോകുന്ന മന്ത്രി പുത്രന്മാര്‍, ഖജനാവില്‍ നിന്ന് കൈയിട്ട് വാരുന്ന മന്ത്രിമാര്‍ .. ഇങ്ങനെ എന്തെല്ലാം വില്ലത്തരങ്ങളായിരുന്നു പണ്ടത്തെ മന്ത്രിമാര്‍ ചെയ്തു കൂട്ടിയിരുന്നത്. തന്റെ ഭരണകാലത്തും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെ കേട്ടിരുന്നു. ഏതായാലും പഴയ രാജ്യഭരണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നും പലതരം മന്ത്രിക്കഥകള്‍ കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നുണ്ട്. വര്‍ഷം തോറും പ്രജകളെ കാണാന്‍ മാത്രമേ വാമനന്‍ അനുവാദം തന്നിട്ടുള്ളൂ. ഇനി വാമനനെ കാണുമ്പോള്‍ വാളെടുത്ത് വെട്ടാനുള്ള അനുവാദം കൂടി വാങ്ങണം. താനും കേരളത്തിലെ മുഖ്യമന്ത്രിയും ഇപ്പോള്‍ ഒരു പോലെയാ. താനാണങ്കില്‍ അധികാരവും സിംഹാസനവും പോയ രാജാവ്. മുഖ്യമന്ത്രിക്കാണങ്കില്‍ സിംഹാസനം മാത്രമേ ഇപ്പോള്‍ ഉള്ളു. അധികാരം ഇല്ല.തങ്ങള്‍ രണ്ടു പേരും അധികാരം പോയ രാജാക്കന്മാരാണ് !!!


ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് മാവേലിക്ക് തോന്നി. ഇനി തലമണ്ടയ്ക്ക് കുറച്ച് വിശ്രമം കൊടുത്തിട്ടാവാം ചിന്തകള്‍. അല്ലങ്കില്‍ ചിന്തകള്‍ വഴിതെറ്റി കാടുകയറും. ഇനി കുറേ നേരം കേരളത്തില്‍ നിന്നുള്ള ന്യൂസ് ചാനലുകള്‍ കണ്ടുകളയാം. അതാവുമ്പോള്‍ ഒരു എന്റെ‌ര്‍‌ടെയ്ന്റ്‌മെന്റ് ഉണ്ട്. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നല്ല തമാശയുണ്ട്. ഈ വാര്‍ത്ത വായീക്കുന്നവന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം വിട്ട് വെള്ളാം കുടിക്കാ‍നായിരിക്കും ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് .തുമ്മിയാല്‍ ഫ്ലാഷ് തുമ്മിയില്ലങ്കില്‍ ഫ്ലാഷ്,തുണിയെടുത്താല്‍ ഫ്ലാഷ് അടികൊണ്ടാല്‍ ഫ്ലാഷ് ഓടിയാല്‍ ഫ്ലാഷ് മിണ്ടിയാല്‍ ഫ്ലാഷ് മിണ്ടിയില്ലങ്കില്‍ ഫ്ലാഷ്, ആശുപത്ര്യില്‍ പോയാല്‍ ഫ്ലാഷ്, അമ്പലത്തില്‍ പോയാല്‍ ഫ്ലാഷ് ഇങ്ങനെ എന്തെല്ലാം ഫ്ലാഷ് ന്യൂസുകളാണ് കേരളത്തിലെ ചാനലുകളില്‍ വരുന്നത്. അല്ലങ്കില്‍ വാര്‍ത്താക്കാരെ മാത്രമായിട്ട് എന്തിനാ പറയുന്നത്. അല്ല... താനെന്തിനാണ് കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് ആലോചിക്കുന്നത്.


പാതാളത്തില്‍ ആകെ ബഹളമാണ്. ഇതുവരെ മാവേലിക്ക് കേരളത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.മാവേലിഎന്തെങ്കിലും ഒന്നും പറഞ്ഞിട്ടുവേണ്ടേ ഒരുക്കങ്ങല്‍ തുടങ്ങാന്‍.ഒ രു ഐഡിയായും ഇല്ല്ലാതെ നടത്തുന്ന സ്റ്റാ(താ)ര്‍ സിംങ്ങറിലെജഡ്‌ജിയെപ്പോലെ വെറുതെയങ്ങ് ചവച്ചുകൊണ്ടിരിക്കുകയാണ് മാവേലി.ചവയൊന്നു നിര്‍ത്തിയിട്ടുവേണ്ടേ എന്തെങ്കിലും ഒന്നു പറയാന്‍.പാതാളവാസികള്‍ പലരും പോയി മാവേലിയെ മുഖം കാണിച്ചു.മുഖങ്ങള്‍ കണ്ടിട്ടും ചവയ്‌ക്കൊരു കുറവും വന്നില്ലന്നമാത്രമല്ല വായൊട്ടു തുറന്നതുമില്ല.നാളെ പൂരാടവും, അതുകഴിഞ്ഞ് ഉത്രാടവും കഴിഞ്ഞ് തിരുവോണനാളില്‍ നാട്ടിലോട്ട് വെറുതെയങ്ങ് ചെല്ലാന്‍ പറ്റുമോ?ആഭരണങ്ങളും രത്നകിരീടവും ഒക്കെവേണം.പണയത്തില്‍ വച്ചിരിക്കുന്ന ആഭരണങ്ങളും കിരീടവും പണയമെടുക്കാന്‍ തന്നെ നല്ലൊരു തുകവേണം.പാതാളത്തില്‍ കൃഷിയിറക്കാന്‍ ആഭരണവും കിരീടവും പണയം വച്ചതാണ്. കേരളത്തിലിപ്പോള്‍ പണയം വയ്ക്കുന്ന കടകള്‍ക്ക് പോലും പരസ്യവും ബ്രാന്‍ഡ് അംബാസിഡറും ഉള്ളകാലമാണ്. പണയം വച്ച കാശ് എടുക്കുന്നവന് കുറിയെടുത്ത് കാറ് വരെ കൊടുക്കുന്നുണ്ട് .കാലം തെറ്റിവന്ന മഴയില്‍ നെല്ലുമില്ല കിരീടവും ഇല്ല എന്ന അവസ്ഥയായി പാതാളത്തില്‍.പട്ടിണിയും‌പരിവട്ടവുമാണങ്കിലുംഇല്ലായ്‌മ വെളിയില്‍ കാണിക്കാന്‍ പറ്റുമോ?ആനമെലിഞ്ഞാലും ആരും അതിനെ തൊഴുത്തില്‍ കെട്ടാറില്ലല്ലോ?


കേരളത്തിലാണങ്കില്‍ ഓണാഘോഷവും ടൂറിസവാരവും പായിസ്സമേളയും ഒക്കെതുടങ്ങുകയും ചെയ്തു.ഏതായാലും കേരളത്തില്‍ പോകാതിരിക്കാന്‍മാവേലിക്ക് പറ്റത്തില്ല.പണ്ട് വാമനനുമായി ഉണ്ടാക്കിയ കാരാറനുസരിച്ച് ആണ്ടില്‍ ഒരു പ്രാവിശ്യം പ്രജകളെ കാണാന്‍ പോകാമെന്നാണ്.ഈവര്‍ഷം പോകേണ്ടാ എന്ന് വച്ചാ‍ല്‍ അത് കരാര്‍ ലംഘനമാകും.കരാര്‍ ലംഘിച്ചാല്‍ കരാറ് തന്നെ ഇല്ലാതെയാകും.പിന്നെ തനിക്ക് എന്നെങ്കിലുംരണ്ട് കാശ്‌വരുന്ന സമയത്ത് പ്രജകളെ കാണാമെന്ന് വച്ചാല്‍ അത് നടക്കത്തില്ല.അതുകൊണ്ട് എവിടെ നിന്നെങ്കിലും വട്ടിപ്പലിശയ്ക്ക് പണംവങ്ങി പണയത്തിലിരിക്കുന്ന അടയാഭരണങ്ങള്‍ എടുത്തുകൊണ്ട് നാട്ടില്‍ പോകാം.തിരിച്ചുവരുമ്പോള്‍ വീണ്ടും പണയത്തിനുവച്ച് വട്ടിക്കാരന്റെകടംതീര്‍ക്കാം.കിരീടവും ആഭരണങ്ങളും ഇല്ലാതെചെന്നാല്‍ തന്നെ ഒറ്റൊഅരുത്തനും തിരിഞ്ഞുനോക്കത്തില്ല.അല്ലങ്കില്‍ തന്നെ താനിപ്പോള്‍കേരളത്തിന് ഒരു അധികപറ്റാണ്.തന്റെ പേരില്‍ മൂന്നാലുദിവസം അവിധിയും ബോണസും കിട്ടും എന്നതുകൊണ്ടുമാത്രമാണ് തന്നെ ആളുകള്‍ സഹിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് പോവുകതന്നെ.മാവേലിയുടെ ഉത്തരവ് കിട്ടേണ്ട താമസം പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.


മഹാബലി പാ‍താളകണ്ണാ‍ടിയില്‍ ചെന്നൊന്നു നോക്കി. തന്നെ കണ്ടാല്‍ മഹാബലി ആണന്ന് ആരെങ്കിലും പറയുമോ? കേരളത്തിലുള്ളവര്‍ കാത്തിരിക്കുന്നത് കുടവയറുള്ള മാവേലിയെ ആണ്. തനിക്കാണങ്കില്‍ പണ്ടും ഇന്നും കുടവയറില്ല. അല്ലങ്കില്‍ തന്നെ കേരളത്തിലുള്ളവര്‍ക്കൊന്നു ചിന്തിച്ചു കൂടേ നാട്ടിലെ ഏതെങ്കിലും രാജാവിന് കുടവയറുണ്ടായിട്ടുണ്ടോ? ഇത്രയും കുടവയര്‍ വച്ചോണ്ട് നടക്കാന്‍ തനിക്കെന്താ കേരളാപ്പോലീസിലാണോ ജോലി? കുടവയര്‍ ഉണ്ടങ്കില്‍ മാത്രമേ മഹാബലിയായി തന്നെ ആളുകള്‍ കാണത്തുള്ളു. കുടവയറില്ലാത്തത് വേണമെങ്കില്‍ കിരീടത്തില്‍ അഡ്ജിസ്റ്റ് ചെയ്യാം. പക്ഷേ അതിനിപ്പോള്‍ പാതാളത്തിലാണങ്കില്‍ ഒരു കിരീടം പോലും എടുക്കാനില്ല. കടം എടുക്കാമെന്ന് വെച്ചാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം പാതാളത്തിലുള്ള എല്ലാ ബ്ലേഡുകാരും കട്ടയും പടവും മടക്കുകയും ചെയ്തു. ഇനി ആകെ രക്ഷ മാന്നാര്‍ മത്തായിയുടെ ഉര്‍വ്വശി തീയേറ്റേഴ്സാണ്. ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിരീടവും ചെങ്കോലും വാടകയ്ക്കെടുക്കാന്‍ മാവേലി ഉത്തരവിട്ടു.


കിരീടവും ആഭരണങ്ങളും ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ല. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെയെങ്ങനെ ആളുകള്‍ തിരിച്ചറിയും?? ചിങ്ങം ആയിക്കഴി ഞ്ഞാല്‍ കേരളത്തിലാകെ ഡ്യൂപ്ലിക്കേറ്റ് മാവേലികളാണ്. തുണിക്കടയ്ക്ക് പട്ടുടുത്ത മാവേലി , സ്വര്‍ണ്ണക്കടയ്ക്കാണങ്കില്‍ പത്തുനൂറ് പവനിട്ട് തിളങ്ങുന്ന മാവേലി ,ടിവിക്കടയ്ക്ക് പ്ലാസ്മടിവി കൈയ്യെലെടുത്ത മാവേലി, വണ്ടിക്കടയ്ക്ക് കാറോടിക്കുന്ന മാവേലി തുടങ്ങി പത്തുനൂറ് ടൈപ്പ് മാവേലിയുണ്ട്. ഈ മാവേലികള്‍ക്കിടയില്‍ ഒറിജിനല്‍ മാവേലിയായ താന്‍ ചെന്നാല്‍ ആളുകള്‍ തിരിച്ചറിയുമോ? ഏതായാലും കേരളത്തില്‍ വരെ പോയി നോക്കാം. ആളുകള്‍ തിര്‍ച്ചറിഞ്ഞില്ലങ്കില്‍ അത്രയും നല്ലത് , തന്റെ പ്രജകളായിരുന്നവരുടെ സുഖദുഃഖങ്ങള്‍ ശരിക്ക് മനസിലാവുമല്ലോ? തിരുവോണത്തിന് ഇനി മൂന്ന് ദിവസംകൂടിയേ ഉള്ളു. ഏതായാലും തിരുവോണത്തിന് റിയാലിറ്റി ഷോകളൊന്നും ഇല്ലാത്താത് നന്നായി. അതുണ്ടായിരുന്നങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി മിനുക്കിയെടുത്ത മലയാളത്തെ ‘അവതാരങ്ങള്‍’എല്ലാം കൂടി കൊന്നു കൊലവിളിക്കുന്നതു കാണേണ്ടിവന്നേനെ. തിയേറ്ററില്‍ മൂന്നു മണിക്കൂര്‍ ഉള്ള സിനിമ തിരുവോണത്തില്‍ ടിവിയില്‍ വരുമ്പോള്‍ പത്തുമണിക്കൂറാവും. ഹൊ!!! അതെല്ലാം ഇരുന്ന് കാണുന്ന മലയാളികളേ സമ്മതിക്കണം.


മാവേലിയുടെ പാതാള കവടിക്കാരന്‍ എത്തി കവടി നിരത്തി കേരളത്തിലേക്ക് പോകാനുള്ള സമയം കുറിച്ചു.സമയം കുറിച്ചതിന് പണംലഭിച്ചിട്ടും കവടിക്കാരന്റെ മുഖത്തൊരു തെളിച്ചം വന്നില്ല.”യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ കവടിക്കാരാ?”മാവേലിചോദിച്ചു.“കവടിയില്‍ പ്രശ്നങ്ങളൊന്നുംതെളിയുന്നില്ല തിരുമനസ്സേ..പക്ഷേ...” “എന്താണൊരു പക്ഷേ..????” “തിരുമനസ്സിനറിയാമല്ലോ കേരളത്തില്‍എപ്പോഴാ ,എങ്ങനയാ ഹര്‍ത്താല്‍ വരുന്നതന്ന് അറിയാന്‍ പറ്റത്തില്ലല്ലോ..ഈശ്വരനുപോലും ഇപ്പോള്‍ നിശ്ചയമില്ലാത്തത് കേരളത്തിലെഹര്‍ത്താലിന്റെ കാര്യത്തിലാ...”കവടിക്കാരന്‍ പറഞ്ഞപ്പോഴാണ് തന്റെ യാത്രയ്ക്ക് അങ്ങനെയൊരു തടസ്സം ഉണ്ടാകാം എന്ന് മാവേലിഓര്‍ത്തത്.ഏതായാലും ഹര്‍ത്താലാണന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഭംഗം ഒന്നും വരുത്തേണ്ടാ..മോട്ടോര്‍ സൈക്കിളില്‍ പോയിട്ട്ആണങ്കിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കണം.കിരീടം വയ്ക്കുന്ന താന്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പോലീസ് പിടിക്കുമോ എന്ന്ആശങ്കമാത്രമേ മാവേലിക്ക് ഉണ്ടായിരുന്നുള്ളു.തന്നെ ഒരു ടൂറിസ്റ്റ് ആയി കണക്കാക്കണമന്ന് പറഞ്ഞ് മാവേലി ടൂറിസം‌മന്ത്രിക്ക് ഒരു ഫാക്സ്ചെയ്തു.(ഓണം കൊണ്ട് നാലുകാശ് ഉണ്ടാക്കുന്നത് ടൂറിസം വകുപ്പ് ആണല്ലോ?).ടൂറിസ്റ്റുകളെ ഹര്‍ത്താലോ പണിമുടക്കോ ബാധിക്കുകയില്ലന്ന്ടൂറിസംവകുപ്പ് മന്ത്രിപറഞ്ഞത് മാവേലിക്ക് ഒരു ഓര്‍മ്മയുണ്ടായിരുന്നു.ഫാക്സ് അയച്ചതിനുശേഷം ടിവി വച്ചപ്പോള്‍ അതാവരുന്നു ഞെട്ടിക്കുന്ന വാര്‍ത്തപണിമുടക്കുകാര്‍ വിദേശടൂറിസ്റ്റുകാരുടെ ഹൌസ്‌ബോട്ട് നടുകായലില്‍ കെട്ടിയിട്ടന്ന്.സ്വന്തം കുഴിതോണ്ടോന്‍ മലയാളികളെക്കാള്‍ മിടുക്കര്‍ ആരുമില്ലന്ന് ഒരുക്കല്‍ക്കൂടി മലയാളികള്‍ തെളിയിച്ചുവെന്ന് മാവേലി ചിന്തിച്ചു.


തന്റെ പ്രജകളെ കാണാന്‍ വെറുതെയങ്ങ് കൈയും വീശിയങ്ങ് ചെല്ലാന്‍ പറ്റുമോ?എന്തെങ്കിലും ആര്‍ക്കെങ്കിലും ഒക്കെ ഓണസമ്മാനം നല്‍കേണ്ടതല്ലേ?ഓണസമ്മാനമായി എന്ത് കൊടുക്കണം എന്ന് മാവേലി ചിന്തിച്ചു.കേരളത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീപിടിച്ച വിലയാണന്നാ പറയുന്നത്.പെട്രോളിന്റെ വിലകൂട്ടിയതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വിലകൂടുന്നതന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്.അപ്പോള്‍ പാലിനും വൈദ്യുതിക്കുംവിലകൂട്ടിയത് എന്തികൊണ്ടായിരിക്കും?മാവേലി ചിന്തിച്ചു.കേരളത്തിലെ കാര്യങ്ങളും പാതാളത്തിലെ ധനകാര്യവും ചിന്തകള്‍‌കൊണ്ട് അളക്കാനുംമനസ്സിലാക്കാനും പാടാണ്.അതു രണ്ടും ഒന്നും മനസ്സിലാക്കി എടുക്കണമെങ്കില്‍ പെടാപ്പാടുതന്നെ പെടണം.ചന്തയില്‍ ഒരുകിലോ പാവയ്ക്കായിക്ക്അമ്പതുരൂപയാണ്.പയറിനാണങ്കില്‍ നാല്പതും.അതുകൊണ്ട് പാതാളകൊട്ടാരത്തില്‍ ഇപ്പോള്‍ മൂന്നുനേരവും കഞ്ഞിയും പപ്പടം ചുട്ടതുമാണ്.അമേരിക്കയുടെ സാമ്പത്തികമാന്ദ്യം പാതാളത്തേയും ബാധിച്ചോ?അമേരിക്കയുടെ പുത്തന്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഫലമായിട്ടാ‍ണോഈ വിലക്കയറ്റം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല്ലേ എന്നും മാവേലി ചിന്തിച്ചു.കേരളത്തിലാണങ്കില്‍ അരിയാണങ്കില്‍ കണികാണാനും ഇല്ല.തമിഴന്റെ ലോറി വന്നില്ലങ്കില്‍ കേരളം പട്ടണിയിലാണ്.തന്റെ നാടിന് വന്ന വികസനം.!! അരിക്ക് പോലുംമറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നവര്‍‍.!!!!!!!!!!!

പാതാളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഫാക്സ് എത്തി.മാവേലിക്ക് ബോംബ് ഭീക്ഷണി ലഭിച്ചതിനാല്‍ യാത്രമാറ്റിവയ്ക്കണമെന്നുംഅല്ലങ്കില്‍ സ്വന്തം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെങ്കില്‍ കേരളം സന്ദര്‍ശിക്കാം.ജീവനുംസ്വത്തിനും കേരളസര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ല.Zക്യാറ്റഗറി സംരക്ഷണം ലഭിക്കാവുന്ന മാവേലിക്ക് ഈ പ്രാവിശ്യം ബ്ലാക്ക് ക്യാറ്റുകളുടെസംരക്ഷണം ഉറപ്പ് നല്‍കാന്‍ പറ്റുകയില്ല.ഫാക്സ് വായിച്ചിട്ടും മാവേലി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല.പണ്ടേ വാക്ക് മാറാത്തവന്‍ ആണല്ലോമാവേലി.അതുകൊണ്ടാണല്ലോ വാമനന് ചവിട്ടാന്‍ തന്റെ തലതന്നെ കാണിച്ച് കൊടുത്തത്.

മാവേലി പാതാളമന്ത്രിസഭവിളിച്ചുകൂട്ടി.ആഭ്യന്തരവകുപ്പിന്റെ ഫാക്സ് അവര്‍ അടിയന്തരമായി ചര്‍ച്ചചെയ്തു.മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന പാതാളത്തിന്മാവേലിയുടെ കൂടെ അംഗരക്ഷകരെ അയിക്കാന്‍ ഒരുവഴിയുംപരഗതിയും ഇല്ല.മാവേലിയെ തനിയെ അയക്കാനും വയ്യ.മാവേലിക്ക് എന്തങ്കിലുംസംഭവിച്ചാല്‍ പാതാളത്തില്‍ വിവരം അറിയിക്കാന്‍ ഒരാളെങ്കിലും കൂടെ വേണമല്ലോ...മാവേലിയുടെ കൂടെ പാതാളത്തിലെ അഡ്മിനിസ്‌ട്രേഷന്‍മാനേജര്‍ നാണിയമ്മയെക്കൂടി കേരളത്തിലേക്ക് വിടാന്‍ പാതാളമന്ത്രിസഭ തീരുമാനിച്ചു പിരിഞ്ഞു.നാണിത്തള്ളയുടെ യാത്രാരേഖകള്‍ പെട്ടന്ന്ശരിയാക്കി.നാണിത്തള്ള വേഗം യാത്രയ്ക്ക് ആവിശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.കേരളത്തില്‍ നിന്ന് അടുത്ത വാര്‍ത്തയെത്തി.കേരളത്തില്‍ പരക്കെമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്.ഓലക്കുടയും‌കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ല.ഇനി ശീലക്കുടയ്ക്ക് എവിടെ നിന്ന് കടം വാങ്ങും എന്ന് മാവേലിമന്ത്രിസഭയ്ക്ക് ഒരു പിടിയുംകിട്ടിയില്ല.കാലാവസ്ഥവകുപ്പുമായി ബന്ധപ്പെട്ട് മഴതുടരുമോ എന്നറിയാന്‍ അവര്‍ തീരുമാനിച്ചതനുസരിച്ച് കാലാവസ്ഥാവകുപ്പുമായി ഫോണില്‍ബന്ധപ്പെട്ടു.“കാര്‍‌മേഘം വന്നാല്‍ മഴപെയ്യും കാര്‍മേഘം നിറഞ്ഞില്ലങ്കില്‍ മഴപെയ്യത്തില്ല.മഴക്കോള്‍ ഇല്ലങ്കില്‍ മേഘാവൃതമായ ആകാശവുംമഴക്കോള്‍ ആണങ്കില്‍ കാര്‍മേഘാവൃതമായ ആകാശവും ആയിരിക്കും.കാറ്റടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ട്”.ഇതായിരുന്നുകാലാവസ്ഥാവകുപ്പിന്റെ നിലപാട്.

മാവേലി ഒരുങ്ങി കുട്ടപ്പനായിട്ടിരുന്നു.ഒരു വര്‍ഷത്തിനുശേഷം തന്റെ പ്രജകളെ കാണാന്‍ പോവുകയാണ്.മലയാളിക്ക് ഇപ്പോള്‍ എന്തെല്ലാംമാറ്റം വന്നിട്ടുണ്ടാവും.ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നാണിത്തള്ള കയറിവന്നു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായന്ന് പറയാന്‍ വന്നതാണവര്‍.നാണിത്തള്ളയുടെ വസ്ത്രധാരണം കണ്ട മാവേലി പൊട്ടിത്തെറിച്ചു.സെറ്റ് സാരിക്ക് പകരം ടൈറ്റ്ജീന്‍സും ടീഷര്‍ട്ടും.മര്യാദയ്ക്ക് വസ്ത്രം ഇട്ടോട്ട്നടന്നിട്ട് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തിരക്കിനിടയില്‍ രക്ഷയില്ല.അപ്പോള്‍ നാണിത്തള്ള ഈ ഡ്രസ്സ് ഇട്ടോണ്ട് ഓണത്തിരക്കിലങ്ങാണം പെട്ട് പോയാല്‍ചാനലുകാരായി,പോലീസായി,തെളുവെടുപ്പായി.......മാവേലിയുടെ കോപം ഒന്ന് തണുത്തപ്പോള്‍ നാണിത്തള്ള താന്‍ എന്തുകൊണ്ട് സാരിയുടുത്തില്ലഎന്ന് പറഞ്ഞു.കേരളത്തില്‍ എത്തുമ്പോള്‍ വല്ല ഹര്‍ത്താലങ്ങാണം കയറിവന്നാല്‍ യാത്രയ്ക്ക് ബൈക്കുകളാണ് ശരണം. സാരിയുടുത്തുകൊണ്ട് ബൈക്കുകളുടെ പുറകില്‍ ഇരുന്നുള്ള യാത്ര ഭയങ്കര പാടാണ്. .അതുകൊണ്ടാണ് താന്‍ ടീഷര്‍ട്ടുംജീന്‍സും ഇട്ടിരിക്കുന്നത്.ഒരു നീക്ക്‍പോക്കിന് മാവേലിയും തയ്യാറായി.ഒരു ഷാളുംകൂടി നാണിത്തള്ള ഇടണം.ഷാളില്ലാത്തതാണ് കേരളത്തിലിപ്പോള്‍ഫാഷനെന്ന്‍ നാളിത്തള്ള പറഞ്ഞുനോക്കിയെങ്കിലും മാവേലി കുലുങ്ങിയില്ല.അവസാനം മനസ്സില്ലാമനസ്സോടെ ഷാളിടാന്‍ നാണിത്തള്ള സമ്മതിച്ചു.


മാവേലിക്കും നാണിത്തള്ളയ്ക്കും പാതാളവാസികള്‍ യാത്രയയപ്പ് നല്‍കാനായികൂടി.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. യാത്രയയപ്പ്കഴിഞ്ഞയുടനെ കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത് എത്തി. പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന പ്രവേശന കാവാടത്തില്‍ മാവേലിയെ തട്ടിക്കോണ്ടു പോകാന്‍ ചാനലുകാര്‍ ഓബി വാനുകളും ഗുണ്ടകളുമായി കാത്തു നില്‍ക്കുന്നു. മാവേലിയെ ആദ്യം തങ്ങളുടെ ചാനലിലെ ന്യൂസ് മണിക്കൂറില്‍ പങ്കെടുപ്പിക്കാനാണ് അവര്‍ കാത്തു നില്‍ക്കുന്നത്. ഓണനാളുകളില്‍ സിനിമയും സിനിമാക്കാരുടെ കൊഞ്ചലും കാണിച്ച് കാണിച്ച് ജനങ്ങളെ വീടിന് വെളിയില്‍ ഇറക്കാതാക്കിയിട്ട് ഇപ്പോള്‍ തന്നെ തട്ടിക്കൊണ്ട് പോയി ചാനലില്‍ ഇരുത്തി റേറ്റിംങ്ങ് കൂട്ടാന്‍ അവന്മാര്‍ കാത്തു നില്‍ക്കുന്നുവെന്ന്. തന്റെ പ്രജകളുടെ സന്തോഷം കാണാന്‍ യാത്രതിരിക്കാന്‍ തയ്യാ‍റായി നിന്ന മാവേലി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.എന്തുചെയ്യണമെന്ന് അറിയാതെ പാതാളവാസികള്‍ നിന്നു. പണ്ട് ആവിശ്യത്തിന് ആലോചനയില്ലാതെ എടുത്തുചാടിയപ്പോള്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിപെട്ടവനാണ് മാവേലി. ഭൂമിയെക്കാളും താണ് പാതാളത്തോളം താഴ്ന്നവനാണ് മഹാബലി. ഇനി ഒരിക്കല്‍ കൂടി ചവിട്ടി താഴ്‌ത്തപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തായിരിക്കും അദ്ദേഹം തീരുമാനിക്കുക. തന്റെ പ്രജകളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ ????? മഹാബലി കേരളത്തിലേക്ക് വരില്ലേ???




(പഴയ രണ്ടു പോസ്റ്റുകള്‍ വെട്ടി തിരുകി മായിച്ച് കൂട്ടിച്ചേര്‍ത്ത് എഴുതിയതാണ് ഈ പോസ്റ്റ്. ചിത്രങ്ങള്‍ ഗൂഗിള്‍ സംഭാവനയായി തന്നതാണ്.)

Monday, August 9, 2010

ഒരു അവിവാഹിതന്റെ വ്യഥകള്‍

അതിരാവിലെ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി കണ്ണാടിയുടെ മുന്നില്‍ നിന്ന് തലചീകുമ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്. തലയില്‍ എന്തോ വെളുത്തിരിക്കുന്നു. പൌഡര്‍ ഇടാത്തതുകൊണ്ട് പൌഡര്‍ ആകാന്‍ വഴിയില്ല. കണ്‍പോള വലിച്ചു തുറന്ന് തലമൊത്തത്തില്‍ ഒന്ന് സ്കാന്‍ ചെയ്തെടുത്തപ്പോള്‍ തലയില്‍ നിന്നുള്ള ആ വെള്ളകളെ കണ്ണുപിടിച്ചെടുത്തു. തലമുടി വെളുത്തു തുടങ്ങിയിരിക്കുന്നു. താന്‍ തെക്കുവടക്കുനടന്ന് കുടുംബം വെളുപ്പിക്കുന്നു എന്ന പരാതി കുടുംബക്കാര്‍ നാഴികയ്ക്ക് നാല്പതുവട്ടം തന്നോട് പരാതിപറയാറുണ്ട്. തന്റെ തമുടി വെളുത്തുതുടങ്ങിയിരിക്കൂന്നു എന്നു താന്‍ ആരോട് പരാതി പറയും. വര്‍ഷങ്ങള്‍ക്ക് മുമ്പേ തലതെളിയാന്‍ തുടങ്ങിയതാണ്. തലതെളിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ തലേവര ഇന്നല്ലങ്കില്‍ നാളെ തെളിയുമെന്ന് കരുതിയെങ്കിലും ഉച്ചി തെളിഞ്ഞതല്ലാതെ തലേവരയുടെ വിദൂരദൃശ്യം പോലും തെളിഞ്ഞില്ല. ആ തെളിയല്‍ പോരാഞ്ഞിട്ട് ഇപ്പോള്‍ ഉള്ള തലമുടി വെളുത്തും തുടങ്ങിയിരിക്കുന്നു. ഭാഗ്യനര എന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാമെങ്കിലും ആ പിടിച്ചു നില്‍ക്കല്‍ ഇന്നിംങ്ങ്സ് തോല്‍‌വി ഒഴിവാക്കാന്‍ ആശിഷ നെഹ്‌റ ഇരുപതോവര്‍ ബാറ്റ് ചെയ്യുന്നതിനെക്കാള്‍ പരിതാപകരമായിരിക്കും. ഏതായാലും തന്റെ ആവിശ്യം വീട്ടുകാരോട് പറഞ്ഞേ പറ്റൂ. താനിനി ഇങ്ങനെ പുറനിറഞ്ഞ് നില്‍ക്കുന്നത് സമൂഹത്തോടുതന്നെ ചെയ്യുന്ന വലിയ അനീതി ആയിരിക്കും.


തനിക്ക് കെട്ടാന്‍ പ്രായമായന്ന് വീട്ടുകാരോട് എങ്ങനെയാണ് ഒന്ന് പറയുക. പെണ്‍പിള്ളാരാണങ്കില്‍ സാരി ഉടുത്ത് അമ്മയുടെ മുന്നില്‍ ചെന്ന് നിന്ന് “അമ്മേ ഈ സാരി ഉടുത്തിട്ട് ഞാനങ്ങ് വലിയ പെണ്ണാണന്ന് തോന്നുന്നു“ എന്നോ സാരി ഉടുത്ത് പുറത്ത് പോയതിനു ശേഷം തിരിച്ചു വന്നിട്ട് അമ്മയൊട് “ അമ്മേ, അങ്ങേലെ ചേച്ചി പറയുകയാ നിന്നെ ഇപ്പോള്‍ കണ്ടാല്‍ കെട്ടിക്കാറായ പെണ്ണിനെപോലുണ്ടന്ന്” എന്നൊക്കെ പറഞ്ഞ് അമ്മയുടെ മനസില്‍ തോ കോരി ഇടാമായിരുന്നു. ഒരാണെങ്ങനെയാണ് എന്നെ ഒന്ന് കെട്ടിക്കോ എന്നോ എനിക്ക് കല്യാണം കഴിക്കണം എന്നക്കയോ പറയുന്നത്. “അമ്മേ എന്റെ ജാതകം എന്തിയേ” എന്നൊക്കെ ചോദിച്ച് ഒരു സിഗനല്‍ നല്‍കാമായിരുന്നു എങ്കിലും ജാതകം ഇല്ലാത്ത താനെങ്ങനെ ജാ‍തകം ചോദിക്കും. തലയില്‍ വീണ വെള്ളവരയെ ഇന്ന് കണ്മഷി കൊണ്ടോ കരി കൊണ്ടോ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും കുറച്ചു നാള്‍ കഴിയുമ്പോള്‍ കരി ഓയില്‍ തന്നെ വേണ്ടി വരും. കരി ഓയിലിനും കറുപ്പിക്കാന്‍ ഒരു പരിധി ഒക്കെ കാണില്ലേ? എനിക്ക് കല്യാണം കഴിക്കണം എന്ന് നേരിട്ട് വീട്ടില്‍ പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഒരാളുടെ സഹായം തേടിയേ പറ്റൂ. എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാം. അടുക്കളയില്‍ നിന്ന് ഒരു കരികഷ്ണം എടുത്ത് തലയിലെ വെളുപ്പിനെ കറുപ്പാക്കി ജോലിക്കിറങ്ങി. താനിനി ജോലി ചെയ്തില്ലന്ന് പറഞ്ഞ് സൂര്യനങ്ങാണം അസ്തമിക്കാതിരുന്നാലോ???


ബസ്സ്റ്റോപ്പില്‍ ബസ് കയറാനായി നില്‍ക്കുമ്പോള്‍ സാവിത്രിചേച്ചി എത്തി. ചേച്ചി ഈ നാട്ടില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ചേച്ചി വരുന്ന വഴിക്കേ ചിരിച്ചു കാണിച്ചു. ചിരിയില്‍ പലതും നേടാം എന്നുള്ളതുകൊണ്ട് വെറുതെ ഒരു ചിരി ചേച്ചിക്ക് കൊടുത്തു. ആ ചിരിയില്‍ സംതൃപ്‌തയായ ചേച്ചി എന്തെങ്കിലും വരം ചോദിച്ചോളൂ എന്ന് ചോദിച്ചാല്‍...... ചേച്ചിവഴി അമ്മയെ ആവിശ്യം അറിയിക്കാം. ലോക്കല്‍ കമ്മറ്റി വഴി ജില്ലാകമ്മിറ്റിവഴി അങ്ങ് ഹൈക്കമാന്‍ഡില്‍ കാര്യം എത്തിക്കോളും. ചേച്ചിയെ എങ്ങനെ ഇതില്‍ ഉള്‍പ്പെടുത്താം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേ ചേച്ചി അടുത്തെത്തി.

“ജോലിയൊക്കെയായി അല്ലിയോ?”

“ആയി ചേച്ചി”

“എത്രനാളായി...”

“അഞ്ചാറുമാസമായി...”

“ഞാനറിഞ്ഞില്ല മോനേ നിനക്ക് ജോലി കിട്ടിയത്. ഇന്നലെ വീട്ടിലെ പിള്ളാരു പറഞ്ഞപ്പോഴാ ഞാനറിഞ്ഞത്...”

“ജോലി കിട്ടിയത് ഞാനാരോടും പറഞ്ഞില്ല ചേച്ചി”

“ജോലിയൊക്കെ ആയില്ലിയോ? അപ്പോള്‍ എങ്ങനാ കാര്യങ്ങള്‍...”

ചേച്ചിക്ക് വിവരം ഉണ്ട്. ജോലിയൊക്കെ ആയതുകൊണ്ട് കല്യാണം കഴിച്ചു കൂടേ എന്നാണ് ചേച്ചി ചോദിക്കുന്നത്. ഈ ചേച്ചി ചിന്തിക്കുന്നതുപോലെ തന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഒന്ന് ചിന്തിച്ചു കൂടേ....

“കാര്യങ്ങളൊക്കെ നടത്താന്‍ സമയമുണ്ടല്ലോ ചേച്ചി...”

“അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ.... അല്ലങ്കില്‍ തന്നെ ഇതിനൊക്കെ ഇപ്പോള്‍ ആരെങ്കിലും പ്രായം നോക്കാറു ണ്ടോ. ജോലിയായതിന്റെ പിറ്റേ മാസം തന്നെ എല്ലാവരും നടത്താറുള്ളതല്ലേ”

ഹൊ! ഈ ചേച്ചിയുടെ ഒരു കാര്യം. മന്ത്രി കല്പിച്ചതും കോണ്ട്രാകറ്റര്‍ ഇച്ഛിച്ചതും പാലം പണി എന്നതു പോലെയായി കാര്യങ്ങള്‍.

“അല്ല ചേച്ചി... അച്ഛന്‍ സമ്മതിക്കുമോന്ന് ഒരു പേടി... ഞാനിപ്പോഴും കൊച്ചു‌കുട്ടിയാണന്നാ അവരുടെ വിചാരം”

“അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാ‍ക്കിച്ചോളാം. മോന് സമ്മതമാണല്ലോ.”

ചേച്ചി വന്ന വഴിയേ തിരിച്ചു പോയി. ഏതായാലും ചേച്ചി അമ്മയോടോ അച്ഛനോടോ കാര്യങ്ങള്‍ പറഞ്ഞ് എല്ലാം ശരിയാക്കും.


വൈകിട്ട് വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ചാരുകസേരയില്‍ അച്ഛന്‍ ഉണ്ടായിരുന്നു. അകത്തേക്ക് കടക്കാനായി ഉമ്മറപടിയിലേക്ക് കാല്‍ എടുത്തുവച്ചതും അച്ഛന്റെ ചോദ്യം.

“നീയിന്ന് രാവിലെ സാ‍വിത്രിയെ കണ്ടോ?”

കണ്ടില്ലന്ന് പറയാന്‍ പറ്റില്ല. സാവിത്രിചേച്ചി വന്ന് എന്തെങ്കിലും പറയാതെ അച്ഛന്‍ ഇങ്ങനെ ചോദിക്കില്ല.

“കണ്ടു”

“നിനക്കെത്രവയസായടാ...” അച്ഛന്റെ അടുത്ത ചോദ്യം.

“അടുത്ത ചിങ്ങത്തില്‍....” പറയാന്‍ തുടങ്ങിയതും അച്ഛന്റെ മറുചോദ്യം.

“ചിങ്ങം അവിടെ നില്‍ക്കട്ടെ. ഇത്രയും പ്രായം ആയിട്ടും ഒരു കാര്യം സ്വന്തമായിട്ട് ചെയ്യാന്‍ നിനക്കറിയില്ലേ?”

“അറിയില്ലേ എന്ന് ചോദിച്ചാല്‍ അറിയാം....സാവിത്രിചേച്ചി പറഞ്ഞകാര്യത്തില്‍ അച്ഛനെന്താ അഭിപ്രായം?”

“നമ്മള്‍ അല്പം താമസിച്ചുപോയോ എന്നൊരു സംശയം.... ഞാനവള്‍ക്ക് ഒരു ആയിരിത്തിമുന്നൂറു രൂപാ കൊടുത്തിട്ടൂണ്ട്”


ങേ !!! അവനൊന്ന് ഞെട്ടി.സാവിത്രിചേച്ചിക്ക് ബ്രോക്കറുപണിയും ഉണ്ടായിരുന്നോ? സാവിത്രിചേച്ചിക്ക് കാശു കൊടൂത്ത് പെണ്‍പിള്ളാരെയൊക്കെ നോക്കാന്‍ അച്ഛന്‍ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു. ഈ അച്ഛനെയാണല്ലോ താനെന്നും മനസില്‍ തെറിപറഞ്ഞ് നടന്നിരുന്നത്. പാവം അച്ഛന്‍ !!! .ഏതായാലും അല്പം വെയിറ്റിട്ട് നില്‍ക്കാം.

“ആയിരിത്തി മുന്നൂറു രൂപായൊക്കെ കൊടുത്ത് ... അതല്പം കൂടുതലായിപോയില്ലേ....”

“എടാ നിന്റെ ഈ പ്രായത്തില്‍ എനിക്ക് നാലെണ്ണം ഉണ്ടായിരുന്നു....”

അച്ഛന്‍ സെന്റി ആവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ പ്രായത്തില്‍ അച്ഛന് നാലു പിള്ളാര്‍ ഉണ്ടായിരുന്നന്ന്. അച്ഛന്‍ അല്പം മിനുങ്ങിയിട്ടാണോ ഇരിക്കുന്നത്. രണ്ടു ചേച്ചിമാരും താനും ഉള്‍പ്പെടെ മൂന്നു മക്കളല്ലേ ഉള്ളൂ. അച്ഛനിനി കണക്ക് തെറ്റിയതാണോ? ചിലപ്പോള്‍ അമ്മയും കൂടി കൂട്ടി നാലെന്ന് പറഞ്ഞതായിരിക്കും.

"നീ നാളെ പോകുമ്പോള്‍ സാവിത്രിയുടെ വീട്ടിലോട്ട് കയറി ഫോമിലൊന്ന് ഒപ്പിട്ടുകൊടുത്തോ. തിരിച്ചരിയല്‍ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി കൊടുത്തോളണം”

ചേച്ചി അപ്പോള്‍ ഫുള്‍ സെറ്റപ്പിലാണ് പരിപാടി തുടങ്ങിയിരിക്കുന്നത്. നാട്ടിലൊരു മാണ്‍‌ട്രിമോണിയല്‍ ഏജന്‍സി തുടങ്ങിയത് അറിയാന്‍ താന്‍ വൈകി പോയല്ലോ. സിനിമയിലൊക്കെ കണ്ടിട്ടുള്ള ബ്രോക്കര്‍മാരാരും പാസ് പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലല്ലോ.

“ഫുള്‍ സൈസ് ഫോട്ടോയല്ലേ അച്ഛാനല്ലത് ? ”

“പോളിസി എടുക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോമതി” അച്ഛന്റെ ഈ ഒരൊറ്റ മറുപിടി കൊണ്ട് ഭൂമി തിരിഞ്ഞ് കറങ്ങുന്നതായി തോന്നി. അപ്പോള്‍ രാവിലെ സാവിത്രിചേച്ചി തന്നോട് പോളിസി എടുക്കൂന്നതിനെ ക്കുറിച്ചാണല്ലേ പറഞ്ഞത്. വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു.


സാവിത്രിചേച്ചിയെ കാണുമ്പോള്‍ രണ്ട് തെറി പറയണമെന്ന് വിചാരിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. അറിയാ വുന്ന തെറികളൊക്കെ അസന്‍ഡിംങ്ങ് ഡിസന്‍ഡിംങ്ങ് ഓര്‍ഡറില്‍ മനസില്‍ അടുക്കിവച്ചു. ഒരു ലൈഫ് ഇല്ലാത്ത തനിക്ക് എന്തിനാണ് ലൈഫ് പോളിസി?? സാവിത്രിചേച്ചിയുടെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ പഞ്ചായത്ത് ഇലക്ഷനിലെ വോട്ടേഴ്സ് ലിസ്റ്റുമായി ചേച്ചി വാരാന്തയില്‍ തന്നെ ഉണ്ട്. വോട്ടേഴ്സ് ലിസ്റ്റുനോക്കി രാവിലെ തന്നെ ആര്‍ക്കൊക്കെ ജീവിതം ഉണ്ടാക്കികൊടുക്കാമെന്നുള്ള ചിന്തയിലായിക്കണം ചേച്ചി.

“സാവിത്രിചേച്ചീ..” വിളിച്ചുടനെ ചേച്ചി തല ഉയര്‍ത്തി നോക്കി.

“മോനോ? കയറിവാ.....”. അസന്‍ഡിംങ്ങ് ഡിസന്‍ഡിംങ്ങ് ഓര്‍ഡറില്‍ മനസില്‍ ഇട്ടിരുന്ന തെറികള്‍ അവിടെ തന്നെയുണ്ടന്ന് ഉറപ്പാക്കി വീടിന്റെ പടി കയറി.

"ദൈവം ഉണ്ടന്ന് എനിക്കിന്നലെ ഒരിക്കല്‍കൂടി വിശ്വാസമായി. മോന്റെ വീട്ടിലോട്ട് കയറി അച്ഛനെ കണ്ട് കാര്യം പറഞ്ഞ ഉടനെ അച്ഛന്‍ കാശ് എടുത്തുതന്നു. അച്ഛന്‍ സമ്മതിക്കില്ലന്നൊക്കെ മോനിന്നലെ പറഞ്ഞപ്പോള്‍ കുറേ നമ്പരിറക്കേണ്ടിവരുമെന്ന് ഞാന്‍ കരുതിയതാ.....” ഇങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി പോളിസിക്കുള്ള ഫോം എടുത്തു ഒപ്പിടാനുള്ളത് കാ‍ണിച്ചു തന്നു. ഒപ്പിടാന്‍ താമസിക്കുന്നത് കണ്ടിട്ട് ചേച്ചി ചേദിച്ചു.

“എന്താ മോനേ...”

“അല്ല ചേച്ചി, അവകാശി ഒക്കെ ആയിട്ടുപോരേ ഇന്‍‌ഷുറന്‍സ്...?”

“അമ്മയുടെ പേര് നോമിനിയായിട്ട് എഴുതിയിട്ടുണ്ടല്ലോ...വേണമെങ്കില്‍ അച്ഛന്റെ പേര് എഴുതാം “

“അതല്ല...... ഞാന്‍ ഉദ്ദേശിച്ചത്... കല്യാണം ഒക്കെ കഴിച്ചിട്ട്...”

അതു കേട്ടതും ചേച്ചി ഒരൊറ്റ ചിരി. കല്യാണം കഴിക്കുക എന്ന് പറയുന്നത് ഒരു തമാശയാണോ?
“ഹോ, അങ്ങനെ. മോനിനി കല്യാണം എന്ന് കഴിക്കാനാ? കല്യാണം കഴിച്ചു കഴിയുമ്പോള്‍ വേറെ ഒരു പോളിസി എടുക്കാം...”

“എന്റെ കല്യാണം ഉടനെ ഉണ്ടാവും...”

“നിനക്കതിന് എത്ര വയസുണ്ട്?” മോനേ മോനേ എന്ന് ഇത്രയും നേരം വിളിച്ച ചേച്ചി കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞ ഉടനെ മോനേ എന്ന് മാറ്റി നീ എന്ന് വിളിച്ചിരിക്കുന്നു. മനസിലെ അടുക്കി വച്ചിരുന്ന തെറികളില്‍ പകുതി ബോള്‍ഡാക്കി.

“ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി...”

“പത്തുവര്‍ഷമായി... എന്നെ കെട്ടി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ചേട്ടന്‍ പറന്നു പോയി...”

പാവം ചേച്ചി !!! കല്യാണം കഴിഞ്ഞതിന്റെ രണ്ടാമാസം ചേട്ടന്‍ മരിച്ചു പോയന്ന്. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഈ ചേച്ചിയെ വിളിക്കാനാണ് താന്‍ മനസില്‍ തെറി ബോള്‍ഡാക്കി ഇട്ടത്. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഡിലീറ്റ് ചെയ്തു.

“പിന്നീട് ചേട്ടന്‍ ഗള്‍ഫീന്ന് വരുന്നത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടാ..”

ഹൊ!ചേട്ടന്‍ മരിച്ചിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഹള്‍ഫിലോട്ട് പോയന്നാ പറഞ്ഞത്. മനസില്‍ കിടന്ന തെറികളൊക്കെ ഡിലീറ്റ് ചെയ്തു പോയല്ലോ.

“രണ്ടുവര്‍ഷം കൂടുമ്പോള്‍ ഓരോ മാസത്തെ അവിധി. അങ്ങനെ ഇതുവരെ അഞ്ച്മാസമാ ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്. അതുകൊണ്ട് പറയുവാ മോനേ.. കല്യാണം കഴിക്കുന്നതിലൊന്നും വലിയ കാര്യമില്ല....”

വീണ്ടൂം പാവം ചേച്ചി!! പത്തുവര്‍ഷത്തിനിടയില്‍ അഞ്ചുമാസം മാത്രം ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ എന്ന്. വെറും 3600 മണിക്കൂര്‍. 3600 നെ മിനിറ്റും സെക്കന്‍ഡും ആക്കണമെന്നുണ്ടായിരുന്നെങ്കിലും മനസില്‍ അഞ്ച് അക്കങ്ങള്‍ കണക്കുകൂട്ടാനുള്ള മെമ്മറി ഇല്ലാത്തതുകൊണ്ട് വേണ്ടാന്ന് വച്ചു. ഏതായാലും ചേച്ചിയോട് ഇനി സംസാരിക്കുന്നതില്‍ കാര്യമില്ല. ചേച്ചി പറഞ്ഞിടത്ത് ഒപ്പിട്ട് കൊടുത്തിട്ട് എഴുന്നേറ്റു.


നിരാശ..മുട്ടന്‍ നിരാശ..
നിരാശകൊണ്ട് കുളിയില്ല നനയില്ല ജപമില്ല.
നീയെന്താടാ കുളിക്കാത്തതന്ന് വീട്ടുകാര്‍ ചോദീച്ചില്ല.

കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് കടം വാങ്ങി ഒരു കാവിക്കൈലിയും ജൂബയും വാങ്ങി. പണ്ട് എന്‍.എസ്. പെരുങ്കായം വങ്ങിയപ്പോള്‍ കിട്ടിയ തുണിസഞ്ചി തട്ടുമ്പ്പുറത്ത് നിന്ന് എടുത്ത് തോട്ടില്‍ കൊണ്ടുപോയി ഒരച്ചുരച്ച് എന്‍.എസ് പെരുങ്കായത്തെ കഴുകിക്കളഞ്ഞു. പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് പോയി ആദിയും അന്തവുമില്ലാത്ത ഒരു ഇംഗ്ലീഷ് പുസ്തകം തൂക്കി നോക്കി വിലപറഞ്ഞ് വാങ്ങി തുണി സഞ്ചീക്കകത്തേക്ക് ഇട്ടു.

ഇനി കുറച്ച് താടി കൂടി വളര്‍ന്നു കിട്ടിയാല്‍ ബുദ്ധി ജീവിയാകാം. ഒരു ബുദ്ധി ജീവിയോട് ആരെങ്കിലും കല്യാണത്തെക്കുറിച്ച് ചോദിക്കുമോ എന്ന് സംശയം ആണ്. എന്നാലും താനൊരു ബുദ്ധിജീവിയായതുകൊണ്ട് വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ആള്‍ക്കാരോട്. എന്നെങ്കിലും ആരെങ്കിലും എന്താ വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ പറയാനായി ഒരു മറുപിടി കണ്ട്‌വയ്ക്കുന്നത് നല്ലതാണ്. കുറേ ദിവസം ആലോചിച്ചിട്ടാണ് ഒരു മറുപിടി കിട്ടിയത്.

“ഒരു താലിമാലയില്‍ ഒരു പെണ്‍കുട്ടിയുടെ ശരീരത്തേയും ആത്മാവിനേയും നമ്മളോടും നമ്മള്‍ കിടക്കുന്ന കട്ടിലിനോട് ചേര്‍ന്ന് ബന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക ശാരീരിക ആഘാതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ബഹുഅര്‍സ്ഫുലിംഗങ്ങളുടെ അന്തര്‍ധാരയില്‍ ഉടലെടുക്കുന്ന അണ്ഡസികതാണ്ഡങ്ങളുടെ രാസഭൌതികമാറ്റങ്ങള്‍ കാലത്തില്‍ വിലയം പ്രാപിക്കുമ്പൊള്‍ ഉണ്ടാകുന്ന രക്തബന്ധങ്ങളുടെ കെട്ടുപാടില്‍ തളായ്ക്കപെടേണ്ടവനല്ല ഒരു ബുദ്ധിജീവി. ബുദ്ധിജീവിയുടെ ബുദ്ധി നാടിനും സമൂഹത്തിനും രാഷ്ട്രീയത്തിനും രാഷ്‌ട്രത്തിനുമായി മാറ്റിവയ്ക്കപെടേണ്ടതാണ്. മണ്ഢരി കുത്തി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന തേങ്ങ പോലെ വെട്ടി അടുപ്പില്‍ ഇടേണ്ടതല്ല ഒരു ബുദ്ധിജീവിയുടെ ജീവിതം. കാലാന്തരങ്ങളില്‍ തുടര്‍പ്രഭാവമായി മാറുന്ന സാംസ്കാരികപ്രതിഫലനത്തിന്റെ നേര്‍ക്കാഴചയുമായി..............” ഏതായാലും ഇത്രയും ആകുമ്പോ ഴേക്കും നിനക്ക് കല്യാണം കഴിക്കണ്ടായോ എന്ന് ചോദിക്കുന്നവന്‍ നാലുജില്ല താണ്ടിയിരിക്കും.


കുറച്ച് താടികൂടി വച്ചാല്‍ തന്നെ കണ്ടാല്‍ ഒരു ബുദ്ധിജീവിയല്ലന്ന് ആരും പറയില്ല. മുടി വളരാനും വണ്ണം കുറയാനും വണ്ണം കൂടാനും ഒക്കെ മരുന്നുണ്ട്. ഈ തടി കൂടാന്‍ മരന്നു കണ്ടുപിടിച്ചവന് താടി വളരാനുള്ള മരുന്നുകൂടി കണ്ടു പിടിച്ചു കൂടായിരുന്നോ? രാത്രിയില്‍ കിടക്കുമ്പോള്‍ വളര്‍ന്നു വരുന്ന താടിയില്‍ പടവലങ്ങായ്ക്കു നീളം വയ്ക്കാന്‍ കല്ലുകെട്ടിതൂക്കുന്നതുപോലെ കല്ല കെട്ട് തൂക്കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. അല്ലങ്കില്‍ തന്നെ എല്ലാ ബുദ്ധിജീവികള്‍ക്കും താടികൂടി ഈശ്വരന്‍ കൊടുക്കുമോ? താടിയില്ലന്ന് പറഞ്ഞ് സിംഹത്തെ ആരും പൂച്ച എന്ന് വിളിക്കാറില്ലല്ലോ.. അതുകൊണ്ട് താടിയില്ലങ്കിലും താനൊരു ബുദ്ധിജീവിയാണ്.


രണ്ടുമാസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ തലക്കുത്തി ചിന്തിക്കാന്‍ തുടങ്ങി. ചെറുക്കന് ബുദ്ധിജീവി ഭ്രാന്താണ്. ഈ മാതിരി ഭ്രാന്തൊക്കേ കല്യാണം കഴിപ്പിച്ചാല്‍ മാറുമെന്ന് കുടുംബചര്‍ച്ചയെ തുടര്‍ന്നുള്ള ഊണുമേശാ സമ്മേളനത്തില്‍ വല്യപ്പന്‍ പ്രഖ്യാപിച്ചതോടെ പെണ്ണുതേടിയുള്ള അന്വേഷ്ണം ആരംഭിച്ചു. പെട്ടന്നൊരുനാള്‍ കാവിക്കൈലിയും ജൂബയും ഉപപേക്ഷിച്ച് തരിശുനിലത്തില്‍ വളര്‍ന്ന് നെല്‍‌ച്ചെടിപ്പോലുള്ള ഊശാന്‍ താടി വെട്ടി നിരത്തിയാല്‍ ഇവന്‍ കെട്ടാനായി ബുദ്ധിജീവി ഭ്രാന്ത് അഭിനയിച്ചതാണന്ന് വീട്ടുകാര്‍ കരുതും. അതുകൊണ്ട് ആദ്യത്തെ പെണ്ണുകാണല്‍ ബുദ്ധിജീവി നാട്യത്തില്‍ തന്നെ മതി.... താനൊരു ബുദ്ധി ജീവി ആണന്ന് പെണ്ണിനു തോന്നണമെങ്കില്‍ കടിച്ചാല്‍ പൊട്ടാത്ത നാലഞ്ച് നോവലുകളുടെയും സിനിമയുടേയും പേരുകള്‍ പഠിക്കണം.


അങ്ങനെ ആദ്യത്തെ പെണ്ണുകാണല്‍. ചായമാത്രം കുടിച്ച് പെണ്ണുമായി നടത്താനുള്ള മുഖാമുഖത്തിനായി കാത്തിരുന്നു.

‘ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടങ്കില്‍ അങ്ങോട്ട് മാറി സംസാരിക്കാം....“ പെണ്ണിന്റെ അപ്പന്‍ പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ കസേരയില്‍ നിന്ന് അറിയാതെ ചന്തി ഉയര്‍ന്നെങ്കിലും ഒരു ബുദ്ധിജീവി ലോക്കല്‍ ആളുകളെപോലെ പെരുമാറരുതന്ന് തലയില്‍ നിന്ന് ചന്തിയിലേക്ക് മെസേജ് കിട്ടിയതും ചന്തി പഴയ സ്ഥിതിയില്‍ കസേരയില്‍ തന്നെ ഉറച്ചു.

“മോനങ്ങോട്ട് ചെന്നാട്ട്” പെണ്ണിന്റെ അപ്പന്‍ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചതുകൊണ്ടുമാത്രമാണ് താനാമുറിയിലേക്ക് കയറുന്നത് എന്ന് മറ്റുള്ളവരെ ബോധിപ്പിച്ച് മുറിയിലേക്ക് പോകാനായി സഞ്ചി തോളിലിട്ട് എഴുന്നേറ്റു.
“സഞ്ചി അവിടെവച്ചോ മോനേ...” പെണ്ണിന്റെ അപ്പന്‍.

ആനപാപ്പാന് തോട്ടി,പട്ടാളക്കാരന് തോക്ക്, വെടിക്കാരന് കതിനാക്കുറ്റി കം കരിപ്പുവെട്ടികയറിലെ തീ, സേവാദള്‍‌കാരന് ഗാന്ധിത്തൊപ്പി എന്നപോലെ തന്നെ ഒരു ബുദ്ധിജീവിക്ക് പ്രധാനപെട്ടത് അവന്റെ തുണിസഞ്ചിയാണന്ന് അറിയാത്ത ബ്ലഡിഫൂള്‍ ഭാവി അമ്മായിയപ്പന്റെ വാക്കുകള്‍ കേട്ടില്ലന്ന് നടിച്ച് തുണിസഞ്ചിയുമായി അവന്‍ വിറയ്ക്കുന്ന കാലോട് മുറിയിലേക്ക് കയറി. ഒരു ബുദ്ധിജീവിയുടെ കാലുകള്‍ വിറയ്ക്കാന്‍ പാടില്ല എന്ന് മനസില്‍ പറഞ്ഞെങ്കിലും കാലങ്ങോട്ട് അനുസരിച്ചില്ല. അവള്‍ മുറിയിലേക്ക് വന്നു. അവളുടെ ചിരിയും മിഴിയും കണ്ട് മനസ് നിറഞ്ഞെങ്കിലും ബുദ്ധിജീവി ഒരിക്കലും ബാഹ്യസൌന്ദര്യത്തില്‍ ഭ്രമിക്കരുത് എന്ന് സഞ്ചിയില്‍ ഇരുന്ന് ആരോ പറയുന്നു.

“ചേട്ടന്‍ എപ്പോഴും ഈ വേഷത്തിലാണോ നടക്കുന്നത് ?” പെണ്ണിന്റെ ചോദ്യം.

“അതെ, ബുദ്ധിജീവിയായതിനു ശേഷം ഇങ്ങനെയാണ്. ഇതാണ് ബുദ്ധിജീവികളുടെ ഡ്രസ് കോഡ്”

“ചേട്ടന്‍ കഥയും കവിതയും ഒക്കേ എഴുതുമോ?”

“ബുദ്ധി ജീവികള്‍ ഒരിക്കലും ഇക്കിളിവികാരങ്ങള്‍ ഉല്പാദിപ്പിക്കുന്ന കഥയും കവിതകളൊന്നും എഴുതാറില്ല....”

“പിന്നെന്താണ് ചെയ്യുന്നത്..”

“ബുദ്ധി ജീവികള്‍ വായിക്കുകയാണ് പതിവ്. പിന്നെ ലേഖനങ്ങള്‍ എഴുതും.... ഞങ്ങളെപോലുള്ള ബുദ്ധിജീവികള്‍ ഉള്ളതുകൊണ്ടുതന്നെയാണ് ഈ ലോകം ഭൂമിക്ക് ചുറ്റും കറങ്ങുന്നത്...“

“ബുദ്ധിജീവികള്‍ ഇല്ലങ്കില്‍ എന്ത് സംഭവിക്കും?”

“ബുദ്ധി ജീവികള്‍ ഇല്ലങ്കില്‍ ഈ നാട്ടിലെ ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമോ? പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ പറ്റുമോ? കൈവെട്ടിയാലും കുഴി കുത്തിയാലും വീതി കൂട്ടിയാലും ഒക്കെ ഈ നാട്ടില്‍ ഞങ്ങളാണ് പ്രതികരിക്കേ ണ്ടത് ..... അതൊക്കെ പോട്ടേ, കുട്ടി എഴുതാറുണ്ടോ?”

“കണ്ണെഴുതിയാല്‍ അച്ഛന്‍ വഴക്കുപറയും...”

ഒരു ബുദ്ധിജീവിക്ക് ചേര്‍ന്ന പെണ്ണുതന്നെ.

“വായിക്കാറുണ്ടോ?”

“ഹും”

“നോവലോ കഥകളോ ലേഖനങ്ങളോ?”

“നോവലുകള്‍”

“ഹോഹോ!! ആരുടെയൊക്കേ നോവലുകള്‍ വായിച്ചിട്ടുണ്ട്?”

“മാത്യുമറ്റം, സുധാകര്‍ മംഗളോദയം, ബാറ്റണ്‍ ബോസ്,പി.ജി തമ്പി, ജോസി വാ‍ഗമറ്റം തുടങ്ങിയവരുടെ നോവലുകളാണ് വായിച്ചിട്ടുള്ളത്..”

“കുട്ടീ ഇതൊന്നും അല്ല മനുഷ്യര്‍ വായിക്കേണ്ടത്. കുട്ടി പാബ്ലോ നെരൂദയുടെ എ ഡോഗ് ഹാസ് ഡൈഡ് എന്ന കവിത വായിച്ചിട്ടുണ്ടോ? ചാള്‍സ് ഡിക്കാന്റെയും തോമസ് ഹാര്‍ഡിയുടേയും ജോണ്‍ മുറൈയുടേയും റസലിന്റെയും ഹെമിങ്ങ്വേയുടേയും ഒക്കേ കൃതികളാണ് നമ്മള്‍ വായിക്കേണ്ടത്. വായനക്കാരനെ ഇക്കിളിപെടുത്തി അധമ വികാരങ്ങളിലേക്ക് നടത്തുന്നവയല്ല നല്ല കൃതികള്‍, വായിച്ചു കഴിയുമ്പൊള്‍ മനുഷ്യന്റെ മനസില്‍ നൊമ്പരം അവശേഷിപ്പിക്കുന്നവയാണ് നല്ല പുസ്തകങ്ങള്‍....”

“ചേട്ടന്‍ ശരിക്കും ബുദ്ധി ജീവിയാണോ...??” പെണ്ണിന്റെ ചോദ്യം.

“എന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലേ... ഞാന്‍ ശരിക്കും ബുദ്ധി ജീവിയാ...”

“അപ്പോള്‍ ചേട്ടന് പണി അറിയാമോ?” അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു.


-അതിയാന്‍ ബുജിയാണ് പണിയറിയില്ല എന്ന കവിത ഇവളും വായിച്ചിട്ടുണ്ടാവുമോ. ഈ മാതിരി ചോദ്യങ്ങളാണ് ഒരു ബുദ്ധിജീവി നേരിടുന്ന സ്വത പ്രതിസന്ധി. പണിയറിയില്ലന്ന് പറഞ്ഞാല്‍ താനൊരു ബുദ്ധി ജീവിയാണന്ന് അവള്‍ കരുതിക്കൊളും. പണിയറിയാത്തവനെ വേണ്ടാന്ന് അവള്‍ പറയും. പണിയറിയാം എന്ന് പറഞ്ഞാല്‍ തനൊരു ബുദ്ധിജീവിയല്ലന്ന് അവള്‍ കരുതും. താനിത്രയും നേരം പറഞ്ഞതെല്ലാം കള്ളം ആണന്ന് അവള്‍ കരുതും. പെണ്ണുകാണാന്‍ വന്നപ്പോഴേ കള്ളം പറഞ്ഞ തന്നെ അവള്‍ ഉപേക്ഷിക്കും. എന്നാലും ഒരു പെണ്ണ് പണിയറിയാമോ എന്ന് ഒരു ബുദ്ധിജീവിയുടെ മുഖത്തൊക്കെ നോക്കി ചോദിക്കുക എന്നുവച്ചാല്‍ .......

“പണിയറിയാമോന്നൊക്കെ ചോദിച്ചാല്‍ .....”

“പണിചെയ്യുമ്പോള്‍ ചേട്ടനെന്നെ ഒന്ന് സഹായിക്കാന്‍ പറ്റുമോ?”

“ഞാനെങ്ങനെ സഹായിക്കണം എന്ന് പറഞ്ഞാല്‍ മതി”

“അടുക്കള പണിയിലൊന്നും ഞാനത്രെ പോരാ എന്നാ അമ്മ പറയുന്നത്. അതാ ഞാന്‍ ചേട്ടനോട് ചോദിച്ചത്. ഞാന്‍ തോരന് അറിഞ്ഞാല്‍ മെഴുക്കുപുരട്ടിക്ക് അരിയുന്നതുപോലെയാകും. മെഴുക്കുപുരട്ടിക്ക് അരിഞ്ഞാല്‍ അവിയലിന് അരിഞ്ഞതുപോലെയാകും. അവിയലിന് അരിഞ്ഞാല്‍ സാമ്പാറിന്റെ അകത്തിടാനുള്ള കഷ്ണം പോലെയാകും. അപ്പോള്‍ ചേട്ടന്‍ അതൊക്കെ ഒന്ന് ശരിക്ക് അരിഞ്ഞു തന്ന് സഹായിക്കാന്‍ പറ്റുമോ?”

“പറ്റും .. പറ്റും....”

“എനിക്ക് ചേട്ടനെ ഇഷ്ടമായി...”

“ഒരു പെണ്ണ് ഇഷ്ടമായന്ന് പറയുമ്പോള്‍ ബുദ്ധിജീവിയുടെ റൂള്‍സ് ആന്‍ഡ് റഗുലേഷന്‍ നോക്കി നിന്നാല്‍ കൈയ്യെത്തു ദൂരത്തിരിക്കുന്ന നെയ്യപ്പത്തെ കാക്കകൊത്തിപ്പോയി എന്ന് പറഞ്ഞതുപോലെ ആയിരിക്കും.

“എനിക്കും കുട്ടിയെ ഇഷ്ടമായി...” അപ്പോഴേക്കും ഉള്ളിലെ ബുദ്ധിജീവി വികാരജീവിക്ക് വഴി മാറിയിരുന്നു.

പെണ്ണ് കണ്ട് ഇറങ്ങുമ്പോള്‍ ബുദ്ധിജീവിയെ മനസില്‍ കൊന്നു കുഴിച്ചു മൂടിയിരുന്നു. തോളില്‍ കിടക്കുന്ന എന്‍.എസ്. പെരുങ്കായത്തിന്റെ തുണി സഞ്ചിയും അതില്‍ ഇതുവരെ തുറന്ന് നോക്കാത്ത ആദിയും അന്തവും ഇല്ലാത്ത പുസ്തകവും ബാധ്യതയായി. പോകുന്ന വഴിയില്‍ ആരും കാണാതെ തുണി സഞ്ചി പുഴയില്‍ ഒഴുക്കി. അങ്ങനെയെങ്കിലും ആ സഞ്ചിക്കും പുസ്തകത്തിനും മോക്ഷം കിട്ടട്ടെ.

വീട്ടില്‍ ചെന്നു കയറിയ ഉടനെ ജൂബ ഊരി കഴുകി അടുക്കളയിലെ കൈക്കലതുണിയിലേക്ക് സംഭാവന ചെയ്തു. ഇനി ആ ജൂബ കൊണ്ട് ആവിശ്യമില്ലല്ലോ?

രാത്രിയില്‍ ചോറുണ്ട് കഴിഞ്ഞിരിക്കുമ്പോള്‍ പലയിടത്തു നിന്നും പലപല ചോദ്യങ്ങള്‍...

“എത്രപേരെ വിളിക്കണം?”

“ആരെയാ കേറ്ററിംങ്ങ് ഏല്‍പ്പിക്കുന്നത്?”

“എവിടുന്നാ തുണി എടുക്കുന്നത്?”

“എത്ര വണ്ടി വേണം...?”

തുടങ്ങി പി.എസ്.സി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തരത്തിലുള്ള പത്തു നൂറ് ചോദ്യങ്ങള്‍... എല്ലാ ചോദ്യങ്ങളു ടേയും ഉത്തരം എത്തിയത് ഒരിടത്തേക്ക്

ഇത്രയും കാശ് എവിടുന്ന് കിട്ടും.????

ലോണെടുക്കാം...

ആധാരം പണയം വയ്ക്കാം...

ആധാരം പണയം വച്ച് കാശെടുത്ത് കല്യാണം നടത്താന്‍ തീരുമാനമായി

പിറ്റേന്ന് രാവിലെ അമ്മ കാപ്പിയുമായി അവന്റെ മുറിയില്‍ എത്തി.

അവനവിടെയൊങ്ങും ഇല്ല.

എവിടെപ്പോയി ?????????

അടുക്കളയിലെ കൈക്കലതുണിയായി സംഭാവന ചെയ്ത ജൂബയും കാണാനില്ല !!!!!!!!!!!!!!!!!!!!
: :: ::