Thursday, December 31, 2009

ചക്ക ജീവിതം 1

തിരക്കേറിയ വസായ് റയില്‍‌വേ സ്റ്റേഷനിലെ തിരക്കില്‍ ഞാന്‍ നിന്നു. എങ്ങനെയും ട്രയിനില്‍ കയറിപറ്റുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. ദാദറിലെക്കും ചര്‍ച്ച്‌ഗെയ്റ്റിലേക്കും ഉള്ള ട്രയിനുകള്‍ നിറഞ്ഞാണ് വരുന്നതെങ്കിലും അകത്തേക്ക് ഇടിച്ചു കയറാന്‍ അല്പം സ്ഥലം കിട്ടിയാല്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ അകത്തേക്ക് ഇടിച്ചുകയറും. ഞാന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെ തിരക്കുകള്‍ കണ്ടുകൊണ്ട് ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നു. മുംബൈക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ട്രയിനുകളിലെ തിരക്കുകളില്‍ ജീവിതം തുടങ്ങിയവരെത്ര? ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് ട്രയിന്‍ വരുന്നതിന്റെ മുന്നറിയിപ്പായി ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് ട്രാക്കിലേക്ക് കയറുന്ന വഴിയിലെ സൈറണ്‍ ശബ്‌ദ്ദിച്ചു തുടങ്ങി. വിരാറിലേക്കുള്ള ട്രയിന്‍ എത്തി. ട്രയിനുകള്‍ രണ്ടാമത്തെ സ്റ്റേഷനായ വിരാറില്‍ അവസാനിക്കുന്നതാണങ്കിലും ആളുകളുടെ എണ്ണത്തില്‍ യാതൊരു കുറവും ഇല്ല. തിരിച്ചു ദാദറിലേക്കോ മറ്റോ നിന്ന് യാത്രചെയ്യാന്‍ കഴിയാത്തവര്‍ ട്രയിന്‍ വിരാറിലേക്ക് പോകുമ്പോള്‍ തന്നെ സീറ്റ് ഉറപ്പിക്കാനായി കയറുന്നവരാണ് അധികവും. നാലാസപാറയില്‍ നിന്നുകൂടി ആളുകള്‍ കയറി കഴിയുമ്പോള്‍ വിരാറില്‍ നിന്ന് കയറുന്നവര്‍ക്ക് സീറ്റ് കിട്ടുന്ന പതിവില്ല.


കുറേ നാള്‍ യാത്ര ചെയ്തതിനു ശേഷമാണ് തിരക്കൊഴിഞ്ഞ ട്രയിന്‍ ഞാന്‍ കണ്ടെത്തിയത്. 9.20 ന് വിരാറിലേക്ക് പോകുന്ന ട്രയിന്‍ അരമണിക്കൂര്‍ വിരാറില്‍ കിടക്കൂം എന്നുള്ളതുകൊണ്ട് ദാദറിലേക്കുള്ള യാത്രക്കാര്‍ ആരും അതില്‍ കയറാറില്ല. പിന്നീട് വിരാറിലേക്കുള്ള യാത്ര സ്ഥിരം അതിലാക്കി.മുബൈക്കാരുടെ ജീവിതം ട്രയിനികത്താണ്. ദിവസവും എത്ര ലക്ഷം ആളുകളെകൊണ്ടാണ് ട്രയിനുകള്‍ പായുന്നത്. എന്തെല്ലാം വേഷങ്ങള്‍ ധരിച്ചവര്‍ , ഭാഷകള്‍ സംസാരിക്കുന്നവര്‍ , വിവിധ ആചാരങ്ങള്‍ പുലര്‍ത്തുന്നവര്‍ ... അവരുടെ ഇടയില്‍ സംഗീതമുണ്ട് പൊട്ടിച്ചിരികള്‍ ഉണ്ട് ,
ഇടയ്ക്കിടെ തെറിവിളികള്‍ ഉയരാറുണ്ട്, ചിലപ്പോള്‍ കൂട്ടത്തോടെ അടി നടത്താറുണ്ട്... എല്ലാം മുംബൈയുടെ ട്രയിന്‍ യാത്രയുടെ ഭാഗമാണ്. ഈ ട്രയിനുകള്‍ ഒരു മിനിട്ട് നിലച്ചാല്‍ മുംബൈ നിശ്ചലമാകും...

“ടപ്പേ.. ടപ്പേ...” കൈകള്‍ കൊണ്ട് ഒരുതരം പ്രത്യേക ശബ്ദ്ദം ഉണ്ടാക്കി ഒരു സാരിക്കാരി മുന്നില്‍ വന്ന് കൈ നീട്ടി.
ഒരു ചക്ക..!!
ആണിന്റെ ഭാവവും പെണ്ണിന്റെ ശരീരവും സ്ത്രണൈതയും ആയി ജീവിക്കുന്നവര്‍!പോക്കറ്റില്‍ കൈയിട്ടപ്പോള്‍ കിട്ടിയ രണ്ടു രൂപ എടുത്ത് അവര്‍ക്ക് നല്‍കി. കൈകള്‍ പ്രത്ര്യേകരീതിയില്‍ ചലിപ്പിച്ച് തലമുകളില്‍ കൊണ്ടുവന്ന് അനുഗ്രഹിച്ചിട്ട് അവള്‍ പോയി. ചക്ക കൈ നീട്ടിക്കഴിഞ്ഞാല്‍ എന്തെങ്കിലും കൊടുത്ത് അവരെ ഒഴിവാക്കികൊള്ളണം എന്നായിരുന്നു വീട്ടില്‍ നിന്ന് കിട്ടിയ ഉപദേശം.

വസായ് - വിറാര്‍ യാത്രയ്ക്കിടയില്‍ പലപ്പോഴും ആ ചക്കയെ കണ്ടു. ഒന്നോ രണ്ടോ നാണയതുട്ടുകളില്‍ ആ കണ്ടുമുട്ടലുകള്‍ അവസാനിക്കുകയായിരുന്നു.പെണ്ണിന്റെ മനസും ആണിന്റെയും പെണ്ണിന്റെയും പകുതി ശരീരവുമായി ജീവിക്കുന്ന അവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തോന്നിയില്ല.
അവരെങ്ങനെയും ജീവിക്കട്ടെ. പലപ്പോഴും അവള്‍(?) എന്നെ ശ്രദ്ധിക്കുന്നത് കണ്ടില്ലന്ന് നടിച്ച് നിവര്‍ത്തിപ്പിടിച്ച മലയാളപത്രത്തിലേക്ക് മുഖം പൂഴ്‌ത്തുകയാണ് ചെയ്യുന്നത്. വിരാറില്‍ ഇറങ്ങി റയില്‍‌വേപ്പാളം മുറിച്ച് കടന്ന് റോഡിലേക്കിറങ്ങുമ്പോഴും അവള്‍ എന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്
എനിക്കറിയാമായിരുന്നു. ഉ‌യര്‍ന്നു നില്‍ക്കുന്ന അവളുടെ മാറിടത്തില്‍ കണ്ണുടക്കി നിന്നിട്ടുണ്ടങ്കിലും ഒരിക്കല്‍ ‌പോലും ഞാനവളുടെ മുഖത്തേക്ക് നോക്കിയിട്ടില്ല.പക്ഷേ പുരുഷനായി ജനിക്കുകയും സ്ത്രിയായി ജീവിക്കേണ്ടിവരികയും ചെയ്യുന്ന അവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയത്
എന്നുമുതലാണ് ??

കുറെ ദിവസങ്ങളില്‍ അവളെ ട്രയിനില്‍ കണ്ടില്ല. ഒരു പക്ഷേ അവള്‍ തന്റെ യാത്രകള്‍ മറ്റൊരു സ്ഥലത്തേക്ക് ആക്കിയിരിക്കാം. അല്ലങ്കില്‍ ആര്‍‌ക്കെങ്കിലും രതിയുടെ സുഖം പകരാന്‍ ഇരുട്ടിന്റെ മറവില്‍ മറഞ്ഞതായിരിക്കാം. അവളെ കാണാതിരുന്നപ്പോള്‍ തന്റെ മനസ്സ് അസ്വസ്ഥമാകുന്നത്
എന്തിനാണ് ? ഏതോ ഒരു ഹിജഡ. ഏതാനും ആഴ്ചകളായി ട്രയിനില്‍ കാണുന്നു എന്നുള്ള പരിചയം മാത്രം. നാലാസപാറയില്‍ നിന്ന് ട്രയിന്‍ വിട്ടപ്പോള്‍ അവളുടെ ശബ്‌ദ്ദം ട്രയിനില്‍ കേട്ടു. ട്രയിനില്‍ പതിവിലും തിരക്ക് കുറവായിരുന്നു. മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുള്ള നാറ്റമുള്ള പുക
ട്രയിനിലേക്ക് അടിച്ചു കയറി. ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും ചുമവന്നു. പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫ് എടുത്ത് മുഖം പൊത്തി. അവളുടെ കൈയ്യടി ശബ്ദ്ദം എന്റെ തൊട്ടടുത്ത് ഞാന്‍ കേട്ടു. ഒരു രൂപാ നാണയം എടുത്ത് കൈയ്യില്‍ പിടിച്ചു. അവള്‍ കൈ നീട്ടിയപ്പോള്‍ നാണയം അവളുടെ
കൈയ്യിലേക്ക് ഇട്ടുകൊടുത്തിട്ട് എഴുന്നേല്‍ക്കാനായി തുടങ്ങി. അവള്‍ തന്റെ കൈയ്യില്‍ ചുരുട്ടിപിടിച്ചിരുന്ന ഒരു കടലാസ് ക‌ഷ്ണം എന്റെ മടിയിലേക്കിട്ടു. അവള്‍ കടലാസ് കഷ്ണം ഇടുന്നത് ആരെങ്കിലും കണ്ടിട്ടോ എന്ന് ഞാന്‍ പരിഭ്രമിച്ചു ചുറ്റും നോക്കി. ഭാഗ്യം ! ആരും കണ്ടിട്ടില്ല. ഞാനവളെ നോക്കി. ഒന്നും സംഭവിക്കാത്തതുപോലെ അവള്‍ അടുത്ത സീറ്റിലേക്ക് നടന്നിരുന്നു. അവള്‍ ചുരുട്ടിയിട്ട പേപ്പര്‍ ഞാന്‍ നിവര്‍ത്തി. അതിലെ മലയാള അക്ഷരങ്ങള്‍ എന്നെ ഭയപ്പെടുത്തി. ‘ ഉണ്ടങ്കില്‍ ഒരമ്പതു രൂപ തരുമോ? സീറ്റില്‍ തന്നെ ഇട്ടിരുന്നാല്‍ മതി’ . വൃത്തിയുള്ള കൈയക്ഷരത്തില്‍ എഴുതിയ ആ കുറിപ്പ് എന്നില്‍ എന്ത് വികാരമാണ് സൃഷ്ടിച്ചത്? ഭയമോ അത്ഭുതമോ ? ട്രയിന്‍ നിന്നപ്പോള്‍ അവസാനത്തെ യാത്രക്കാരനായാണ് ഞാന്‍ ഇറങ്ങിയത്. ഇറങ്ങുന്നതിനു മുമ്പ് ഞാനൊരമ്പത് രൂപ എടുത്ത് സീറ്റില്‍ വച്ചിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഞാന്‍ ട്രയിനിനുള്ളിലേക്ക് നോക്കി. അവള്‍ സീറ്റില്‍ നിന്ന് പണം എടുത്ത് തന്റെ ബ്ലൌസിനുള്ളിലേക്ക് തിരുകുന്നത് കണ്ടു. അവളെന്റെ നേരെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടെങ്കിലും അത് കണ്ടില്ലന്ന് നടിച്ച് ഞാന്‍ മുന്നോട്ട് നീങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നീടവളെ കാണുന്നത് .

അന്നാണ് ഞാനവളെ ശ്രദ്ധിക്കുന്നത്. കൈകളില്‍ നിറയെ കുപ്പിവളകള്‍. പച്ചകളറില്‍ ചുവന്ന പൂക്കളുള്ള സാരിയും പച്ച ബ്ലൌസും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. കാതുകളില്‍ ഞാത്ത് കമ്മല്‍. ശരിക്കും ഒരു സ്ത്രി. തലമുതല്‍ കാല്‍‌പാദംവരെ സൃഷ്ടിച്ചെടുത്തപ്പോള്‍ ഈശ്വരന് പറ്റിയ ഒരു
കൈപ്പിഴ ആയിരുന്നോ ഇവളുടെ ജന്മം.? പെണ്ണായി ജനിച്ചിരുന്നെങ്കില്‍ ഏതൊരു പുരുഷനും പ്രണയിക്കാനും കാമിക്കാനും തോന്നുന്ന അഭൌമ സൌന്ദര്യം അവള്‍ക്കുണ്ടായിരുന്നു. പക്ഷേ...?? അവളുടെ മുഖത്ത് നിറയുന്നത് സ്ത്രിയുടെ സ്‌ത്രൈണതയോ പുരുഷന്റെ പൌരഷമോ? ഇല്ല
അവളില്‍ പൌരഷം കാണാനില്ല.. അന്നും അവള്‍ ഒരു തുണ്ടു കടലാസ് മടിയിലേക്കിട്ടു. ‘വിരോധമില്ലങ്കില്‍ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?’ അവളുടെ കുറിപ്പിന് മറുപിടി നല്‍കണോ എന്ന് അല്പം ചിന്തിച്ചു. ഞാനെന്റെ ഫോണ്‍ നമ്പര്‍ ആ പേപ്പറില്‍ എഴുതി
9970554386 - ഷാജിന്‍ .
ആ പേപ്പര്‍ സീറ്റി ഇട്ടിട്ട് ഞാന്‍ ട്രയിനിറങ്ങി. എന്തിന് ഞാന്‍ ഫോണ്‍ നമ്പര്‍ കൊടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. ? കൊടുക്കേണ്ടിയിരുന്നില്ല..

അഞ്ചരയ്‌ക്കുള്ള ദാദര്‍ ട്രയിനില്‍ ഇരിക്കുമ്പോള്‍ ഒരു കോള്‍ എത്തി. 0250 തുടങ്ങുന്ന മുബൈയിലെ നമ്പരാണ്. ഞാന്‍ ഫോണ്‍ എടുത്തു.
“ഷാജിനല്ലേ?” ഒരു പെണ്‍ ശബ്ദ്ദം.
“അതെ...”
“ഇത് ഞാനാണ് ... രാവിലെ ഫോണ്‍ നമ്പര്‍ വാങ്ങിയ ആള്‍... മനസിലായോ?”
“ഇല്ല...”
അപ്പുറത്ത് ഒരു നിമിഷത്തെ നിശബ്‌ദ്ദത ഞാന്‍ തിരിച്ചറിഞ്ഞു.
“നിങ്ങള്‍ ചക്കയെന്ന് വിളിക്കുന്നവളില്‍ ഒരുവളാണ് ....” അവളുടെ ശബ്ദ്ദത്തിലെ മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു. .അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ഒഴുകുന്നുണ്ടാവും. നേര്‍ത്ത ഒരേങ്ങലോടെ അവള്‍ ഫോണ്‍ ‌വയ്ക്കുന്നത് ഞാനറിഞ്ഞു.

(തുടരും...)

Thursday, December 10, 2009

ഫാദറിന്റെ ധര്‍മ്മസങ്കടങ്ങള്‍

ക്രിസ്തുമസ് കരോളിനിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം ഒരു ക്രിസ്തുമസ് ഫാദറിനെ ഒപ്പിക്കാനാണ്. ഫാദറിന്റെ കുപ്പായവുംമുഖം‌മൂടിയും ഒക്കെവച്ച് കരോള്‍ തീരുന്നതുവരെ നടക്കാന്‍ അല്പം പ്രയാസം തന്നെയാണ്. (ഇപ്പോള്‍ കൂലിക്ക് ആളെ വിളിച്ചാണ്ക്രിസ്തുമസ് ഫാദറാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ’ക്രിസ്തുമസ് ഫാദറിന്റെ’ കൂലി 250 രൂപയായിരുന്നു. ഇടയ്ക്കിടെ ‘ഫ്ലക്സിയും’ ചെയ്തുകൊടുക്കണം).ഇപ്പോഴാണങ്കില്‍ ക്രിസ്തുമസ് ഫാദര്‍ ‘മാസ്ക് ‘ കിട്ടുന്നതുപോലെ പണ്ട് ഉണ്ടായിരുന്നത് പേപ്പര്‍ പള്‍പ്പ് കൊണ്ടുള്ളമുഖം മൂടിയായിരുന്നു. താടിമീശ നമ്മള്‍ തന്നെയുണ്ടാക്കണമായിരുന്നു. മുഖം‌മൂടിയില്‍ പേപ്പര്‍ ഒട്ടിച്ച് അതില്‍ പഞ്ഞി ഒട്ടിച്ചായിരുന്നുനീളന്‍ താടിയുണ്ടാക്കിയിരുന്നത്. ഫാദര്‍ വേഷം കെട്ടുന്നവന് ഒരിക്കലും പാകമായ ഫാദര്‍ കുപ്പായവും കിട്ടുകയില്ല. ഒന്നുകില്‍കുപ്പായം ഇറുകിപ്പിടിച്ച തായിരിക്കും ; അല്ലങ്കില്‍ ചേളാവുപോലെ ആയിരിക്കും. വയറിനുമുകളില്‍ ഒരു തലയിണയും കെട്ടിവയ്ക്കും.തീര്‍ന്നില്ല മുഖം മൂടി ഇളകിപ്പോകാതിരിക്കാന്‍ കുപ്പായത്തോട് ചേര്‍ത്ത് സേഫ്റ്റിപിന്നും കുത്തിയിട്ടുണ്ടാവും.


ഫാദറിന്റെ വേഷം കെട്ടിക്കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കണമെങ്കില്‍ ബാക്കിയുള്ളവരുടെ സഹായം കൂടി ഉണ്ടാ‍വണം. പിന്നെ ആകെയുള്ള ഒരു ഗുണംഎന്താണന്നുവച്ചാല്‍ ഹാപ്പിക്രിസ്തുമസ് പറഞ്ഞ് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളതുമാത്രമായിരുന്നു. (ഇന്നത്തെപ്പോലെ ടെക്നോളജി പത്തു-പതിനഞ്ച് കൊല്ലം മുമ്പ് വളരാതിരുന്നതുകൊണ്ട് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളഒരൊറ്റ കാരണം കൊണ്ട്മാത്രം ഫാദര്‍ ആകുന്നവര്‍ ഉണ്ടായിരുന്നു.)


കുപ്പായവും മുഖം മൂടിയും ഒക്കെ വച്ച് പത്തുപതിനഞ്ച് വീട്ടില്‍കയറുമ്പോഴേക്കും വിയര്‍ത്തുകുളിച്ചിരിക്കും.അല്പം മിനിങ്ങുന്നവനാണ്ഫാദറാകുന്നതെങ്കില്‍ കാപ്പിയുള്ള വീട്ടിലെത്തുമ്പോള്‍ ഫാദറൊന്ന് മുങ്ങും. ‘സാധനം’ സൂക്ഷിക്കാന്‍ ഏറ്റവും സേയ്ഫ് ആയ സ്ഥലംഫാദറിന്റെ കുപ്പായമാണന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അല്ലങ്കില്‍ മാന്റില്‍,മെഴുകുതിരി, തുടങ്ങിയ അല്ലറചില്ലറസാധനങ്ങള്‍ സൂക്ഷിക്കുന്ന സഞ്ചി എടുക്കാന്‍ ആളുകള്‍ കാഠുനില്‍ക്കുകയായിരിക്കും. ‘സാധനം’ സൂക്ഷിക്കുന്ന മറ്റൊരു സെയ്ഫ്സ്ഥലം ആയിരുന്നു ഈ തുണി സഞ്ചി. മറ്റുള്ളവര്‍ ഇടയ്ക്കിടെ മുങ്ങി ചാര്‍ജ് ആകുന്നതുപോലെ ഫാദറിന് മുങ്ങാന്‍ പറ്റുകയില്ല.സമയക്കുറവ് തന്നെ കാരണം. മുഖം മൂടി ഒക്കെ അഴിച്ച് സാധനം അകത്താക്കുമ്പോഴേക്കും കരോള്‍ രണ്ടുവീട് കഴിയും. ഈസമയകുറവ് പരിഹരിക്കാന്‍ ചില ഫാദേഴ്സ് ഒരു മാര്‍ഗ്ഗം വികസിപ്പിച്ചെടുത്തു. അത്യാവിശ്യമുള്ള സാധനം മിക്സാക്കി കുപ്പിയിലാക്കികുപ്പായത്തില്‍ സൂക്ഷിക്കുക. ഫാദറിന്റെ മുഖം മൂടിയുടെ വായ്ക്ക് ഒരു കിഴിത്ത ഇട്ടിട്ടുണ്ടാവും. ചാര്‍ജ് ചെയ്യണമെന്ന് തോന്നുമ്പോള്‍സ്ട്രോ എടുക്കുക.കുപ്പിയിലേക്ക് ഇടുക.വലിച്ചു കുടിക്കുക. വിജയകരമായി ഈ മാര്‍ഗ്ഗം ഫാദേഴ്സ് നടത്തിവന്നിരുന്നു. (ഇപ്പോഴത്തെമാസ്ക് ഊരാനും ഇടാനും എളുപ്പമായതുകൊണ്ട് ഈ മാര്‍ഗ്ഗം കാലാഹരണപ്പെട്ടുകഴിഞ്ഞു.).



വേഷം കെട്ടിയ ഫാദറിന് മൂത്രശങ്കയുണ്ടായാല്‍ എന്തുചെയ്യും. ഓടിച്ചെന്ന് സിബ്ബ് തുറന്നോ മുണ്ടു പൊക്കിയോ കാര്യം സാധിക്കാന്‍പറ്റുമോ? അതിനും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. ഒന്നുകില്‍ ആരെങ്കിലും ചുറ്റുപാടുകള്‍ പറഞ്ഞുകൊടുത്ത് പെടുപ്പിക്കണം. അല്ലങ്കില്‍ ആരുടേയും സഹായം ഇല്ലാതെ കാ‍ര്യങ്ങള്‍ നടത്തുകതന്നെ.ചിലപ്പോള്‍ കുറച്ചുമൂത്രം കാലേലോ തുണിയി ലോഒക്കെ വീണന്നിരിക്കും.ഒരിക്കല്‍ ഒരു ക്രിസ്തുമസ് ഫാദറിന് വല്ലാത്ത മൂത്രശങ്ക. പാട്ടുപാടുന്ന തിനിടയില്‍ നിന്ന് ഫാദര്‍ പിന്‍‌വലിഞ്ഞു. ഫാദര്‍ ചാര്‍ജ് ചെയ്യാന്‍ പോയതായിരിക്കും എന്ന് മറ്റുള്ളവര്‍ വിചാരിച്ചു. ഫാദര്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോയി നിന്നത് എരുത്തിലിന്റെ മുന്നില്‍. പണിപ്പെട്ട് കാര്യങ്ങളൊക്കെ നടത്തിക്കൊണ്ട് നില്‍ക്കുമ്പോള്‍ പെട്രോമാക്സിന്റെ വെളിച്ചം. എരുത്തിലില്‍ ചവച്ചുകൊണ്ട് തമ്പാറിന്റേയും മണിയുടേയും ശബ്ദ്ദത്തില്‍ വിറളിപിടിച്ച് നിന്ന കാള നോല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരുചുവപ്പന്‍. കാളയ്ക്കുണ്ടോ ഫാദറന്നോ ക്രിസ്തുമസന്നോ... കയറുപൊട്ടിച്ച് കാളഒരോട്ടം.കാളയുടെ ആദ്യകുത്ത് മിസായത് ഭാഗ്യം.ഫാദറിന്റെ ചന്തിക്ക് ഒരു പോറല്‍മാത്രം. നേരം വെളുത്തതിനുശേഷമാണ് കാളയെ തിരിച്ച് കിട്ടിയത്.



ക്രിസ്തുമസ് ഫാദര്‍ വേഷം കെട്ടിയവന് ബീഡി വലിക്കണം. കഷ്ടപ്പെട്ട് മുഖം‌മൂടി ഉയര്‍ത്തി വെച്ച് ചുണ്ടില്‍ ബീഡിവച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ച് ബീഡിയുടെ അടുത്ത് എത്തിച്ചു. ബീഡികത്തുന്നതിനുമുമ്പ് തലയിലേക്ക് കയറ്റിവച്ചിരുന്ന മുഖം‌മൂടിയുടെനീണ്ട പഞ്ഞിത്താടിയിലേക്ക് തീ കയറി.ഭാഗ്യത്തിന് ഫാദറിന്റെ അല്പം മുടി കരിഞ്ഞതല്ലാതെ മുഖം പൊള്ളിയില്ല.


ഒരിക്കല്‍ കരോള്‍ സംഘം റബ്ബര്‍ത്തോട്ടത്തിലൂടെ പോവുകയായിരുന്നു. കൂട്ടത്തില്‍ ആരോ ബീഡിക്കുറ്റി തോട്ടത്തിലേക്ക് ഇട്ടു.റബ്ബര്‍ത്തോട്ടം കഴിഞ്ഞ് രണ്ടുവീടിനപ്പുറം പാട്ടുപാടുമ്പോഴേക്കും റബ്ബര്‍ത്തോട്ടം കത്താന്‍ തുടങ്ങിയിരുന്നു.

Wednesday, December 9, 2009

കിണറ്റില്‍ വീണ ഫാദര്‍

ക്രിസ്തുമസ് കരോള്‍ എന്നു പറഞ്ഞാല്‍ ഒരുതരം അറുമാദിക്കലാണ്. ഉണ്ണിയേശു ജനിച്ച വര്‍ത്തമാനം എല്ലാ വര്‍ഷങ്ങളിലും നാട്ടുകാരുടെ വീടുകളില്‍ ചെന്നറിയിച്ചില്ലങ്കില്‍ അവര്‍ മറന്നു പോയാലോ? ക്രിസ്തുമസ് ആരും മറക്കാറില്ല. കലണ്ടറുകളില്‍ ചുവന്ന അക്കത്തില്‍ ഇരുപത്തഞ്ച് ഉള്ളടത്തോളം കാലം ക്രിസ്തുമസ് ആരും മറക്കത്തില്ല. ക്രിസ്തു ജനിച്ച വിവരം ഇടവകക്കാരെ അറിയിക്കുന്നതിലും പള്ളികമ്മിറ്റിക്ക് സന്തോഷം കരോളിനു കിട്ടിന്നു കാശ് ആണ്. പള്ളികമ്മിറ്റിക്കാര്‍ക്ക് ദേഹം അനങ്ങാതെ മീനെ പിടിക്കാന്‍ പറ്റുന്ന പണിയാണ് കരോള്‍ സര്‍വീസ്. എന്നുവച്ചാല്‍ പിള്ളാര് വീടുകളില്‍ ചെന്ന് പാട്ടുപാടും കൂടെ നിന്ന് കാശുവാങ്ങി പള്ളിഫണ്ടിലേക്ക് ഇടേണ്ട പണി മാത്രമേ കമ്മിറ്റിക്കാര്‍ക്ക് ഉള്ളു. പിള്ളാര്‍ക്കും സന്തോഷമാണ് , രണ്ടു ദിവസം രാത്രിയില്‍ മദയാന കാട്ടില്‍ നടക്കുന്നതു പോലെ നടക്കാം. ആര് ചോദിക്കാന്‍ ആരോട് പറയാന്‍ ...

എല്ലാവര്‍ഷം പോലെ ആ വര്‍ഷവും ക്രിസ്തുമസ് വന്നു. ഈറവെട്ടി സ്റ്റാറുണ്ടാക്കി എല്ലാം സെറ്റപ്പാക്കി. ഡ്രമ്മും സൈഡ്‌ഡ്രെമ്മും തോലെക്കെ മാറിയിട്ട് കുട്ടപ്പനാക്കി. പെട്രോമാക്സിന് പുതിയ മാന്റിലൊക്കെ ഇട്ട് ശരിയാക്കി വച്ചു. പള്ളിപ്പരിപാടിയാകുമ്പോള്‍ ഒരു കണ്‍‌വീന റൊക്കെ ആവിശ്യമാണ്. പക്ഷേ ക്രിസ്തുമസ് കരോളിന് കണ്‍‌വീനറെ കിട്ടാന്‍ പാടാണ്. കാശ് അങ്ങോട്ട് കൊടുത്ത് വെളിയില്‍ നിന്ന് ഒരാളെ കണ്‍‌വീനറാക്കി കൊണ്ടുവരാമെന്ന് വച്ചാലും ഒരുമാതിരിപെട്ടവാരാരും ഈ സ്ഥാനത്തേക്ക് വരാറില്ല. കാരണം വെള്ളമടി ക്കാത്തവന്‍ വരെ വെള്ളമടിച്ച് പാമ്പായി വരുന്ന ദിവസങ്ങളാണ് ക്രിസ്തുമസ് കരോള്‍ ദിവസങ്ങള്‍. കരോള്‍ ദിവസങ്ങള്‍ക്കു വേണ്ടിമാത്രം സ്‌പെഷ്യല്‍ വാറ്റ് ഉണ്ടാക്കുന്നവര്‍ ഉണ്ട്. പത്തുവീട്ടില്‍ പാട്ടുപാടുമ്പോള്‍ കിക്ക് ഇറങ്ങുന്നതാണ് ‘കരോള്‍ സ്‌പെഷ്യല്‍’. വീണ്ടും കിക്ക് ആകണമെങ്കില്‍ ഒരു പത്തൂടെ അടിക്കണം. എന്നു വച്ചാല്‍ വിട്ട് വിട്ട് അടിച്ച് അടിച്ച് നിന്നാല്‍ മാത്രമേ പാമ്പാകൂ.. കരോളിന്റെ ഇടയ്ക്ക് വച്ച് ഒരുത്തന് വീട്ടില്‍ പോകണമെന്ന് വച്ചാല്‍ വീട്ടില്‍ പോകുന്നതിന്റെ അരമണിക്കൂറിനു മുമ്പ് സാദനം അടിക്കാതിരുന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിവന്നതുപോലെ വീട്ടില്‍ തിരിച്ചു കയറാം. ( ബിവറേജസ് കോപ്പറേ ഷന്‍ ചില്ലറ-മൊത്തവിതരണം ആരംഭിക്കുന്നതിനുമുമ്പാണ് ഇതൊക്കെ സംഭവിച്ചത്). അവസാനം ക്രിസ്തുമസിന് ഒരു കണ്‍‌വീനറെ കിട്ടി. അച്ചാ‍യന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ കേട്ടോളാം എന്ന് കുട്ടിപട്ടാളം കോറസായി ഓശാന പാടിയതുകൊണ്ടാണ് അച്ചായന്‍ കണ്‍‌വീനറായത്. കഴിഞ്ഞ വര്‍ഷം കരോളിനു കാപ്പി കൊടുത്ത വീട്ടിലെ മുപ്പതുഗ്ലാസുകള്‍ മാന്ത്രികന്മാരെപ്പോലെ അപ്രത്യക്ഷരാക്കി കണ്ടത്തിന്‍ വരമ്പില്‍ പ്രത്യക്ഷപ്പെടുത്തിയ പിള്ളാരാണ് അച്ചായന് ഉപാധികള്‍ ഇല്ലാതെ പിന്തുണ കൊടുത്തത്.

കരോളിനായി എല്ലാവരും പള്ളിയില്‍ എത്തിയപ്പോള്‍ ഒരു പ്രശ്‌നം. ഫാദറാകാന്‍ ആളില്ല. കാറ്റ് കയറാത്ത ചുവന്ന കുപ്പായവും കണ്ണ് കാണാത്ത മുഖം‌മൂടിയും ഒക്കെവച്ച് ഏഴെട്ട് മണിക്കൂര്‍ ഫാദറാകാന്‍ ആളില്ല. വിളക്കുപിടിക്കുന്ന പിള്ളാര്‍ക്ക് പള്ളിപ്പെരുന്നാളിന് ദിവസം ഒന്നിന് രണ്ട് ഗ്ലാസുകള്‍ സമ്മാനം കൊടുക്കുന്നതുകൊണ്ട് വിളക്കു പിടിക്കാന്‍ ആളുണ്ട്. (ഇപ്പൊള്‍ വിളക്കു പിടിക്കാന്‍ ആളില്ലാത്തതുകൊണ്ട് വിളക്ക് പിടിക്കുന്നവന് 100 രൂപയും ഗ്യാസ് ലൈറ്റ് എടുക്കുന്നവന് 200 രൂപയും കൊടുക്കണം). ക്രിസ്തുമസ് ഫാദറില്ലാതെ കരോള്‍ പോകാന്‍ പറ്റില്ലല്ലോ? ഉണ്ണിയേശു ജനിച്ചില്ലങ്കിലും ക്രിസ്തുമസ് ഫാദറില്ലാതെ കരോള്‍ നടക്കില്ല. സമയം പോയ്ക്കൊണ്ടേ ഇരുന്നു. അച്ചയന്മാര്‍ ബീഡിവലിച്ചു ചിന്തിച്ചു. അച്ചായ്ന്മാര്‍ പുകച്ചു തള്ളിയ ബീഡിക്കുറ്റികള്‍ക്ക് തീകൊളുത്തി കൊച്ചച്ചായന്മാരും തങ്ങളുടെ ചിന്തകള്‍ക്ക് തീകൊളുത്തി. കുറച്ചുപേര്‍ മാറിനിന്ന് കിട്ടിയ സമയം കൊണ്ട് മിക്സിങ്ങ് ശരിയാക്കി സാധനം കുപ്പികളിലാക്കി അരകളില്‍ ഉറപ്പിച്ചു. എന്നിട്ടും ഫാദറാകാന്‍ ആളില്ല. അവസാനം കണ്‍‌വീനര്‍ അച്ചായന്‍ വാക്കാലുള്ള ഒരു ഓഫര്‍ നടത്തി. ഫാദറാകുന്നവന് കുപ്പി ഫ്രി!!!

ഫ്രിയെന്ന് കേട്ടാല്‍ ചാടിവീഴാത്ത മലയാളികള്‍ ഉണ്ടോ ? ഫാദറാകാനുള്ള ഓഫര്‍ സ്വീക രിച്ചു രണ്ടുമൂന്നുപേര്‍ മുന്നോട്ട് വന്നു. മൂന്നുപേര്‍ക്കും ഫാദര്‍ ആകണം. ഒരു ഫാദറിന്റെ ഒഴിവേ ഉള്ളുതാനും. അവസാനം ആരേയും നിരാശരാക്കാതെ ഒരു ഒത്തു‌തീര്‍പ്പു ഫോര്‍‌മുല ഉരിത്തിരിഞ്ഞു. മൂന്നു പേര്‍ക്കും ഫാദറാകാന്‍ അവസരം കൊടുക്കുക. ‘ഓഫര്‍ കുപ്പി‘ മൂന്നുപേര്‍ക്കുമായിട്ട് കൊടുക്കുക.കുറച്ചു വീടുകളില്‍ ഒരാള്‍ ഫാദറാകുക അതിനുശേഷം അടുത്തയാള്‍. പ്രശ്നങ്ങള്‍ പരിഹരിച്ച് കരോള്‍ സംഘം യാത്രയായി...

യേശുരാജന്‍ ജനിച്ചേ ഇന്ന് ...
ബേത്‌ലഹേം പുല്‍ക്കീട്ടില്‍ ...
ശീതമേറ്റേ ശിതമേറ്റേ...
ഉണ്ണിയേശുവിന് ശീതമേറ്റേ.....

ഇങ്ങെനെ പാട്ടുപാടിക്കൊണ്ടാണ് യാത്ര. വീടുകളില്‍ ചെന്ന് കരൊള്‍ പാട്ട് പാടി ദൂത് അറിയിച്ച് കിട്ടുന്നതുവാങ്ങി തിരിച്ചുപോരുന്ന പരിപാടിയില്ല കമ്മിറ്റിക്കാര്‍ക്ക്. പിടിച്ചു പറിച്ചു കൊണ്ടേ പോരത്തൊള്ളൂ... വീടിന് പുറത്ത് പിള്ളാര് ദൂത് അറിയിക്കുമ്പോള്‍ വീടിനകത്ത് കമ്മിറ്റിക്കാര്‍ സംഭാവനയ്ക്കുള്ള ബലം പിടുത്തത്തിലായിരിക്കും. പിടിച്ചുപറിച്ചാലും സന്തോഷ ത്തോടെ തന്നാലും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരൊറ്റ പാട്ടേ പാടൂ...

സതോഷ സൂചകമായി
തന്നതും സ്വീകരിച്ച് പോകുന്നേ
ഞങ്ങള്‍ ഞങ്ങള്‍ പോകുന്നേ...

ഇങ്ങനെ പാട്ടുപാടികൊണ്ട് ക്രിസ്തുമസ് ദൂതറിയിക്കലും സംഭാവനസ്വീകരിക്കലും ഗംഭീര മായി മുന്നേറി.. സംഭാവന കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരം ആകുമല്ലോ? നമ്മുടെ ഫാദറും നല്ല ഫോമിലായി തുടങ്ങി. ജന്മം ചെയ്താല്‍ കുപ്പായം ഊരി കൊടുക്കത്തില്ല. കൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറാത്തവരെപ്പോലെ ഫാദറും കടുമ്പിടിത്തം. കരോളിനുമുഴുവന്‍ തനിക്ക് ഫാദറാകണം. സന്ധി സംഭാഷണത്തിന് വന്ന കണ്‍‌വീനര്‍ ഫാദര്‍ മുഖം‌മൂടി പൊക്കിയ ഉടനെ പാമ്പായി അധികം സംഭാഷണത്തിന് നില്‍ക്കാതെ ബുദ്ധിപൂര്‍വ്വം പിന്മാറി.

പെട്രോമാക്സിന്റെ വെളിച്ചം എല്ലാ‍യിടത്തും എത്താന്‍ പാടാണ്. ഇടയ്ക്കിടയ്ക്ക് കാറ്റടിക്കാന്‍ മറന്നാല്‍ വെളിച്ചം മങ്ങിക്കാന്‍ പെട്രോമാക്സ് മറക്കാറില്ല. ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക് കരോള്‍ സംഘം പോവുകയാണ്. ശരിക്കുള്ള വഴിയിലൂടെ തന്നെ വീട്ടില്‍ ചെല്ലണമെന്ന് നിയമം ഇല്ലാത്തതുകൊണ്ട് ഇടവഴികളിലൂടെ ഒക്കെയാണ് യാത്ര. അടുത്ത വീട്ടിലേക്ക് കയറണമെങ്കില്‍ നടക്കാന്‍ മാത്രമുള്ള വീതിയുള്ള നടപ്പാതയിലൂടെ പോകണം. ഈ വഴിയുടെ ഓരത്ത് കെട്ടാത്ത് കിണറും ഉണ്ട്. കിണറ്റില്‍ ആരും വീഴാതിരിക്കാന്‍ ഒരു പെട്രോമാക്സുകാരന്‍ കിണറിനടുത്ത് നില്‍പ്പുണ്ട്. ഫാദറല്ലേ കണ്ണുശരിക്ക് കാണത്തില്ലല്ലോ എന്ന് വിചാരിച്ച് ആരോ ഫാദറിന്റെ കൈക്ക് പിടിച്ചു വഴി തെറ്റിക്കാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചു.
“എന്റെ കൈയ്യില്‍ നിന്ന് വിടടാ %%@@@## ... നീ എന്നെ പിടിക്കാറായോ ...ഈ വഴിയിലൂടെ ഞാന്‍ കണ്ണടച്ച് പോകാറുള്ളതാ...” എന്ന് ഫാദര്‍പറഞ്ഞതും പരോപകാരി കൈവിട്ടു. ഫാദര്‍ കിണറിന് അടുത്തെത്താറായതും പെട്രോമാക്സ് പണിപറ്റിച്ചു. പെട്രോമാക്സ് കണ്ണടച്ചതും ഫാദര്‍ കാലെടുത്ത് വച്ചത് കിണറ്റിലേക്കും....

ധിം... കൂഴച്ചക്ക കിണറ്റില്‍ വീണതുപോലെ ഫാദര്‍ കിണറ്റില്‍...

സഹപാമ്പുകള്‍ കിണറ്റില്‍ച്ചാടാന്‍ തയ്യാറായെങ്കിലും പാമ്പുകള്‍ അല്ലാത്തവര്‍ അവരെ വലിച്ചുമാറ്റി. കിണറ്റില്‍ കിടക്കുന്ന ഫാദര്‍ കം പാമ്പ് തലയുയര്‍ത്തി അരിഞ്ഞാണത്തില്‍ പിടിച്ച് കിടപ്പുണ്ട്. എല്ലാവരുംകൂടി ഫാദറിനെ പൊക്കിയെടുത്തു. ഭാഗ്യത്തിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല.ഫാദറിനെ കണ്‍‌വീനര്‍ ഏറ്റെടുത്ത് ഫാദറിന്റെ വീട്ടിലെത്തിച്ചു. സൂര്യന്‍ തലയ്ക്കു മീതെ എത്തിയപ്പോള്‍ ഫാദര്‍ തലേന്നത്തെ കെട്ടല്ലാം ഇറങ്ങിയപ്പോള്‍ കണ്‍‌വീനറിന്റെ വീട്ടില്‍ എത്തി.

“അച്ചായോ ...അച്ചായോ..” ഫാദറായവന്റെ വിളികേട്ട് കണ്‍‌വീനര്‍ വീട്ടില്‍ നിന്ന് ഇറങ്ങി വന്നു.

“അച്ചായാ ഇന്നലത്തെ കുപ്പായത്തിന്റെ പോക്കറ്റില്‍ ഒരു കുപ്പി ഇട്ടിട്ടുണ്ടായിരുന്നു..... കിണറ്റില്‍ നിന്ന് കയറ്റിവിട്ടപ്പോള്‍ കുപ്പായത്തില്‍ നിന്ന് കുപ്പി എടുക്കാന്‍ മറന്നുപോയി ....”

പച്ചയ്ക്ക് നിന്ന കണ്‍‌വീനര്‍ രണ്ട് പച്ചതെറിവിളിച്ചപ്പോള്‍ ഫാദര്‍ തിരിച്ചു നടന്നു. ഇപ്പോള്‍ കിട്ടിയതിന് വൈകിട്ട് പലിശ സഹിതം തിരിച്ചു കൊടുക്കാമല്ലോ???

(ക്രിസ്തുമസ് തീരുന്നതുവരെ കരോള്‍ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...)
: :: ::