Saturday, October 20, 2007

പരശുരാമന്‍ വരുമോ??

പരശുരാമന്റെ ആശ്രമത്തില്‍ ആകെ ബഹളമാണ്.കേരളപ്പിറവിക്ക് ഇനി രണ്ടര ആഴ്ചയേയുള്ളൂ. കേരളത്തില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.പരശുരാമനാണങ്കില്‍ ഒരാഴ്ചയായി ഇന്റെര്‍നെറ്റിന്റെ മുന്നിലാണ്.ഭക്ഷണം പോലും ശരിക്ക് കഴിക്കുന്നില്ല.പണ്ടേ ശരീരം മെലിഞ്ഞതാണ്.ഒരോ എല്ലാം എണ്ണിയെടുക്കാം.(ചിലരങ്ങനാണ്എത്രതിന്നാലും ശരീരത്തിലേട്ട് കയറത്തില്ല.).ട്രേഡ്‌മാര്‍ക്കായ താടി അല്പം കൂടി വെളുത്തു.ഡൈ ചെയ്യാന്‍ പോലുംസമയം എടുക്കുന്നില്ല.

ആശ്രമവാസികള്‍ ആകെ പരിഭ്രമത്തിലാണ്.തയ്യാറെടുപ്പുകള്‍ ഉടന്‍‌തന്നെ ആരംഭിച്ചില്ലങ്കില്‍ കേരള യാത്ര അവതാളത്തിലാകും.പാതാളത്തിലും ഇതുതന്നെയാണ് സ്ഥിതി.പരശുരാമന്‍ പറഞ്ഞിട്ടുവേണം അവര്‍ക്കും തയ്യാറെടുപ്പുകള്‍ആരംഭിക്കാന്‍.പതാളവാസികള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തി പരിചയ മുള്ളതുകൊണ്ട് പ്രശ്നമില്ല.അതുപോലല്ലല്ലോആശ്രമവാസികള്‍.അവരുടെ കന്നി കേരളയാത്രയാണ്. എന്തും സംഭവിക്കാം.ചിലപ്പോള്‍ യാത്രതന്നെ വേണ്ടാന്ന്വയ്‌ക്കാം.അങ്ങനെ യാത്ര വേണ്ടാന്നുവെയ്ക്കാന്‍ പറ്റുമോ????

എന്തും വരട്ടെയെന്ന് കരുതി ഒരു ആശ്രമവാസി പരശുരാമന്റെ അടുത്തെത്തി.പരശുരാമന്റെ ചുറ്റിനും ഇരിക്കുന്നകമ്പ്യൂട്ടറില്ലാം ഒരൊറ്റ സേര്‍ച്ചിംങ്ങ് മാത്രം.‘ഇന്‍ഷ്വുറന്‍സ്സ് ‘!!.
“അങ്ങ് ഒരാഴ്ചകൊണ്ട് ഇന്‍ഷ്വുറന്‍സ്സ് എന്നുപറഞ്ഞുകൊണ്ട് ഇവിടെതന്നെ ഇരിക്കുകയാണല്ലോ?, അങ്ങേയ്ക്ക് എന്താണ്പറ്റിയത് ? “ ആശ്രമവാസി ചോദിച്ചു.
“ എടോ നമ്മുടെയാത്രയ്ക്ക് പറ്റിയ ഇന്‍ഷ്വുറന്‍സ്സ് ഉണ്ടോന്ന് നോക്കുവാ”
“എന്തിനാണ് അങ്ങേയ്ക്ക് പോളിസി..”
“എടോ പണ്ട് ഞാന്‍ എറിഞ്ഞുണ്ടാക്കിയ കേരളമല്ല ഇന്നത്തേത്..നാടാകെമാറിയെന്നാ മഹാബലി പറഞ്ഞത്... പോളിസിഎടുത്തില്ലങ്കില്‍ എനിക്കെന്തെങ്കിലും ഏനക്കേട് പറ്റിയാല്‍ ആര് കാശ് തരും?സ്വന്തം ചികിത്സക്ക് ഖജനാവീന്ന്കാശ് എടുക്കാനാണങ്കില്‍ ഇവിടിത്തെ ഖജനാവ് കേരളത്തിലെ ഖജനാവുപോലെയാ..ഒരൊറ്റ പൈസയില്ല”
“അങ്ങയെ ആരും ഉപദ്രവിക്കത്തില്ലന്നേ.അങ്ങ് ചെന്നില്ലങ്കില്‍ നാട്ടുകാര്‍ക്ക് എന്ത് കേരളപ്പിറവി... അങ്ങേയ്ക്ക് ഏതുതരം വാഹനമാണ് യാത്രയ്‌ക്കായി ബുക്ക് ചെയ്യേണ്ടത് എന്നുപറഞ്ഞാല്‍......... ?? ”
“എടോ ഞാന്‍ നടന്നുതന്നെ പൊയ്ക്കോളാം... വിമാനത്തില്‍ പോകണമെന്ന് വിചാരിച്ചതാ.. ഇനിയത് ഏതായാലും വേണ്ടാ”
“അതെന്താണ് പ്രഭോ ?”
“ഒരുവര്‍ഷത്തിനു മുമ്പ് കേരളത്തിലെ ഒരു മന്ത്രി വിമാനത്തില്‍ കയറിയതിന്റെ ഏനക്കേട് ഇതുവരെ
മാറിയിട്ടില്ല..എന്തിനാടാ അറിഞ്ഞുകൊണ്ട് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. ”

എതായാലും അവരുടെ സംഭാഷണം അവിടെ നിലച്ചു.പരശുരാമന്‍ കേരളത്തിലേക്ക് പോകാന്‍‌തന്നെ തീരുമാനിച്ചു.കേരളത്തിലിപ്പോള്‍ ബോഡിപാര്‍ട്‌സ് പോളിസിവരെയുണ്ടന്നാകേട്ടത്.എന്തല്ലാം വന്നു. എന്തെല്ലാം പോയി.കേരളമാകെമാറിക്കാണും.പണ്ട് താന്‍ ദാനം ചെയ്ത് കേരളം പച്ചപ്പുതപ്പ് വിരിച്ചതിന് സമാനമായിരുന്നു.വലിയപ്രതീക്ഷകളോടൊന്നുംകേരളത്തിലേക്ക് ചെല്ലേണ്ടയെന്നാണ് ബലി പറഞ്ഞത്.കേരളത്തില്‍ ചെന്നാല്‍ തന്നെ ആരെങ്കിലും തിരിച്ചറിയുമോ?പരശുരാമന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു.രാജ്യഭാരം ഇല്ലാതായവനും ഗള്‍ഫിലെ ജോലിപോയവനും ഒരുപോലെയാണ്. വെറുതെയിരുന്ന് പഴയ കാര്യങ്ങള്‍ ചിന്തിക്കാം.അതിനാര്‍ക്കും ടാക്സ് കൊടുക്കേണ്ടായല്ലോ???
പരശുരാമന്‍ മഹാബലിയെ വിളിച്ചു.മഹാബലിയുടെ എണ്ണത്തോണിയിലെ ചികിത്സ കഴിയാറായി. മഹാബലി വേണ്ടതയ്യാറെടുപ്പുകളെക്കുറിച്ച് ക്ലാസ് നല്‍കി.പരശുരാമന്‍ അതെല്ലാം റെക്കാര്‍ഡ് ചെയ്‌തു.എപ്പോഴും മഹാബലിയെ വിളിച്ച്ബുദ്ധിമുട്ടിക്കേണ്ടായല്ലോ?**********************************************************************************************************************************ആശ്രമത്തിലെ പശുപാലകരുടെ മുറിയില്‍ അലാറാം അടിച്ചു.പരശുരാമന്റെ വിളിയാണ്.പശുപാലകരില്‍
രണ്ടുപേര്‍ഓടി പരശുരാമന്റെ മുന്നിലെത്തി.ടിവിയില്‍ ഒരു ‘മോള് ‘ തിറയാട്ടം പോലെ പാട്ടുപരുപാടി നടത്തുന്നു.പാവക്കുട്ടിചാടുന്നതുപോലെ തു‘ല്ലി’ച്ചാടുന്നു.
“എന്താണാവോ പ്രഭോ വിളിച്ചത് ? “
“എടോ പുള്ളിപശുവിനെ കൂട്ടത്തില്‍ വിട്ടോടാ... ???“
“ഇല്ല... പ്രഭോ...”“എന്തോന്നാടാ നിനക്കൊക്കെ ജോലി... ആശ്രമത്തെ തിന്നുമുടിക്കാനായിട്ട് ഇരുന്നോളും... നിനക്കൊക്കെ പറ്റിയത്കേരളത്തിലെ സര്‍ക്കാര്‍ ജോലിയാ... അതാവുമ്പോള്‍ ഒരിട ത്തിരുന്നു കൊടുത്താല്‍ മതിയല്ലോ? “
“ഇപ്പോള്‍ തന്നെ ചെയ്യാം പ്രഭോ..”
“ശരി..ശരി..”പരശുരാമന്‍ പറഞ്ഞു.
പരശുരാമന്‍ ടിവിയിലേക്ക് നോക്കി.കൊച്ചിന്റെ പാട്ടുപരിപാടി കഴിഞ്ഞിട്ടില്ല.ഏതായാലും ഈ കൊച്ചിന്റെ ചാട്ടം തരക്കേടില്ലന്ന് പരശുരാമന് തോന്നി.ഏതായാലും കൊച്ച് ചാടുന്നതുകൊണ്ടാണ ല്ലൊതാന്‍ പുള്ളിപശുവിനെ കൂട്ടത്തില്‍ വിടുന്ന കാര്യം ഓര്‍ത്തത്. ഈ കൊച്ചിന്റെ ഒരു കാര്യം. ഇതിനെ മലയാളികള്‍എങ്ങനെ സഹിക്കുന്നു.മഹാബലിപറഞ്ഞത് പാട്ടുപരിപാടികളില്‍ സമ്മാനം കിട്ടണമെങ്കില്‍ ശരിക്ക് തുള്ളളമെന്നാ.ആ തുള്ളലിനെ ആണത്രെ ‘പെര്‍ഫോര്‍മന്‍സ് ‘ എന്നു പറയുന്നത്. ഏതായാലും യേശുദാസിന്റെയും ചിത്രയുടേയുംകാലത്ത് പാട്ടുപരിപാടികള്‍ വരാതിരുന്നത് കാര്യമായി.

“ഹായ് പരശൂ... ഞാന്‍ റെഡി..”പരശുരാമന്‍ നോക്കി.തിലോത്തമ !!.ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഹൈഹീല്‍ഡില്‍ പൊങ്ങിപൊങ്ങി വരുന്നു.(പ്രിയപ്പെട്ട വായനക്കാരേ ക്ഷമിക്കണം,പറയാന്‍ വിട്ടുപോയതാണ്.തിലോത്തമയെ പരശുരാമന്റെ പ്രൈവറ്റ്സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ്. പാതാളത്തില്‍ ചെന്നപ്പോള്‍ ബലിയുടെ പ്രൈവറ്റ് സെക്രട്ടറിയായസുന്ദരിയമ്മയെ കണ്ടതിനുശേഷ മാണ് പരശുരാമനും ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ ആവിശ്യകത മനസിലായത്.ഇപ്പോള്‍ എല്ലാ വലിയ വലിയ ആളുകളും സുന്ദരിയായ പ്രൈവറ്റ് സെക്രട്ടറിയുമായി മാത്രമേ സഞ്ചരിക്കാറുള്ളുവെ ന്ന്ബലിപറഞ്ഞതും പരശുരാമന്‍ ഇന്ദ്രന്റെയടുത്ത് ആളെവിട്ടു.രംഭയ്ക്കും ഉര്‍വ്വശിക്കും മാര്‍ക്കറ്റ് ഇടിഞ്ഞു നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് പരശുരാമന്‍ തിലോത്തമയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കേരള സന്ദര്‍ശനം കഴിയുമ്പോള്‍ തിലോത്തമയെ തിരിച്ചു വിടണമെന്നാണ് ഇന്ദ്രന്റെ കല്പന)

പരശുരാമന്‍ തിലോത്തമയെ സൂക്ഷിച്ച് നോക്കി..
“എന്തോന്നാടി നിന്റെ ടി ഷര്‍ട്ടില്‍ എഴുതിവച്ചിരിക്കുന്നത് ...ഈ രീതിയില്‍ നിന്നെകൊണ്ട് കേരള ത്തില്‍ ചെന്നാല്‍നാട്ടുകാര്‍ നിന്നെ ഓടിച്ചിട്ട്..... “പരശുരാമന്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തി.പരശുരാമന്‍ പറഞ്ഞതുകേട്ട് തിലോത്തമടി ഷര്‍ട്ടിലേക്ക് നോക്കി...ടി ഷര്‍ട്ടിലെ എഴുത്ത് തിലോത്തമ വായിച്ചുനോക്കി..” KISS ME "
“എടീ തിലോത്തമയേ നീ പോയി കേരളത്തിന്റെ തനത് വസ്ത്രം ധരിച്ചോണ്ട് വാ....” പത്തുമിനിട്ടുനുള്ളില്‍ തിലോത്തമ വസ്ത്രം മാറിയെത്തി.പരശുരാമന്റെ കണ്ണിലെ കോപം അടങ്ങിയില്ല.
“എന്തോന്നാടി നീ ഇട്ടേക്കുന്നത് ?“
“ചുരിദാറാണ് തമ്പുരാനേ..”
“എന്റെ തിലോത്തമേ ഇതാണോ കേരളത്തിന്റെ തനത് വസ്ത്രം? .. സെറ്റ്സാരിയില്ലേടി?”
“തമ്പുരാനേ കേരളത്തില്‍ നവംബര്‍ ഒന്നിനും,തിരുവോണത്തിനും മാത്രമേ സെറ്റ് സാരിയുടുക്കാറുള്ളൂ. അതുമല്ല കേരളത്തിന്റെതനതുവസ്ത്രമായി ചുരിദാര്‍ അംഗീകരിച്ചും കഴിഞ്ഞു..”
“ശരി..ശരി.. നിന്റെ കഴുത്തില്‍ എന്തോന്നാടി?”
“ഷാളാണ് തിരുമനസ്സേ..”
“അത് കഴുത്തിലിടാനാണോ?... മാറത്തിടാനാണോ??”
“അങ്ങ് കോപിക്കരുത്... ഷാള്‍ കഴുത്തിലൂടെ പുറത്തോട്ട് ഇടുന്നതാണിപ്പോള്‍ ഫാഷന്‍... ഇപ്പോ ചാനലില്‍ വാര്‍ത്ത വായിക്കുന്നവരും പാട്ടുപാടുന്നവരും എല്ലാം ഇങ്ങനെയാണ് ഷാള്‍ ഇടുന്നത് ...”
“എടീ തിലോത്തമേ... പണ്ട് കേരളത്തിലുള്ള പെണ്ണുങ്ങള്‍ക്ക് മാറുമറക്കാന്‍ അവകാശമില്ലായിരുന്നു. അവിടെയുണ്ടായിരുന്നപെണ്ണുങ്ങള്‍ സമരം ചെയ്താ മാറുമറക്കാനുള്ള അവകാശം നേടിയെടുത്തത്. അതാണ് നീയൊക്കെ ഇല്ലാതാക്കുന്നത്..”
“സൌന്ദര്യ ബോധമില്ലാത്തവര്‍..വെറുതെ സമരം ചെയ്തു....”തിലോത്തമ ശബ്ദ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലുംപരശുരാമന്‍ കുറച്ച് കേട്ടു.പരശുരാമനതങ്ങോട്ട് ശരിക്ക് മനസ്സിലായില്ല.
“നീ എന്താ പറഞ്ഞത് ? “ പരശുരാമന്‍ ചോദിച്ചു.
“കേരളത്തിലുള്ളവര്‍ പണ്ടേ സമരം ചെയ്യാന്‍ മിടുക്കരായിരുന്നുവെന്ന് പറഞ്ഞതാ “ തിലോത്തമ പിറുപിറുത്തുകൊണ്ട്പുറത്തേക്കിറങ്ങി.
***********************************************************************************************************************************
പരശുരാമനും സംഘവും കേരളത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.പരശുരാമന്‍ അവസാനഘട്ട പരിശോധനയ്ക്ക് ഇറങ്ങി.കൊണ്ടുപോകാനുള്ള സാധനങ്ങളുടെ കൂടെ പത്തമ്പത് കന്നാസുകള്‍ കൂട്ടി വച്ചിരിക്കുന്നു.പരശുരാമന്‍ലാപ്‌ടോപ്പ് ഓണാക്കി.മഹാബലിയുടെ മെയില്‍ ഒന്നുകൂടി വായിച്ചു.കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുടെപട്ടികയില്‍ കന്നാസുകള്‍ ഇല്ല.
“എന്തോന്നാടാ ഇത് ? “ പരശുരാമന്‍ ചോദിച്ചു.
“കന്നാസാണു പ്രഭോ....”
“ഇത് കന്നാസാണന്ന് മനസ്സിലായി..... എന്തിനാണന്നാണ് ചോദിച്ചത് “
ആരും മിണ്ടിയില്ല. പരശുരാമന്‍ ചോദ്യം ആവര്‍ത്തിച്ചു.
“അങ്ങ് കോപിക്കരുത്..... തെറ്റാണങ്കില്‍ ക്ഷമിക്കണം... കേരളത്തിലൊരു സമ്മാന പദ്ധതിയുണ്ട്.....”
“മുഖവുരവേണ്ട , കാര്യം പറ... “
ആയിരം രൂപയുടെ വാറ്റ് ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സമ്മാനം നല്‍കുന്നുണ്ട്...” പരശുരാമന്‍ ഒരു വശത്തേക്ക് വീണു.പരശുരാമന്റെ കൈയ്യില്‍നിന്ന് ലാപ്‌ടോപ്പ് തെറിച്ചു. പരശുരാമന്റെ ആശ്രമത്തിലേക്ക്ആബും‌ലനന്‍സ് പാഞ്ഞെത്തി.ആശ്രമവാസികള്‍ പരശുരാമനെ താങ്ങി ആബുംലന്‍സില്‍ കയറ്റി.ആബുംലന്‍സ്സുശ്രുതന്റെ ‘ആശ്രമം കം ആ‍ശുപത്രി‘ ലക്ഷ്യമാക്കി പാഞ്ഞു.
*****************************THE END*******************************************
പരശുരാമന്‍ : കേരളം മഴുഎറിഞ്ഞ് സൃഷ്ടിച്ചത് പരശുരാമനാണന്ന് വിശ്വസിക്കുന്നു.
മഹാബലി :കേരളം ഭരിച്ചിരുന്ന അസുരചക്രവര്‍ത്തി.
തിറയാട്ടം : കേരളത്തില്‍ നിലവിലിരിക്കുന്ന ഒരു പ്രാകൃതനാടക രൂപം .
തിലോത്തമ:അപ്‌സര സ്‌ത്രി.തിലോത്തമയുടെ സൌന്ദര്യം കാണുന്നതിനുവേണ്ടിയാണ് ശിവന് നാലുമുഖങ്ങളും, ഇന്‍‌ന്ദ്രന് ആയിരം കണ്ണുകളും ഉണ്ടായത്.
സുശ്രുതന്‍ : വിശ്വാമിത്രന്റെ പുത്രനായ ചികിത്സകന്‍‍.ആയുര്‍വ്വേദ ഗ്രന്ഥമായ സുശ്രുതസംഹിതയുടെ കര്‍ത്താവ്.

Friday, October 12, 2007

വര്‍ക്കിച്ചേട്ടന്റെ മരണവും കുറെ സംശയങ്ങളും

“സംഭവിച്ചതെല്ലാം നല്ലതിന് സംഭിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കൂന്നതും നല്ലതിന്”. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ തന്റെ സഹോദരന്മാരുംബന്ധുക്കളും ഗുരുക്കന്മാരും ശത്രുപാളയത്തില്‍ നില്‍ക്കുന്നതുകണ്ട് തേരില്‍ തളര്‍ന്നുവീണ അര്‍ജ്ജുനന് കൃഷ്ണഭഗവാന്‍ നല്‍കിയ ഉഅപദേശം.ആ ഉപദേശംആണല്ലോ കുരുക്ഷേത്രയുദ്ധത്തില്‍ ജയിക്കാന്‍ പാണ്ഡവരെ സഹായിച്ചതും.

സംഭവിച്ചതെല്ലാം നല്ലതിന് ആയിരുന്നോ?വര്‍ക്കിച്ചേട്ടന്‍ ആലോചിച്ചു.ഒരുത്ത‌രം കണ്ടുപിടിക്കാന്‍ വര്‍ക്കിച്ചേട്ടന് കഴിഞ്ഞില്ല.കിട‌ക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല.ആരങ്കിലും എഴുന്നേ ല്‍പ്പിച്ച് നടത്തിയാല്‍ അല്പം നട‌ക്കും അത്രമാത്രം.’ആവുന്ന കാലത്ത് ഓടിനടന്നിരുന്ന മനുഷ്യനാ’. മനുഷ്യരുടെസഹതാപം കേള്‍ക്കുന്നത് വര്‍ക്കിച്ചേട്ടന് പുച്ഛമാണ്.വയ്യാത്തകാലത്ത് ആരങ്കിലും ഓടിനടക്കുമോ?

ചെറുപ്പത്തിലേ വര്‍ക്കിച്ചേട്ടന്‍ ആ മലയോരത്ത് കുടിയേറിയതാണ്.കാട് വെട്ടിത്തെളിച്ച് കുറേ ഭൂമിയുണ്ടാക്കി. അതില്‍ കൃഷിയിറക്കി.ആനയിറങ്ങി കുറേനശിപ്പിച്ചാലും ബാക്കി കിട്ടുന്നതുകൊണ്ട് കഴിഞ്ഞു പോകാം.കാലം ആയപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ അയിലോക്കത്തെ അന്നമ്മച്ചേടത്തിയെ പരിണയിച്ചു. അന്നമ്മച്ചേടത്തിയെ പലരും ആനചേച്ചിയെന്ന് വിളിച്ചിരുന്നു.വിളിക്കാനുള്ള സൌകര്യം കൊണ്ടല്ല,അന്നമ്മച്ചേടത്തിക്ക് രൂപഭംഗികൊണ്ട് ആനചേച്ചിഎന്ന പേരുതന്നെ ആയിരുന്നു യോജിച്ചത്.

വര്‍ക്കിച്ചേട്ടന്റെയും അന്നമ്മച്ചേടത്തിയുടേയും ദാമ്പത്യവള്ളിയില്‍ നാല് മൊട്ടുകള്‍ പുഷ്പിച്ച് ഫലങ്ങ ളായി. ആ നാലു ഫലങ്ങളേയും ആള്‍ത്താരയ്ക്കു മുന്നില്‍നിര്‍ത്തി അന്ത്രയോസ്, ഫിലിപ്പോസ്, പത്രോസ്, മത്തായി എന്നിങ്ങനെ പേരിട്ടു.വര്‍ക്കിച്ചേട്ടനും അന്നമ്മച്ചേടത്തിയും വീട്ടകാരും നാട്ടുകാരും അറിയാ തെ ഒരു പെണ്‍കുഞ്ഞിനു വേണ്ടി പട്ടണത്തിലെ അമ്പലത്തില്‍ പോയി ഉരുളി കമഴ്ത്തി.ഉരുളി കമ ഴ്ത്തിയതുകൊണ്ടോ ദൈവം സഹായിച്ചതു കൊണ്ടോ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ്ജനിച്ചു. അതി നവര്‍ എസ്‌ഥേര്‍ എന്ന് പേരിട്ടു.ഉരുളി കമഴ്ത്തി ഉണ്ടായതുകൊണ്ടാണോ അതോ അമ്മയില്‍ നിന്ന് കിട്ടിയതാണോ എന്നറിയില്ല,എസ്‌ഥേര്‍നടക്കുന്നതുകണ്ടാല്‍ ഒരു കുട്ടകം ഉരുണ്ടു വരുകയാണന്നേ തോന്നുകയുള്ളു.

അങ്ങാടി കടവത്ത് കടത്തുവള്ളത്തിന് പകരം ബയ്‌ലിപാലവും,സ്ഥിരപാലവും വന്നു. കാളവണ്ടി പോയ മണ്‍‌റോഡ് ഹൈവേ പോലെയാണിന്ന്.അതിലൂടെ ഇന്‍ഡിക്കായും സെന്നും ഒഴുകി.കുടിയേറ്റ കവലയില്‍ പണ്ട് പത്മനാഭന്റെ ചായപ്പീടിക മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്ന് കുടിയേറ്റ കവലയില്‍ നിറയെ കടകളായി.നാട്ടിലെ സര്‍വ്വകിണറ്റിലെ വെള്ളം പറ്റിയാലും കടകളില്‍ ഇഷ്ടം പോലെ പെപ്സിയും കൊക്കോകോളയും കിട്ടും.കവലയുടെ സമീപംവലിയ ഒരു കുരിശും മൂട്.കുരിശും മൂടിന് സ്ഥലം കൊടുത്തതും പണം നല്‍കിയതും വര്‍ക്കിമുതലാളിയാണ്.അതുകൊണ്ട് ആളുകള്‍ ആ കുരിശും‌മൂടിനെവര്‍ക്കികുരിശ് എന്ന് വിളിച്ചു.

ഈ വര്‍ക്കിമുതലാളി ആരാണന്ന് അറിയാമോ?നമ്മുടെ പഴയ വര്‍ക്കിച്ചേട്ടന്‍ തന്നെ.മക്കളെല്ലാം അങ്ങ് ഗള്‍ഫിലാണ്.പഴയ ഓലപ്പുരയുടെ സ്ഥാനത്ത്ഇന്ന് ഒരു മണിമാളികയാണ്.കക്കൂസില്‍ വരെ ഫോണുണ്ടന്നാണ് ആള്‍ക്കാര്‍ പറയുന്നത്.വീട്ടിലെ സ്ഥിരം പണിക്കായ് അഞ്ചാറു പണിക്കാര്‍ ഉണ്ടത്രെ.പട്ടിയെ കുളിപ്പിക്കുക,പൂന്തോട്ടം നനയ്ക്കുക,തുടങ്ങിയവയാണ് അവരുടെ പണി.
വര്‍ക്കിച്ചേട്ടന്‍ വര്‍ക്കിമുതലാളിയായപ്പോള്‍ പഴയ കൃഷിപ്പണി നിര്‍ത്തി.ഇപ്പോള്‍ വീട്ടില്‍ ഇരുന്നാല്‍ മതി.തമിഴ്നാട്ടിലെ കൃഷിയിടത്തിലേയും,മൂന്നാറിലെഎസ്റ്റേറ്റിലെ പണികളെല്ലാം മൊബൈല്‍ വച്ച് നിയന്ത്രിക്കാം.എന്നാലും വര്‍ക്കിമുതലാളിക്ക് ഒരു ദു:ഖമുണ്ട്.തന്റെ സന്തോഷം പങ്കിടാന്‍ അന്നമ്മ ച്ചേടത്തിയില്ലല്ലോ എന്ന ദു:ഖം .പത്തുവര്‍ഷം മുമ്പ് അന്നമ്മച്ചേടത്തിയെ ഒടേ തമ്പുരാന്‍ മുകളിലോട്ട് വിളിച്ചു.

കുടിയേറ്റ മേഘലയിലെ രാജാവായി വാഴുമ്പോള്‍ ഒരു ദിവസം വര്‍ക്കിമുതലാളി കുളിമുറിയിലെ ടൈലില്‍ തെന്നി വീണു.നടുവിന്റെ സ്ക്രു അകന്നു.കാലുരണ്ടും നാലായി.അങ്ങനെ വര്‍ക്കിമുതലാളി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ പൊതിഞ്ഞ ജീവനുള്ള പ്രതിമയായി കട്ടിലില്‍ കിടന്നു.കിടക്കുന്ന കിടപ്പില്‍തന്നെ ഒന്നും രണ്ടും സാധിച്ചു.കുളിമുറിയിലെ വീഴ്ച അങ്ങനെ ഒടുവിലത്തെ വീഴ്ചയായി.
രണ്ടുമാസം കഴിഞ്ഞ് പ്ലാസ്റ്റര്‍ എടുത്തെങ്കിലും വര്‍ക്കിമുതലാളി ഒരു തീരാരോഗിയായി തീര്‍ന്നു. പ്രഷര്‍, ഷുഗര്‍,കിഡ്നിക്ക് തകരാറ് എന്നുവേണ്ട നാട്ടിലുള്ളസര്‍വ്വമാന അസുഖങ്ങളും വര്‍ക്കി മുതലാളിക്ക് പിടിപെട്ടു. ഒരു ദിവസം വര്‍ക്കിച്ചേട്ടന്റെ ബോധം മറഞ്ഞു.(വായനക്കാരേ വര്‍ക്കി മുതലാളി വര്‍ക്കിച്ചേട്ടന്‍ആയത് ശ്രദ്ധിച്ചിരിക്കുമല്ലോ... കിടപ്പായാല്‍ മുതലാളി എന്ന സ്ഥാനം നഷ്ട്പ്പെടുന്ന താണ്.)ഒരു രക്ഷയും ഇല്ല ഡോക്ട്രര്‍മാര്‍ പറഞ്ഞു.ഒരാഴ്ചയ്ക്കുള്ളില്‍മരിക്കും അറിയിക്കേണ്ടവരെ യെല്ലാം അറിയിച്ചോ എന്ന് ഡോക്ട്രര്‍ പറയേണ്ട താമസം മക്കള്‍ക്കെല്ലാം ഫാക്സ് പോയി. ബന്ധുക്കള്‍ കല്ലറയും കെട്ടിച്ചു.

മക്കളും മരുമക്കളും കൊച്ചുമക്കളും ഓടിയെത്തി സ്നേഹത്തോടെ വര്‍ക്കിച്ചേട്ടനെ ശുശ്രൂഷിച്ചു. വര്‍ക്കിച്ചേട്ടന് ബോധം വീഴാനായി അവര്‍ പ്രാര്‍ത്ഥിച്ചു.ഏതൊക്കെ സ്ഥലങ്ങള്‍ ആര്‍ക്കൊക്കെ ആണന്ന് അറിയണമല്ലോ? ഒരാഴ്ചകഴിഞ്ഞു.വര്‍ക്കിച്ചേട്ടന് ഒരു മാറ്റവും ഇല്ല.മക്കളുടേയും മരുമക്കളു ടേയുംസ്നേഹത്തിന്റെ അളവ് കുറഞ്ഞു.ഓറഞ്ചുനീര് കൊടുത്ത അന്ത്രയോസ് അത് കഞ്ഞിവെള്ളമാക്കി. രണ്ടാഴ്ച കഴിഞ്ഞു.കയ്യാലപ്പുറത്തെ തേങ്ങ പോലെവര്‍ക്കിച്ചേട്ടന്‍ കട്ടിലില്‍ കിടന്നു.മൂന്നാമത്തെയാഴ്ച കഴിഞ്ഞതോടെ മക്കളുടേയും മരുമക്കളുടേയും തനി കൊണം പുറത്തു വന്നു.മരുന്നുകള്‍ പോലും കൃത്യസമയത്ത് കൊടുക്കാതായി.

“മുടിഞ്ഞ തന്തയങ്ങ് ചത്തായിരുന്നെങ്കില്‍ അങ്ങ് പോകാമായിരുന്നു.ഇങ്ങേരൊട്ട് ചാവത്തും ഇല്ല... മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഒരോന്നങ്ങ് കിടന്നോളുംചെന്നിട്ട് നൂറുകൂട്ടം പണികളുള്ളതാ...” ഫിലിപ്പോസ് പത്രോസിനോട് പറഞ്ഞു.
"നിനക്ക് മാത്രമല്ലടാ പണിയുള്ളത്.;എന്റെ ഇളയകൊച്ചിന് രണ്ടു വയസ്സ് കഴിഞ്ഞു.അടുത്ത് വര്‍ഷം അതിനെ എല്‍.കെ.ജി.യില്‍ അഡ്‌മിഷന്‍കിട്ടണമെങ്കില്‍ കോച്ചിങ്ങിന് വിടണം.മൂത്തവള്‍ നാലിലാ... അവള്‍ക്ക് എന്‍‌‌ട്രന്‍സ് കോച്ചിങ്ങുള്ളതാ...” പത്രോസ്സും പറഞ്ഞു.
“ഞാന്‍ അടുത്താഴ്ച തിരിച്ചു പോകും...അപ്പന്‍ ചത്താലും കൊള്ളാം ജീവിച്ചാലും കൊള്ളാം.. എനിക്ക് മൂന്നാറിലെ എസ്റ്റേറ്റ് വേണം..”മത്തായി പറഞ്ഞു.
“അതേ ഇപ്പോഴേ പെണ്‍പിള്ളാര്‍ക്കും അപ്പന്റെ സ്വത്തിന്റെ ഓഹരി കിട്ടാന്‍ കോടതിവിധിയുണ്ട്.... അപ്പന്‍ എന്താണ് എനിക്ക് തരുന്നതെന്ന്അറിയാനാ ഞാന്‍ വന്നത്..അല്ലാതെ അപ്പനെ നോക്കാനല്ല” എസ്‌ഥേറും തീര്‍ത്തു പറഞ്ഞു.

അപ്പന് ബോധം തെളിയാതെങ്ങനെ വീതംവയ്‌ക്കും.അപ്പന്‍ പ്രമാണത്തില്‍ ഒപ്പിടേണ്ടേ?അതിനവരൊരു വഴി കണ്ടെത്തി.പ്രമാണം എഴുതിഅപ്പന്റെ വിരലടയാളം പതിപ്പിക്കുക.

മക്കളുടെ വിഷമം വര്‍ക്കിച്ചേട്ടന് മനസ്സിലായി.ബോധം ഇല്ലങ്കിലും വകതിരുവിനുള്ള സാമാന്യ ബോധം ഉള്ളിലുണ്ട്.ഇനി ബോധം തെളിഞ്ഞിട്ടുംവലിയ കാര്യം ഇല്ലന്ന് ചേട്ടന് അറിയാം.മക്കള്‍ക്ക് തന്നെയല്ല തന്റെ സ്വത്താണ് വേണ്ടത്.ബോധം തെളിഞ്ഞിട്ടും ബോധം ഇല്ലാത്തവനെ പോലെ വര്‍ക്കിച്ചേട്ടന്‍ കിടന്നു.ഇനി ബോധം തെളിഞ്ഞ് മക്കളെ കണ്ടിട്ട് വലിയ കാര്യമില്ലന്ന് വര്‍ക്കിച്ചേട്ടന് അറിയാം.കുറച്ച് വിഷം കിട്ടിയിരുന്നെങ്കില്‍അത് കുടിച്ച് മരിക്കാമായിരുന്നു.അപ്പന്റെ ശവമടക്കിന് വന്ന പിള്ളാര് എത്രെനാളന്ന് വെച്ചാണ് ജോലിയും കളഞ്ഞ് അപ്പന്‍ ചാവുന്നതും നോക്കിയിരിക്കുന്നത്?ഒട്യേ തമ്പുരാന്‍ എന്താണാവോ തന്നെ വിളിക്കാത്തത്?????

ഒരു സുപ്രഭാതത്തില്‍ മക്കളെല്ലാം കൂടി അപ്പനെ കുളിപ്പിച്ച് കിടത്തി.സ്നേഹത്തോടെ മരുന്നെടുത്ത് കൊടുത്തു.മക്കളെല്ലാം സ്നേഹത്തോടെ അപ്പന്റെവലതുതള്ളവിരല് തലോടി.വര്‍ക്കിച്ചേട്ടന് കാര്യം മനസ്സിലായി.മുദ്രപ്പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതിന്റെ തയ്യാറെടുപ്പാണ്.മക്കളെല്ലാം രണ്ടുദിവസത്തിനുള്ളില്‍ തിരിച്ചുപോകുമെന്ന് അവരുടെ സംസാരത്തില്‍ നിന്ന് വര്‍ക്കിച്ചേട്ടന് മനസ്സിലായി.

പ്രഭാതത്തില്‍ മക്കള്‍ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ മുറിയില്‍ അപ്പന്‍ ഇല്ല. അന്വേഷ്‌ണ മായി.എഴുന്നെറ്റ് നടക്കാന്‍ വയ്യാത്ത മനുഷ്യനാണ്.പിന്നെങ്ങനെ മുറിയില്‍ നിന്ന് പുറത്ത് പോകും. അന്വേഷ്‌ണസംഘം നാനാവഴിക്കായി നീങ്ങി.വര്‍ക്കിച്ചേട്ടന്‍ എവിടെ??????
വര്‍ക്കിച്ചേട്ടനെ അന്വേഷിച്ചിറങ്ങിയ ഒരു സംഘം വര്‍ക്കിച്ചേട്ടനെ കണ്ടെത്തി. പള്ളിസെമിത്തേരിയില്‍ തനിക്കായി കെട്ടിയിണ്ടാക്കിയ കല്ലറയില്‍വര്‍ക്കിച്ചേട്ടന്‍ മരിച്ചുകിടക്കുന്നു.

പ്രിയപ്പെട്ട വായനക്കാരെ ഇതൊരു ഡിക്റ്ററ്റീവ് കഥയല്ലാത്തതുകൊണ്ട് കഥയിവിടെ അവസാനിക്കുകയാണ്.വര്‍ക്കിച്ചേട്ടന്‍ എങ്ങനെ കല്ലറവരെയെത്തി?മരണകാരണം എന്താണ്?ഇത് ആത്മഹത്യയോ?കൊലപാതകമോ?കൊലപാതകമാണങ്കില്‍ ആര്?എന്തിന്?ഇങ്ങനെ കുറേ ചോദ്യങ്ങള്‍ വര്‍ക്കിച്ചേട്ടന്റെമരണം ഉയര്‍ത്തുന്നു.നിങ്ങള്‍ക്ക് വേണമെങ്കില്‍ അന്വേഷ്‌ണത്തിനിറങ്ങാം..... എങ്കിലും ഒരു കാര്യം സത്യമാണ്....
വര്‍ക്കിച്ചേട്ടന്‍ മരിച്ചു.......

Saturday, October 6, 2007

പരശുരാമന്‍ കേരളത്തിലേക്ക്!!!!

ചിന്തകള്‍ക്കവസാനം പരശുരാമന്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നു.കേരളത്തിലേക്കു പോവുകതന്നെ!.കേരളരൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തിന് മുഖ്യാതിഥിയായി എത്തിച്ചേരണമെന്ന് കേരളസര്‍ക്കാര്‍ ഒരു വര്‍ഷമായി ആവിശ്യപ്പെടുകയാണ്.ആവിശ്യം അംഗീകരിച്ചതായി പരശുരാമന്‍ കേരളത്തിലേക്ക് ഫാക്സ് അയച്ചു.

താന്‍ മഴു എറിഞ്ഞിട്ട് അമ്പതു വര്‍ഷമേ ആയിട്ടുള്ളോ എന്ന് പരശുരാ‌മന് സംശയം തോന്നി. ആ സംശയം ന്യായം തന്നെ അല്ലേ?കേരളം ആകെ മാറിയിട്ടുണ്ടാവും.ദേവലോകവും പാതാളവും വരെ വയര്‍ലസ്സ് കമ്യൂണിക്കേഷന്‍ നടക്കുന്ന കാലത്ത് കേരളം എങ്ങനെ മാറാതിരിക്കും!.. ഏതായാലും കേരളത്തിലേക്ക് ഒറ്റയ്ക്കുപോകാന്‍ വയ്യ.ആരെയെങ്കിലും കൂടെ കൂട്ടണം.കേരളത്തെക്കുറിച്ച് ശരിക്ക് അറിയാവുന്ന ഒരാളാവണം,അന്വേഷ്ണത്തിനൊടുവില്‍ പരശുരാമന് കൂട്ടുകാരനെ കിട്ടി,മാവേലി തമ്പുരാന്‍!!

പരശുരാമന്‍ മാവേലി തമ്പുരാനെ കാണാനായി പാതാളത്തില്‍ എത്തി.പരശു എത്തിയപ്പോള്‍ മാവേലി എണ്ണതോണിയില്‍ കിടക്കുകയായിരുന്നു.ഭരണം നഷ്ടപ്പെട്ടിട്ടും മാവേലിക്ക് അഹങ്കാരത്തിന് കുറവൊന്നും വന്നിട്ടില്ലന്ന് പരശുവിന് തോന്നി.തന്നെ കണ്ടിട്ട് ആളൊന്ന് എഴുന്നേല്‍ക്കുന്നതു പോലുമില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ താന്‍ മാവേലിയെ കുറിച്ച് ചിന്തിച്ചത് തെറ്റായിരുന്നുവെന്ന് പരശുരാ‌മന് മനസ്സിലായി.കഴിഞ്ഞ ഓണത്തിന് പോയിവന്നതിന് ശേഷം മാവേലി എണ്ണതോണിയില്‍ കയറി കിടന്നതാണ്.ഒന്നരമാസം ആ കിടപ്പ് തുടരണ‌മെന്നാണത്രെ പാതാള വൈദ്യന്മാരുടെ ഉപദേശം. ഒരൊറ്റദിവസം മാവേലി കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചതേയുള്ളൂ.മാവേലിയുടെ നടുവിന്റെ നട്ടും ബോള്‍ട്ടും ലൂസായി.എവിടെ നിന്നോ ബുള്‍ഡോസറിന്റെ ഇടിയും കിട്ടി.ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞതുപോലെ ,ചിക്കന്‍‌ഗുനിയായും പിടിച്ചു.

പരശുരാമന്‍ താന്‍ വന്ന കാര്യം മാവേലിയോട് പറഞ്ഞു.പരശുരാമന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി മാവേലി പരശുരാമന്റെ കൂടെ ചെല്ലാമെന്ന് സമ്മതിച്ചു.പക്ഷെ ഒരു പ്രശ്നമുണ്ട്;ആണ്ടില്‍ ഒരു പ്രാവിശ്യമേ കേരളത്തില്‍ പോകാന്‍ മാവേലിക്ക് അനുവാദമുള്ളു.വ്യക്തമായി പറഞ്ഞാല്‍ മാവേലിക്ക് തന്റെ പാസ്‌പോര്‍ട്ട് ആണ്ടില്‍ ഒരൊറ്റതവണയേ കിട്ടുകയുള്ളൂ.ഓണം കഴിഞ്ഞ് തിരിച്ച് വരു‌മ്പോള്‍ പാസ്‌പോര്‍ട്ട് വിഷ്ണുവിനെ തിരിച്ചേല്‍പ്പിക്കുകയും വേണം.പണ്ട് ചവിട്ടി താഴത്തിയപ്പോള്‍ മുതലുള്ള നിബന്ധനയാണ്.അതിനിതുവരെ ഒരു വെത്യാസവും വന്നിട്ടില്ല.

പാസ്‌പോര്‍ട്ട് വാങ്ങിതരുന്ന കാര്യം ഏറ്റന്ന് പറഞ്ഞ് പരശുരാമന്‍ ദേവലോകത്തേക്ക് വിട്ടു.വിഷ്ണുവിനെ കണ്ട് പാസ്‌പോര്‍ട്ട് ഒന്നു തരണമെന്ന് പറയണം.തരത്തില്ലന്ന് പറഞ്ഞാല്‍ എന്തുചെയ്യും?അതുകൊണ്ട് നേരിട്ട് ചോദിക്കുന്നതിലും നല്ലത് തന്റെ ഗുരുവായ പരമശിവനെക്കൊണ്ട്ചോദിപ്പിക്കുന്നതാണ്.

വൈകുണ്ഠയാത്ര ക്യാന്‍സല്‍ ചെയ്ത് പരശുരാമന്‍ കൈലാസത്തിലേക്ക് പോയി.കൈലാസത്തിന്റെ വാതിക്കല്‍ ഗണപതി നില്‍പ്പുണ്ട്.സന്തോഷത്തോടെ ഗണപതി പരശുരാമനെ സ്വീകരിച്ചു.അച്ഛന്‍ ഉറങ്ങുകയാണന്നും അല്പം കാത്തിരിക്കാനും ഗണപതി പറഞ്ഞു.ഗണപതിക്കുണ്ടായ വകതിരുവില്‍ പരശുരാമന് സന്തോഷം തോന്നി.പണ്ട് താന്‍ ഗുരുവിനെ കാണാന്‍ വന്നപ്പോള്‍ ഗണപതിതന്നെ തടഞ്ഞതും തമ്മിലടിയുണ്ടായതും താന്‍ ഗണപതിയുടെ ഒരു കൊമ്പ് വെട്ടിയതെല്ലാം പരശുരാമന്‍ ഓര്‍ത്തു.

ശിവന്‍ എഴുന്നേറ്റപ്പോള്‍ പരശുരാമന്‍ തന്റെ ആവിശ്യം അറിയിച്ചു.പരശുരാമനെ ശിവനങ്ങനെ തള്ളാന്‍ പറ്റുമോ?പണ്ട് തന്റെ വാക്ക് കേട്ട് ആയുധങ്ങളൊന്നും ഇല്ലാതെ അസുരന്മാരെവധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവനാണ് പരശുരാമന്‍! പിന്നീടാണ് താനവന് ഒരു മഴു കൊടുത്തത്.ആ മഴുകൊണ്ട് അവന്‍ കേരളം ഉണ്ടാക്കിയെങ്കിലുംഅതെല്ലാം ദാനം ചെയ്തവനാണ്.ശിവന്‍ ഉടന്‍ തന്നെ വിഷ്ണുവിനെ വിളിച്ച് കാര്യം പറഞ്ഞു.ആദ്യം വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പരശുരാമനു വേണ്ടിയാണന്ന് പറഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് കൊടുക്കാമെന്ന് വിഷ്ണു പറഞ്ഞു.(മഹാവിഷ്ണുവിന്റെ ,ഭാര്‍ഗ്ഗവവംശത്തിലെ അവതാരമായിരുന്നു പരശുരാമന്‍)

സന്തോഷവര്‍ത്തമാനം അറിയിക്കാനായി പരശുരാമന്‍ വീണ്ടും പാതാളത്തില്‍ എത്തി.എണ്ണത്തോണിയില്‍ റെസ്റ്റ് ചെയ്യുന്ന മഹാബലിയുമായി തങ്ങളുടെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്തു.ഒരാഴ്ച മുമ്പെങ്കിലും പോയാലെ സമയത്ത് കേരളത്തില്‍ എത്തുകയുള്ളൂയെന്ന് പരശുരാമന്‍ പറഞ്ഞു.അതിന്റെ ആവിശ്യം ഇല്ലന്നും ഇപ്പോള്‍ പാതാളവും കേരളവും തമ്മില്‍ വലിയ ‘സമയ’വെത്യാസമില്ലന്ന് മാവേലി പറഞ്ഞു.കേരളത്തില്‍ നിന്ന് പാതാളത്തിലെക്ക് വരാന്‍ അഞ്ചു മിനിട്ടും പോകാന്‍ ഒരുമണിക്കൂറും മതിയെന്ന് മാവേലി പറഞ്ഞത് പരശുരാമന് മനസ്സിലായില്ല.

മാവേലി ചൂണ്ടിയ ഭാഗത്തേക്ക് പരശുരാമന്‍ നോക്കി.മുകളില്‍ നിന്ന് രക്തത്തുള്ളികള്‍ താഴേക്ക് വീഴുന്നു.പാതാളത്തില്‍ ഇപ്പോള്‍ ‘ബ്ലഡ്‌ലസ്സ് ‘ ദണ്ഡനങ്ങളാണ് നടക്കുന്നതെന്നാണ് കേട്ടിരിക്കുന്നത്.അപ്പോള്‍ ഈ ചോര? മാവേലി പറഞ്ഞു “ എന്റെ പരശുരാമാ അത് കേരളത്തിലെഏതോ ഗട്ടറില്‍ വീണ് മരിച്ച നിര്‍ഭാഗ്യവാന്റെ ചോരയാണ്.ആ ഗട്ടര്‍ വഴി നമുക്ക് എളുപ്പം കേരളത്തില്‍ എത്താം.” ആ പറഞ്ഞത് പരശുരാമന് മനസ്സിലായി. നവംബര്‍ ഒന്നിന് കാണാമെന്ന് പറഞ്ഞ് പരശുരാമന്‍ പാതാളത്തില്‍ നിന്ന് യാത്രയായി!!!!!
: :: ::